വേഗത്തിലോടുന്ന നഗരത്തെ നിമിഷനേരംകൊണ്ട് താറുമാറാക്കാൻ ഒരു വാഹനം മതിയെന്ന അവസ്ഥയാണ് തൃശ്ശൂരിലേത്. വീതികുറഞ്ഞ വഴികളാണ് നഗരത്തിൽ. വാഹനത്തിൽ കഷ്ടപ്പെട്ട് നീങ്ങുന്നവർക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നഗരത്തിലെ അനധികൃത പാർക്കിങ്. നടപ്പാതകളെന്നോ റോഡുകളെന്നോ വ്യത്യാസമില്ലാതെ അനധികൃതമായി വാഹനങ്ങൾ നിരത്തുകയാണ്.
കെ.എസ്.ആർ.ടി.സി. പരിസരത്തും റെയിൽവേ പരിസരത്തുമെല്ലാം ഇത്തരം അനധികൃത പാർക്കിങ് കാണാം. അനധികൃത പാർക്കിങ്ങിന്റെ പ്രധാന കാരണങ്ങളിലൊന്ന് പണം മുടക്കി പാർക്കുചെയ്യാനുള്ള മടിതന്നെ. നോ പാർക്കിങ് ബോർഡിനു തൊട്ടടുത്തായിപ്പോലും വാഹനങ്ങൾ അലസമായി വെച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ കടന്നുപോകുന്ന ആളുകളുടെ എണ്ണം വളരെക്കൂടുതലാണ്.
ബ്ലോക്കുകുറയ്ക്കാൻ കൃത്യം പാർക്കിങ്, പക്ഷേ, ഇപ്പോഴില്ല
നഗരത്തിലെ കുരുക്കു കുറയ്ക്കാനായി 2018 ജൂലായ് മാസത്തിൽ പോലീസ് അഞ്ചിന കർമപദ്ധതി രൂപവത്കരിച്ചിരുന്നതിൽ ആദ്യം പറഞ്ഞിരുന്നത് നഗരത്തിലെ അനധികൃത പാർക്കിങ്ങിനെ സംബന്ധിച്ചായിരുന്നു. എം.ജി. റോഡ്, ഷൊർണൂർ റോഡ്, ഹൈറോഡ്, കുറുപ്പം റോഡ്, എം.ഒ. റോഡ്, സെൻറ് തോമസ് കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി.റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ്ങ് പൂർണമായി നിരോധിക്കാനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴും ഈ സ്ഥലങ്ങൾ അനധികൃത പാർക്കിങ് കേന്ദ്രങ്ങളാണ്. ട്രാഫിക്ക് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയിട്ടും പാർക്കിങ്ങിലും ആളുകളുടെ മനോഭാവത്തിലും ഒരു മാറ്റവുമില്ല.
നടപ്പാത വണ്ടികൾക്കാണ്
ഫുട്പാത്തിന്റെ ലക്ഷ്യം കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കുക എന്നതാണെങ്കിലും തൃശ്ശൂർ നഗരത്തെ സംബന്ധിച്ച് ആ ധാരണ തെറ്റാണ്. കാരണം വാഹനങ്ങൾ സുഗമമായി പാർക്കുചെയ്യാനുള്ള ഇടമാണ് തൃശ്ശൂരിനെ സംബന്ധിച്ച് ഫുട്പാത്തുകൾ. സ്റ്റിക്കർ ഒട്ടിച്ചാലും പിഴ അടയ്ക്കേണ്ടിവന്നാലും നടപ്പാതിയിലേ വാഹനം പാർക്കുചെയ്യൂ എന്ന ശാഠ്യമാണ് പലർക്കുമുള്ളത്.
തിരക്കേറിയ റെയിൽവേ സ്റ്റേഷൻ-കെ.എസ്.ആർ.ടി.സി. റോഡിലാണ് ഇത്തരം പാർക്കിങ്ങ് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ബസുകൾ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുള്ളിലേക്ക് തിരിയുകയും മറ്റുവാഹനങ്ങൾ അതിനുനസരിച്ച് വേഗം കുറയ്ക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ തിരക്കേറിയ ഭാഗത്ത് കാൽനടയാത്രക്കാർക്ക് വഴിമുട്ടിയ അവസ്ഥയാണ് . ട്രാഫിക്ക് ഉദ്യോഗസ്ഥർ റിക്കവർ വാഹനമുപയോഗിച്ച് വാഹനങ്ങൾ നീക്കിയിട്ടും പിഴ അടപ്പിച്ചിട്ടും ഇവിടെ പാർക്കുചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിന് മാത്രം കുറവൊന്നും വന്നിട്ടില്ല. തോട്ടടുത്തുള്ള പേ ആൻഡ് പാർക്കിങ് സ്ഥലത്ത് നൂറോളം ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യാനുള്ള സംവിധാനമുണ്ടെങ്കിലും അധികമാളുകളും തയ്യാറാവുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.
