:അരലക്ഷത്തോളം പേരാണ് ഓരോവർഷവും ജില്ലയിൽ രക്തം ദാനംചെയ്യുന്നത്. അത്രതന്നെ ആളുകൾ ആവശ്യക്കാരായും എത്തുന്നു. രക്തബന്ധംപോലെയാണ് രക്തസ്‌നേഹവും. കൊടുക്കുന്നവനും വാങ്ങുന്നവനും സ്നേഹം കൂടും. ആരെന്നോ എന്തെന്നോ അറിയാത്തതിനാൽ ഈ സ്നേഹം സഹജീവികളോടു മൊത്തത്തിലുള്ളതായിരിക്കും. വ്യക്തികൾക്ക്‌ സമൂഹത്തിൽനിന്നു ലഭിക്കുന്ന കാരുണ്യങ്ങളിലൊന്നായി ഇതും കണക്കാക്കപ്പെടുന്നു.

രക്തസ്നേഹത്തിന്റെ ജില്ലയിലെ കൊട്ടാരം ഏതെന്നുചോദിച്ചാൽ ഉത്തരം ഐ.എം.എ.ബ്ലഡ് ബാങ്ക് എന്നുമാത്രം. രക്തം തേടിയുള്ള ഓട്ടങ്ങൾ പലപ്പോഴും അവസാനിക്കുന്നത് ഇവിടെയാണ്. ’രക്തം ലഭിക്കാതെ ഒരുരോഗിയും മരിക്കരുത്’- ഐ.എം.എ.ബ്ലഡ്ബാങ്ക് ലക്ഷ്യമായിക്കരുതുന്നതിതാണ്. ഈ പാതയിൽ ഇവർ ഏറെമുന്നേറിയിരിക്കുന്നു. ഒരുവർഷം ശരാശരി മുപ്പത്തയ്യായിരം ബാഗ് രക്തമാണ് ഇവിടെയെത്തുന്നത്. അത്രത്തോളംതന്നെ ആവശ്യവും വരുന്നു.

തേടിവന്ന രക്തദാതാക്കൾ

പ്രളയംമൂലം രക്തദാനക്യാമ്പുകൾ മുടങ്ങിയപ്പോൾ ഇങ്ങോട്ടു തേടിയെത്തി രക്തം നൽകിയവരുണ്ട്‌ ജില്ലയിൽ. ദിവസം അമ്പതുപേർവരെ വന്ന് ഇവിടെ രക്തം നൽകി. നൂറൂതവണ രക്തദാനം പൂർത്തിയാക്കിയവർവരെ ഇവിടെ എത്തുന്നുണ്ട്. രക്തംനൽകൽ കടമയായിക്കരുതിയാണിവർ എത്തുന്നത്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ എല്ലാദിവസവും ഇവിടെ രക്തം സ്വീകരിക്കുന്നു.

മാസം 22 ക്യാമ്പുകൾ

പ്രളയംമൂലം കുറഞ്ഞ ക്യാമ്പുകൾ ഐ.എം.എ. തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. മാസം 22 ക്യാമ്പുകൾ വരെ നടത്താറുണ്ട്. കഴിഞ്ഞ ജനുവരിമുതൽ ഓഗസ്റ്റുവരെ 166 രക്തദാനക്യാമ്പുകളാണ് നടന്നത്. ഓരോക്യാമ്പിൽനിന്നും 50 മുതൽ 80 വരെ ബാഗ് രക്തമാണ് ശേഖരിക്കുന്നത്. സന്നദ്ധസംഘടനകളും മറ്റുമായി ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. നിലവിൽ ഡിസംബർ 31 വരെയുള്ള എല്ലാ ക്യാമ്പുകളുടെയും ബുക്കിങ് പൂർത്തിയായികഴിഞ്ഞു.

