പൂരപ്പുരുഷാരത്തെ താളത്തിൽ ആറാടിക്കുന്ന മേളപ്രമാണിമാരുടെ സഖികൾക്കുമുണ്ടൊരു താളം. ഗീത, ധനലക്ഷ്മി, ഇന്ദിര, വത്സല, ചന്ദ്രിക - ഈ പേരുകൾക്കെന്താ പ്രത്യേകത. ഇതൊക്കെ സാധാരണ മലയാളി സ്ത്രീകൾക്കുണ്ടാവാറുള്ള പേരുകളല്ലേ. എന്നാൽ ഈ പേരുകളുടെ ഗരിമ കൂടുന്നത് എങ്ങനെയെന്നു നോക്കാം. ഇനിയൊന്നു വായിച്ചാൽ മതി.

ഗീത കുട്ടൻമാരാർ, ധനലക്ഷ്മി തങ്കപ്പൻമാരാർ, ഇന്ദിര സതീശൻ മാരാർ, വത്സല മധു, ചന്ദ്രിക അനിയൻമാരാർ. പേരുകളുടെ രണ്ടാം ഭാഗം കൂടി ചേർന്നപ്പോൾ എവിടെയോ ഒരു മേളധ്വനി.

പഞ്ചവാദ്യത്തിന്റെ മാധുര്യം. പൂരപ്പുരുഷാരത്തെ താളത്തിൽ ആറാടിക്കുന്ന മേളപ്രമാണിമാരുടെ സഖികൾക്കുമുണ്ടൊരു താളം. ഭർത്താക്കൻമാരുടെ തിരക്കിട്ട ജീവിതത്തിനൊപ്പിച്ച് ചിട്ടപ്പെടുത്തിയ ജീവിതമധുരത്തിന്റെ താളം. സ്വയം സൃഷ്ടിച്ചെടുത്ത താളവട്ടങ്ങളിൽ ഇവരെല്ലാം തൃപ്തരുമാണ്.

ഇലഞ്ഞിത്തറ മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ ഭാര്യ ഗീതയും പാറമേക്കാവിന്റെ പഞ്ചവാദ്യപ്രമാണി പരയ്ക്കാട്ട് തങ്കപ്പൻ മാരാരുടെ ഭാര്യ ധനലക്ഷ്മിയും തിരുവമ്പാടിയുടെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരുടെ ഭാര്യ ചന്ദ്രികയും തിരുവമ്പാടിയുടെ പഞ്ചവാദ്യപ്രമാണി കോങ്ങാട് മധുവിന്റെ ഭാര്യ വത്സലയും മേളവിദ്വാൻ പെരുവനം സതീശൻ മാരാരുടെ ഭാര്യ ഇന്ദിരയും ഇതുവരെ ഒന്നിച്ചൊന്നു കണ്ടിട്ടില്ല. അതിന് മാതൃഭൂമി അവസരമൊരുക്കി. ശക്തൻ തമ്പുരാന്റെ കൊട്ടാരമുറ്റത്ത് അവർ ഒത്തുചേർന്നു. അവരുടെ സംസാരങ്ങളിൽ പൂരവും മേളവും ഒപ്പം വീട്ടുവിശേഷങ്ങളും കയറിവന്നു.

കോങ്ങാടിന്റെ വിവാഹവാർഷികം

മേയ് 11-ന് രാവിലെ തിരുവനന്തപുരത്തുനിന്ന് മകൾ വിനീതയുടെ ഫോണിൽനിന്ന് ഒരു ആശംസ. അച്ഛനും അമ്മയ്ക്കും 42-ാം വിവാഹ വാർഷികം ആശംസിക്കുകയായിരുന്നു മകൾ. മകളുടെ വിളി വന്നപ്പോഴാണ് വാർഷികമാണെന്ന വിവരം അറിഞ്ഞതെന്ന് പറഞ്ഞപ്പോൾ ചർച്ച വിവാഹവാർഷികങ്ങളിലേക്കായി.