പകൽ സമയത്ത് ഫുട്പാത്തിൽ മാത്രമാണ് പാർക്കിങ്ങെങ്കിൽ രാത്രിയാവുന്നതോടെ പാർക്കിങ് റോഡിലേക്കും വളരും. കാറുകളാണ് ഇത്തരത്തിൽ വഴിയരികിലായി പാർക്കുചെയ്യുന്നത്.
തിരക്കേറിയ ഹൈറോഡ്, പാലസ് റോഡ്, അശ്വിനി ജങ്ഷൻ, പോസ്റ്റോഫീസ് റോഡ് എന്നീ സ്ഥലങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല. സൂപ്പർമാർക്കറ്റുകളുടെ പരിസരത്തും വ്യാപാരകേന്ദ്രങ്ങളുടെ പരിസരത്തും വാഹനം പാർക്കുചെയ്തുപോകുന്നത് ശീലമാക്കിയവർ നിരവധി.
സ്വരാജ് റൗണ്ടിലും ഇതുതന്നെ കഥ
വാഹനങ്ങൾ പാർക്കുചെയ്യുന്നതിനായി ട്രാഫിക്ക് വിഭാഗം നിരവധി ഇടങ്ങൾ സ്വരാജ് റൗണ്ടിൽ അനുവദിച്ചുനൽകിയിട്ടുണ്ടെങ്കിലും പാർക്കിങ് നിരോധിത സ്ഥലങ്ങളിലേക്ക് നീങ്ങുന്നത് സാധാരണ കാഴ്ചയാണ്. സ്വരാജ് റൗണ്ടിന്റെ പരിതരത്തായി ഇരുപതോളം സ്ഥലങ്ങളാണ് പാർക്കിങ്ങിനായി അനുവദിച്ചിട്ടുള്ളത്. കാർ പാർക്കിങ്ങിനും ഇരുചക്രവാഹന പാർക്കിങ്ങിനും ഇവിടെ പ്രത്യേക സംവിധാനങ്ങളുണ്ട്.
തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ അഞ്ചിടങ്ങളിലാണ് പാർക്കിങ് സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. മ്യൂസിയം, പട്ടാളം റോഡ്, ശക്തൻ മാർക്കറ്റ് പരിസരം, അരിയങ്ങാടി-ജയ്ഹിന്ദ് മാർക്കറ്റ് പരിസരം, കൊക്കാല എന്നീ ഭാഗങ്ങളിലാണ് കോർപ്പറേഷന്റെ പാർക്കിങ് സംവിധാനങ്ങളുള്ളത്. ഇതുകൂടാതെ പതിനഞ്ചിലധികം സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളും നഗരത്തിലുണ്ട്.
ഈ പാർക്കിങ്ങുകളിൽ മൂവായിരത്തോളം വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യമുള്ളപ്പോൾത്തന്നെയാണ് അനധികൃത പാർക്കിങ്ങിന്റെ ആസ്ഥാനമായി നഗരം മാറുന്നതും.
പാർക്കിങ് നയം എന്നുവരും?
2018-ലാണ് എല്ലാ കോർപ്പറേഷനുകളിലും പാർക്കിങ് നയം രൂപവത്കരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. അതേവർഷം സെപ്‌റ്റംബറിൽ നയം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രഖ്യാപനമുണ്ടായില്ല. നിലവിലെ പാർക്കിങ് സൗകര്യം, പുതുതായി പാർക്കിങ്ങൊരുക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ, ബഹുനില പാർക്കിങ് എന്നീ കാര്യങ്ങളാണ് പാർക്കിങ് നയത്തിന്റെ ഭാഗമായി പരിഗണിക്കാൻ ഉദ്ദേശിച്ചിരുന്നത്.
ജനങ്ങളുമായി ചർച്ചചെയ്ത് പാർക്കിങ് ഫീസ് തീരുമാനിക്കാനും നയത്തിൽ ലക്ഷ്യമിട്ടിരുന്നു. ഈ മാസം 20-ന് പാർക്കിങ് നയം സംബന്ധിച്ച കരടുരൂപം അവതരിപ്പിക്കും. കൗൺസിലർമാർ, വ്യാപാരി വ്യവസായി അംഗങ്ങൾ, ബസ് ഓപ്പറേറ്റർമാർ, ആർ.ടി.ഒ., എ.സി.പി., ഓട്ടോറിക്ഷാ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുക്കും.