കുറഞ്ഞ തുക

രക്താവശ്യത്തിന് എവിടെനിന്നും ഒടിയെത്താവുന്ന ഒരിടമാണ് ഇവിടം. ആശുപത്രികളിലെ രക്തബാങ്കുകൾ അവിടത്തെ രോഗികൾക്കുമാത്രം രക്തം നൽകുമ്പോൾ ഇവിടെ അങ്ങനെഒരു തടസ്സമില്ല. ഏതാശുപത്രിയിലെ രോഗിയാണെങ്കിലും ഇവിടെനിന്ന്‌ രക്തം ലഭിക്കും. വനിതകളായ ബി.പി.എല്ലുകാർക്ക് സൗജന്യമായാണ് രക്തം നൽകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന ഡോക്ടറുടെ കുറിപ്പുണ്ടെങ്കിലും സൗജന്യമായി നൽകും. അല്ലാത്തവരോട് സർക്കാർ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകയാണ് വാങ്ങുന്നത്. പൂർണരക്തത്തിന്റെ ഒരുബാഗിന് 800 രൂപയാണ് ചാർജ്‌. പ്രോസസിങ് ചാർജ്‌ മാത്രമാണ് ഈടാക്കുന്നതെന്ന് ബ്ലഡ്ബാങ്ക് ഡയറക്ടർ ഡോ.വി. ഗോവിന്ദൻകുട്ടി പറഞ്ഞു. ആയിരംരൂപയാണ് സർക്കാർ നിരക്ക്. രക്തഘടകങ്ങൾക്ക് 450 രൂപയാണ് വിലയീടാക്കുന്നത്.

സ്റ്റോറേജ് സെന്ററുകൾ, സ്വകാര്യ ആശുപത്രിയിലും

സ്വകാര്യ ആശുപത്രികളിലും ബ്ലഡ്ബാങ്കിന്റെ സ്റ്റോറേജ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രക്തം പെട്ടെന്നു ലഭിക്കുന്നുവെന്നതാണ് ഇതിന്റെ സൗകര്യം. രാമവർമ്മപുരത്തെ ബ്ലഡ്ബാങ്കുവരെ ഇതിനായി വരേണ്ടിവരുന്നില്ല. അപകടങ്ങളിലും മറ്റും ഇതു വളരെയധികം സൗകര്യപ്രദമാണ്. നാലുവർഷമായി ഈ പദ്ധതി തുടങ്ങിയിട്ട്. ആശുപത്രിയുടെ ആവശ്യമനുസരിച്ച് ഐ.എം.എ.ബ്ലഡ് നൽകുന്ന പദ്ധതിയാണിത്.

പ്ലേറ്റ്‌ലെറ്റുകൾക്ക് അപ്രതീക്ഷിത ആവശ്യം

മൂന്നുദിവസത്തിനുള്ളിൽ മൂവായിരം പ്ലേറ്റ്‌ലെറ്റുവരെ ആവശ്യംവന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ഐ.എം.എ. രക്തബാങ്ക് അധികൃതർ പറയുന്നു. പനി വ്യാപകമാകുമ്പോഴാണ് ഇതു വേണ്ടിവരുന്നത്. ആവശ്യം കൂടുന്നതനുസരിച്ച് രക്തം ദാനംചെയ്യാനെത്തുന്നവരുടെ എണ്ണവും കൂടി. പൂർണരക്തം ആവശ്യമായി വരുന്നത് കുറവാണ്. അപകടങ്ങളോ പ്രസവവുമോ ആയിബന്ധപ്പെട്ടാണ് ഇവ വേണ്ടിവരുന്നത്. രക്തത്തിന്റെ ചുവന്നഘടകവും പ്ലാസ്മയുമാണ് കൂടുതലായി ആവശ്യം വരുന്നത്.

രക്തദാനദിനത്തിൽ.....

വിവിധ പരിപാടികളോടെയാണ് ഐ.എം.എ.ബ്ലഡ്ബാങ്ക് രക്തദാനദിനത്തെ എതിരേൽക്കുന്നത്. ശക്തൻതമ്പുരാൻ കോളേജിലാണ് പരിപാടി. രാവിലെ 10 മണിക്കു തുടങ്ങുന്ന പരിപാടി ഡി.എം.ഒ. ഡോ. ബിന്ദു തോമസ് ഉദ്ഘാടനം ചെയ്യും. മികച്ച രക്തദാനക്യാമ്പ് സംഘാടകരെ ആദരിക്കും. രക്തദാനം സംബന്ധിച്ച ക്വിസ്‌ മത്സരമുണ്ടാകും. നാടൻപാട്ടവതരണവും ചിത്രരചനാ മത്സരവും നടക്കും. രക്തദാനക്യാമ്പും ഉണ്ടായിരിക്കും.

