ഉദ്ഘാടനദിവസം നിക്ഷേപിച്ചത് ആയിരം കുഞ്ഞുങ്ങളെ

പട്ടിക്കാട് : ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെയും വനവാസികളുടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്ന് ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു. പീച്ചി ഡാമിന്റെ റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പീച്ചി ഫിഷറീസ് ഓഫീസിൽ ഓൺലൈൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്തശേഷമാണ് പീച്ചി ഡാമിന്റെ റിസർവോയർ പ്രദേശമായ വള്ളികയത്ത്‌ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യവിത്ത്‌ നിക്ഷേപിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി.

പീച്ചി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ആദ്യഘട്ടമായി 1000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഘട്ടംഘട്ടമായി പീച്ചിയിലും വാഴാനിയിലും ഓരോ ലക്ഷം മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് തീരുമാനം.

സംരക്ഷിത മേഖലയായതിനാൽ തനത് മത്സ്യക്കുഞ്ഞുങ്ങളെ മാത്രമേ ഇവിടെ നിക്ഷേപിക്കൂ. ബെംഗളൂരുവിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ തദ്ദേശീയ മീൻകുഞ്ഞുങ്ങളെ കിട്ടുന്ന മുറയ്ക്ക് ബാക്കി മത്സ്യക്കുഞ്ഞുങ്ങളെക്കൂടി നിക്ഷേപിക്കും. ആറുമാസംകൊണ്ട് മത്സ്യവിളവെടുപ്പ് നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ ജെന്നി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, ജില്ലാ പഞ്ചായത്ത് അംഗം ലില്ലി ഫ്രാൻസിസ്, പഞ്ചായത്ത് അംഗം കെ.പി. എൽദോസ്, ഫിഷറീസ് എ.ഇ.ഒ. ഡോ. ജോയ്‌നി ജേക്കബ്, പീച്ചി ഹാച്ചറി മാനേജർ ഡോ. മനോജ് സി.കെ. തുടങ്ങിയവർ പങ്കെടുത്തു.