ചാവക്കാട്: ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഹനീഫ. കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന ഈച്ചരത്ത് മധുവായിരുന്നു ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആദ്യ ഇര. 2013 ജൂണ്‍ ഒന്നിന് അയ്യന്തോള്‍ ക്ഷേത്രത്തിന് മുന്നില്‍വച്ചാണ് മധു വധിക്കപ്പെട്ടത്. ഐ വിഭാഗം നേതാവായിരുന്നു.
രണ്ടു മാസത്തിന് ശേഷം അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റും എ വിഭാഗം നേതാവും കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറുമായിരുന്ന ലാല്‍ജി കൊള്ളന്നൂര്‍ കൊല്ലപ്പെട്ടു. 2013 ആഗസ്ത് 16-ന് ആയിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യവെ അയ്യന്തോളില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ലാല്‍ജി വധക്കേസില്‍ പുനരന്വേഷണം വേണമെന്ന് കോടതി കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. മതിയായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും ദൃക്‌സാക്ഷികള്‍ കൂറുമാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ രണ്ടു സംഭവങ്ങളിലും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അതുണ്ടായില്ല.