തൃശ്ശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കുരുത്തോലവിളക്കിൽ തിരിതെളിയും. കുരുത്തോലയിൽ നിർമിക്കുന്ന 58 മൺചിരാതുകളോടുകൂടിയ വിളക്കാണ് ഉദ്ഘാടനവേദിയിലുണ്ടാവുക. ഹരിതനയത്തിന്റെ ഭാഗമായാണ് കരുത്തോലവിളക്ക് ഉപയോഗിക്കുന്നത്.


 കുരുത്തോല, വാഴപ്പിണ്ടി, വാഴച്ചുണ്ട്‌ എന്നിവ ഉപയോഗിച്ചാണ് വിളക്ക് നിർമിക്കുന്നത്. കുരുത്തോലകൊണ്ട് അലങ്കാരങ്ങൾ ചെയ്യുന്ന ചേറൂർ സ്വദേശി ടി.ജി. നാരായണനാണ് വിളക്ക് നിർമിക്കുന്നത്.


 അഞ്ച് തട്ടുകളുള്ള വിളക്കിന് നൂറ്റിയമ്പതോളം കുരുത്തോലകളാണ് ഉപയോഗിക്കുന്നത്. ജില്ലാ, ഉപജില്ലാ കലോത്സവങ്ങളിൽ മുന്പും കുരുത്തോല വിളക്കുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആദ്യമായാണ് നാരായണൻ വിളക്കുണ്ടാക്കുന്നത്.

രണ്ടുദിവസമാണ് വിളക്കുണ്ടാക്കാൻ വേണ്ട സമയം. കലോത്സവത്തിന്റെ പ്രധാനകവാടവും ഇദ്ദേഹം അലങ്കരിക്കുന്നുണ്ട്. ആറിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളക്കിൽ തിരിതെളിക്കും.