തൃശ്ശൂർ : വൈദ്യുതി കുടിശ്ശിക വരുത്തിയതിന് സിവിൽ സ്റ്റേഷനിലെ അഞ്ച് ഓഫീസുകളുടെ കണക്ഷൻ ബുധനാഴ്ച രാവിലെ വിച്ഛേദിച്ചു. അടയ്ക്കാമെന്ന ഉറപ്പിൽ വൈകീട്ട് പുനഃസ്ഥാപിച്ചു. സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പ്, അച്ചടി വകുപ്പ്, ശിശുസംരക്ഷണസമിതി, കെമിസ്റ്റ് ആൻഡ് ഡ്രഗ്‌സ് വകുപ്പ്, കോടതിയുടെ റിക്കാർഡ് റൂം എന്നിവയുടേതായി വന്ന 30,4037 രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ചാണ് വൈദ്യുതി വിച്ഛേദിച്ചത്.

ഇൻഷുറൻസ് ഓഫീസിന് വൈദ്യുതി ഇല്ലാത്തതിനാൽ പ്രവർത്തിക്കാനുമായില്ല.

കളക്ടറേറ്റിൽ അഞ്ചും ആറും ഓഫീസുകൾക്ക് ഒരു മീറ്റർ എന്ന കണക്കിലാണ് വൈദ്യുതിവിതരണം ചെയ്യുന്നത്. ഓരോ ഓഫീസിനും എത്ര തുകയാണെന്ന് അറിയാനുള്ള സംവിധാനം ഇല്ല.

ഇങ്ങനെ പല ഓഫീസുകൾചേർന്നുള്ള സംവിധാനത്തിൽ കുടിശ്ശിക വരുത്തിയവ സിവിൽ സ്റ്റേഷനിൽ ഇനിയുമുണ്ട്. ബുധനാഴ്ച വിച്ഛേദിച്ച ഓഫീസുകളേക്കാൾ കൂടുതൽ കുടിശ്ശിക അവയിൽ പലതിനുമുണ്ട്.

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, അഡ്വക്കേറ്റ്‌സ് ക്ലാർക്ക്‌സ് റൂം, ജില്ലാ ഹോമിയോപ്പതി ഓഫീസ് എന്നിവ ചേർന്നുള്ള ഗ്രൂപ്പിൽ കുടിശ്ശിക 6.33 ലക്ഷംരൂപയാണ്.

കളക്ടറുടെ ഓഫീസുകളുടെ കുടിശ്ശിക 2.97 ലക്ഷംരൂപയും. ജില്ലാ റൂറൽ പോലീസിന്റെ ഓഫീസുകളുടേതായി 6.92 ലക്ഷംരൂപയുടെ കുടിശ്ശികയാണുള്ളത്. കോടതികളുടേതായി 1.62 ലക്ഷവും ബാർ അസോസിയേഷന്റേതായി 2.24 ലക്ഷം രൂപയും കുടിശ്ശികയുണ്ട്. മൂന്നു കൊല്ലത്തിലേറെയായുള്ള കുടിശ്ശികയാണിത്.