വർഷം പതിനായിരം രക്തദാനം,ഈ വാട്‌സ്‌ ആപ്പ് വഴിയിൽ

:ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന വാട്‌സ്‌ ആപ്പ് ഗ്രൂപ്പുകൾ ഒരുവർഷം ജില്ലയിൽ നടത്തുന്നത് പതിനായിരത്തിലധികം രക്തദാനം. മാസം ആയിരത്തോളം. ദിവസം ഇവരുടെ വാട്‌സ്‌ ആപ്പ് മെസേജുകൾക്കു പ്രതികരിക്കുന്നത് അമ്പതുപേർ. ഇതുവരെ രക്താവശ്യങ്ങളോട് സോറി പറയേണ്ടിവന്നിട്ടില്ലെന്ന്‌ ഇവർ സാക്ഷ്യപ്പെടുത്തുന്നു. അപൂർവഗ്രൂപ്പ് രക്തംപോലും 20 മിനിറ്റിനുള്ളിൽ കണ്ടെത്താനായെന്നു പ്രവർത്തകർ സാക്ഷ്യം പറയുന്നു.

എതുഗ്രൂപ്പു രക്തവും എതുസമയത്തും ലഭ്യമാക്കാൻ സാധിക്കുന്ന രീതിയിലേക്കെത്തിയിരിക്കുന്നു ഇവരുടെ വളർച്ച.

നിരവധി ഗ്രൂപ്പുകളുടെ ശൃംഖലയായാണിത് പ്രവർത്തിക്കുന്നത്. എല്ലാവിഭാഗത്തിലുള്ളവരും ഇതിലുണ്ട്. അയ്യായിരത്തോളം അംഗബലം. ഇതിൽ രണ്ടായിരം പേർ രക്തം ദാനംചെയ്യാൻ സദാസന്നദ്ധരായി നിൽക്കുന്നവർ. കോളേജ് വിദ്യാർഥികൾ മുതലുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഗ്രൂപ്പിൽ വരുന്ന ആളുകളുടെ പേരുകൾ രക്തഗ്രൂപ്പുവെച്ചാണിവിടെ സേവ് ചെയ്യുന്നത്. തുടക്കംതന്നെ ആൾ ഏതു രക്തഗ്രൂപ്പിൽപ്പെടുന്നതാണെന്നു അറിയാൻ സാധിക്കും. ഇതുകൊണ്ടുതന്നെ ഗ്രൂപ്പുകണ്ടെത്താൻ എളുപ്പവുമാണ്.

വനിതകൾക്കായി പ്രത്യേക ഒരു ഗ്രൂപ്പും ഇവർ തയ്യാറാക്കിയിട്ടുണ്ട്. ഒരിക്കൽ രക്തത്തിനുള്ള ആവശ്യവുമായി മുന്നിലെത്തുന്നവരെയും ഇവർ ഗ്രൂപ്പിൽ ചേർക്കുന്നു.

ഹർത്താലുപോലുള്ള സന്ദർഭങ്ങളിലുമുണ്ട് ഇവരുടെ സേവനം. രക്തദാനത്തിനു വാഹനമില്ലാതെ ബുദ്ധിമുട്ടുന്നവരെ രക്തം എടുക്കേണ്ട സ്ഥലത്തും പിന്നീടു വീട്ടിലും കൊണ്ടെത്തിക്കുന്ന രീതിയാണിത്‌. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ ഗ്രൂപ്പുകളിൽ രക്താവശ്യം വരുന്നതും കാത്ത് ആളുകൾ ഇരിക്കുന്നുണ്ടാകും. എന്തെങ്കിലും കാരണവലശാൽ സന്ദേശം ശ്രദ്ധയിൽപ്പെട്ടില്ലെന്നു തോന്നിയാൽ ഈ നമ്പറിലേക്കു വിളിക്കാം എന്ന സൗകര്യവുമുണ്ട്. കൂടാതെ രോഗികൾക്കുള്ള സാമ്പത്തിക സഹായങ്ങളും രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇവരുവഴി എത്തുന്നുണ്ട്.