ഗുരുവായൂർ : പ്രശസ്ത കർണാടകസംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ കച്ചേരി രാഗഭാവങ്ങളുടെ സംഗീതസാഗരം തീർത്തു. ബുധനാഴ്ച രാത്രിയിലെ സ്പെഷ്യൽ കച്ചേരി ആസ്വദിക്കാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയം നിറഞ്ഞിരുന്നു. ഹരികാംബോജി രാഗത്തിൽ 'എന്തുകു നിർദയ' എന്ന ത്യാഗരാജകൃതി പാടിയായിരുന്നു ആരംഭിച്ചത്. എൻ. സമ്പത്ത്(വയലിൻ), നാഞ്ജിൽ അരുൾ(മൃദംഗം), തിരുവനന്തപുരം ആർ. രമേഷ്(ഘടം) എന്നിവരായിരുന്നു പക്കമേളം. ബുധനാഴ്ച ആദ്യത്തെ സ്പെഷ്യൽ കച്ചേരി സംഗീത ശിവകുമാറിന്റേതായിരുന്നു. ഭൂഷാവലി രാഗത്തിൽ 'ഗോചനന്ദന' ദ്വിജാവന്തിയിൽ 'ചേതശ്രീ ബാലകൃഷ്ണം' തുടങ്ങിയ കീർത്തനങ്ങളോടെയായിരുന്നു ആരംഭം. അവസാനം വെട്ടിക്കവല ശശികുമാർ നാഗസ്വരക്കച്ചേരിയും അവതരിപ്പിച്ചു. ബാബു കൂടെ വായിച്ചു. തിടനാട് വേണുഗോപാലും അനൂപ് വേണുഗോപാലും തകിൽ വായിച്ചു.