കുതിരാൻ : ഇരട്ടക്കുഴൽത്തുരങ്കങ്ങളിൽ ഒന്ന് തുറന്നുകൊടുത്തതോടെ കുതിരാൻ മേഖലയിലുണ്ടാകുന്ന അപകടങ്ങൾക്ക് അവസാനമാകുമെന്ന്‌ പ്രതീക്ഷ. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ ഏറ്റവും ഇടുങ്ങിയ റോഡ് ഉള്ളതും അപകടസാധ്യത കൂടിയ മേഖലയും കുതിരാൻ ആണ്. നിലവിൽ പാലക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തുരങ്കത്തിനകത്തുകൂടി കടന്നുപോകുന്നതോടെ കുതിരാൻ മേഖല വൺവേ ആയി മാറി.

ഏതെങ്കിലും വാഹനങ്ങൾ അപകടത്തിൽപ്പെട്ടാലോ കേടുവന്ന്‌ റോഡിൽ നിന്നാലോ മറ്റു വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനുള്ള വീതി, വൺവേ ആയതോടുകൂടി കൈവന്നു. ഏഴ്‌ മീറ്ററാണ് നിലവിലെ റോഡിന്റെ വീതി. ഇരുഭാഗങ്ങളിലും ഒരു മീറ്റർ വീതി വർധിപ്പിക്കുകയും ചെയ്തു. കുതിരാനിലെ അപകടങ്ങളുടെ ചരിത്രമെടുത്താൽ ഭൂരിഭാഗം അപകടങ്ങളും നേരിട്ടുള്ള കൂട്ടിയിടിയും ഇറക്കം ഇറങ്ങിവരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ചും കൊക്കയിലേക്ക്‌ മറിഞ്ഞുമാണ് ഉണ്ടായിട്ടുള്ളത്.