കുതിരാൻ : കുതിരാൻമലയിൽനിന്ന് അടർന്നുവീണ കൂറ്റൻ പാറക്കല്ല് സമീപത്തെ വീടിനുസമീപം ചെന്നുവീണു. ഇരുമ്പുപാലം സ്വദേശിയായ ചാത്തമലയിൽ മാത്യുവിന്റെ വീടിനു സമീപത്താണ് പാറക്കല്ല് വന്നുവീണത്.
കുതിരാൻ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് തുരങ്കത്തിനു മുകളിലുള്ള മരങ്ങൾ മുറിച്ചു നീക്കിയപ്പോൾ ഇളകിയ വലിയ പാറക്കല്ലുകളിലൊന്നാണ് താഴേക്ക് പതിച്ചത്. വീണ പാറക്കല്ല് വീട്ടിൽ ഇടിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കുതിരാൻ മേഖലയിലെ മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണിത്. തുരങ്ക നിർമ്മാണത്തിനുവേണ്ടി സ്ഫോടനങ്ങൾ നടത്തിയതിനെത്തുടർന്ന് പാറക്കെട്ടുകൾക്ക് വലിയ ആഘാതം സംഭവിച്ചിരുന്നു.
ഇത്തരത്തിൽ ഇളകിനിൽക്കുന്ന പാറകൾ വേറെയും മുകളിലുണ്ട്. എപ്പോൾ വേണമെങ്കിലും അവ താഴേക്ക് വീഴുമെന്ന ആങ്കയിലാണ് തങ്ങളെന്ന് ഇവിടെയുള്ള കുടുംബങ്ങൾ പറയുന്നു.
മഴ ശക്തമായാൽ മരം മുറിച്ചുനീക്കിയ സ്ഥലത്തുനിന്ന് പാറയും മണ്ണും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇക്കാര്യത്തിൽ അധികൃതർ അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.