തൃപ്രയാർ : വ്യാജ മദ്യശേഖരവുമായി യുവാവ് എക്സൈസ് പിടിയിലായി. തൃത്തല്ലൂർ എരണേഴത്ത് ലിജിനാണ്(35) പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 56 കുപ്പികളിലായി 28 ലിറ്റർ മദ്യം പിടികൂടി.

പ്രമുഖ ബ്രാൻഡുകളുടെ വ്യാജമദ്യമാണ് കണ്ടെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ കൊണ്ടുവരുന്ന മദ്യം വീട്ടിലെത്തിച്ചശേഷം സമീപത്തെ കുറ്റിക്കാട്ടിൽവെച്ചാണ് ആവശ്യക്കാർക്ക് നൽകിവന്നിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ എ.ബി. സുനിൽകുമാർ, ഫാബിൻ പൗലോസ്, ടി.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ആർ. ആന്റണി, നീതു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.