കുറേനാൾ മുമ്പ് ഒരു വിവാഹവാർഷികം ആഘോഷിക്കാൻ തന്നെ സതീശൻമാരാർ-ഇന്ദിര ദമ്പതിമാർ തീരുമാനിച്ചു. വൈകീട്ടൊരു സിനിമ-അതിനപ്പുറം ആഘോഷവുമില്ല. മേളമില്ലാത്ത ദിവസം വിവാഹ വാർഷികം വന്നതിന്റെ ത്രില്ലിൽ ഇന്ദിര തന്നെ എല്ലാം പ്ലാൻ ചെയ്തു. എന്നാൽ വാർഷികത്തലേന്ന് തിരുവനന്തപുരത്തുനിന്ന് സതീശൻമാരാർക്ക് ഒരു കോൾ.

പിറ്റേന്ന് ഒരു മേളത്തിന് അടിയന്തരമായി പങ്കെടുക്കണം. പലതും പറഞ്ഞ് ഒഴിയാൻ നോക്കി. നടക്കണ്ടേ. വാർഷികം ഇനിയും വരും സതീശേട്ടാ എന്ന ആശ്വാസവാക്കുകൾ മനസ്സിലിട്ട് തിരുവനന്തപുരത്തൊരു മേളം തിമിർത്തു. ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ വേണ്ടി മേളം ഒഴിവാക്കാൻ ശ്രമിച്ച പെരുവനം കുട്ടൻമാരാരെ, വൈകീട്ട് കമ്മിറ്റിക്കാർ കൈയോടെ പിടികൂടി കൊണ്ടുപോയ കഥ ഗീത പറഞ്ഞതിന് കൂട്ടച്ചിരിയുടെ പൊരിച്ചിലായിരുന്നു.

ഡയറിയാവുന്ന കലണ്ടറുകൾ

കിഴക്കൂട്ട് ഉണ്ടോ...? അനിയൻമാരാർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ താണിക്കുടത്തെ കിഴക്കൂട്ട് വീട്ടിലെ ലാൻഡ് ഫോണിലേക്കാണ് കോളുകൾ അധികവും വരാറുള്ളത്. ഉത്സവകാലമായാൽ തുടർച്ചയായി മേളമായിരിക്കും. അദ്ദേഹത്തെ അന്വേഷിച്ചെത്തുന്ന കോളുകൾക്ക് മറുപടി പറയുക ചന്ദ്രികയാകും.

ലാൻഡ് ഫോണിനടുത്തേക്ക് വരുമ്പോൾ ഭിത്തിയിൽ കിടക്കുന്ന കലണ്ടറും കൈയിലെടുക്കും. അതാണ് ചന്ദ്രികയുടെ ഡയറി. ഭർത്താവിനോട് ചോദിച്ച് ഓരോ ദിവസത്തെയും പരിപാടികൾ തീയതി പ്രകാരം അതിലെഴുതിയിട്ടുണ്ടാവും. നോക്കി പറഞ്ഞുകൊടുക്കാൻ ഇതിലും നല്ലൊരുപായമില്ലെന്ന് ചന്ദ്രിക പറഞ്ഞപ്പോൾ ആ പദ്ധതി നടപ്പാക്കുന്ന രണ്ടുപേർകൂടി രംഗത്തെത്തി-ധനലക്ഷ്മിയും വത്സലയും.

പെരുവനത്തിന് മേളത്തെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാൻ ഒരു ഡയറിയുണ്ട്. അതിൽനിന്ന് വിവരങ്ങൾ പകർത്തിയ മറ്റൊരു ഡയറിയും പെരുവനത്തെ വീട്ടിലുണ്ട്. ഡയറിയെഴുത്തു ശീലമുള്ള ഗീത ഉണ്ടാക്കിയെടുത്ത പെരുവനം സ്‌പെഷ്യൽ ഡയറി. അങ്കണവാടി ടീച്ചറായിരുന്ന ചന്ദ്രിക ജോലികഴിഞ്ഞു വരുമ്പോൾ ചില ദിവസങ്ങളിൽ കിഴക്കൂട്ട് മേളത്തിനു പോയിട്ടുണ്ടാവും. മൊബൈലില്ലാത്ത അദ്ദേഹത്തെ എന്തെങ്കിലും ഓർമിപ്പിക്കാൻ ചന്ദ്രിക ഒരു വിദ്യ പ്രയോഗിക്കാറുണ്ട്. പറയേണ്ട കാര്യം കടലാസിൽ എഴുതി മേശപ്പുറത്തു വയ്ക്കും. അതറിയാവുന്ന കിഴക്കൂട്ട് കൃത്യമായി മേശപ്പുറം പരതാറുമുണ്ട്.

ഭക്ഷണം കഴിപ്പിക്കാനാണ് പ്രയാസം

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നപോലെ പിന്നാലെ നടക്കേണ്ടിവരുന്നതായി ചില ‘മേള’ഭാര്യമാർ പറയുന്നു. പ്രോഗ്രാം കഴിഞ്ഞു വൈകി വരുമ്പോൾ ചിലപ്പോൾ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ക്ഷീണം മൂലം വന്നയുടൻ കുളിയും കഴിഞ്ഞ് ഉറങ്ങാനുള്ള ഓട്ടമാണ്.

ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഒരു സമാധാനം എന്നാണ് ഇന്ദിരയുടെ പക്ഷം. ചെറുചൂടോടെ ഒരു ഫ്ളാസ്‌കിൽ വെള്ളം പെരുവനത്തിന്റെ ബാഗിൽ തിരുകുന്നത് ഗീതയുടെ ഒരു ശീലമാണ്.

മേളത്തിന് പോകുന്ന ഭർത്താക്കൻമാരുടെ കഷ്ടപ്പാടിനെക്കുറിച്ചും ഈ ഭാര്യമാർക്ക് ആധിയുണ്ട്. വെയിലത്തു നിന്ന്‌ മേളപ്രപഞ്ചം തീർക്കുന്നതു കാണുമ്പോഴുള്ള സങ്കടമാണ് അതിൽ വലുത്. ആനയെ പന്തലിട്ട് അതിനു കീഴിൽ നിർത്തുമെങ്കിലും മേളക്കാരെ വെയിലത്തു നിർത്തുന്നതിലെ പരിഭവം വത്സല മറച്ചുവെച്ചില്ല.

മക്കളിലും മേളം

എല്ലാവരുടെയും മക്കൾ കലാരംഗത്തുള്ളവരാണ്. പെരുവനത്തിെന്റ മകൻ കാർത്തിക് ഇലഞ്ഞിത്തറയിലെ മേളക്കാരിൽ ഒരാളാണ്. ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി വിദ്യാർഥിയായ കാർത്തിക്കിന് പൂരനാളിൽ പരീക്ഷയാണ്. ഉച്ചയ്ക്കു മുമ്പ് പരീക്ഷ തീരും. അതുകഴിഞ്ഞ്‌ അവന്‌ ഓടിയെത്താനാണ് പ്ലാനെന്ന് അമ്മയുടെ വെളിപ്പെടുത്തൽ.

കോങ്ങാടിന്റെ മകൻ വിനീതിന് മേളം പഠിക്കണമെന്ന ആഗ്രഹം ഇത്തിരി വൈകിയാണുണ്ടായത്. ജൂൺ ഒന്നിന് തിരുമാന്ധാംകുന്നിൽ വിനീതിന് അരങ്ങേറ്റമാണ്. പരയ്ക്കാട്ടിന്റെ മക്കളായ മഹേശ്വരനും മഹേന്ദ്രനും, കിഴക്കൂട്ടിന്റെ മക്കളായ മനോജും മഹേഷും പ്രൊഫഷണൽ മേളക്കാരായി പേരെടുത്തുകഴിഞ്ഞു. സതീശൻ മാരാരുടെ മകൻ യദുമാരാർ മേളത്തിലും സംഗീതത്തിലും ശ്രദ്ധേയനായിക്കഴിഞ്ഞു.

കാന്താ... ഞാനും വരാം...

പ്രശസ്തമായ ഈ നാടൻപാട്ട് ഒരുപക്ഷേ ഈ ഭാര്യമാരെക്കുറിച്ചുകൂടിയാണോ എഴുതിയത് എന്നു തോന്നിപ്പോകും. അഞ്ചു കൊല്ലമായി ഇന്ദിര ഇലഞ്ഞിത്തറ മേളം കാണാനെത്തുന്നതൊഴിച്ചാൽ ഭർത്താക്കൻമാരുടെ മേളം ബാക്കിയുള്ളവർ കണ്ടിട്ടില്ല. ടി.വി.യിലെ ലൈവാണ് അവരുടെ ആശ്രയം. പരയ്ക്കാട്ടിന്റെ രാത്രിമേളം അടുത്തിടെ ലോക്കൽ ചാനലുകളിൽ കാണിച്ചുതുടങ്ങിയതിന്റെ സന്തോഷമുണ്ട്‌ ധനലക്ഷ്മിയ്ക്ക്.