നഗരത്തിൽ വരുമോ ബഹുനില പാർക്കിങ്ങ് ?
സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ ഏറ്റവുമനുയോജ്യമായ തരത്തിലുള്ള പാർക്കിങ്ങെന്നാണ് ബഹുനില പാർക്കിങ്ങിനെ പരിഗണിക്കുന്നത്. നിലവിൽ കോർപ്പറേഷൻ രണ്ടിടങ്ങളിലാണ് ബഹുനില പാർക്കിങ് ലക്ഷ്യമിടുന്നത്. താത്കാലിക വടക്കേസ്റ്റാൻഡിലും ശക്തൻ സ്റ്റാൻഡിന്റെ പരിസരത്തും ബഹുനില പാർക്കിങ് ക്രമീകരിക്കാനാണ് നിലവിലെ പദ്ധതി. ഇതുകൂടിതെ നിരവധി സ്വകാര്യസ്ഥാപനങ്ങളും ബഹുനില പാർക്കിങ് നിർമിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം നഗരസഭ ബഹുനിലപാർക്കിങ് നിർമിച്ചിരുന്നു.
നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ ഉൾക്കൊള്ളാവുന്ന കാറുകൾ
ശക്തൻ മാർക്കറ്റ് (കോർപ്പറേഷൻ) 72
പട്ടാളം റോഡ് 120
മ്യൂസിയം 65
കൊക്കാല 40
അരിയങ്ങാടി, ജയ്ഹിന്ദ് മാർക്കറ്റ് പരിസരം 70
റെയിൽവേസ്റ്റേഷൻ മുൻവശം, പടിഞ്ഞറേ ഗേറ്റ്(റെയിൽവേ)130, 250
(പട്ടാളം റോഡ്, മ്യൂസിയം കൊക്കാല, അരിയങ്ങാടി എന്നിവിടങ്ങളിൽ പാർക്കിങ്ങിനായി കോർപ്പറേഷൻ സ്ഥലം വാടകയ്ക്ക് കൊടുത്തതാണ്)
സ്വകാര്യം
ചെട്ടിയങ്ങാടി മാരിയമ്മൻ കോവിലിനു സമീപം 35
കെ.എസ്.ആർ.ടി.സി. പരിസരം 30
പാസ്‌പോർട്ട് ഓഫീസ് 50
ബാല്യ റോഡ് 30
ഇക്കണ്ടവാര്യർ ജങ്ഷൻ 40
സെന്റ് തോമസ് ഹോസ്റ്റലിനുസമീപം 60
ലൂർദ് പള്ളിക്കുസമീപം 110
കുറുപ്പം റോഡ്(പൂരം ഹോട്ടലിന് എതിർവശം) 100
അമ്മു റീജൻസിക്ക് സമീപം 75
മാർത്ത് മറിയം പള്ളി 20
കോ-ഓപ്പറേറ്റീവ് ആശുപത്രിക്കുസമീപം 40
മച്ചിങ്ങൽ ലെയിൻ 50
വേണം പാർക്കിങ്ങിൽ ശ്രദ്ധ
അപകടരഹിതമായ ഡ്രൈവിങ്ങുപോലെ പ്രധാനമാണ് നാം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉത്തരവാദിത്വവും പൂർണമായ ഉപയോഗവും. പാർക്കിങ് എന്നത് അതുകൊണ്ടു തന്നെയാണ് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാവുന്നത്. ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ള ആളുകളാണ് നമുക്കുചുറ്റുമുള്ളത്. നമുക്കുചുറ്റുമുള്ള റോഡുകൾ അതിനനുസരിച്ച് വളരുന്നില്ല എന്ന തിരിച്ചറിവ് പ്രധാനമാണ്. നമ്മുടെ വാഹനം നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. മറ്റൊരാളുടെ വഴിമുടക്കി അത് പാർക്കുചെയ്യുന്നത് മറ്റൊരാളിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്നതിനു തുല്യമാണെന്ന് ഓർക്കുക.
*250-അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ 250 രൂപ
*പാർക്കിങ് നിയമലംഘനങ്ങൾ അധികം നടക്കുന്ന ഇടങ്ങൾ: ഹൈറോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, പോസ്റ്റോഫീസ് റോഡ്, പാലസ് റോഡ്, അശ്വിനി ജങ്ഷൻ, കെ.എസ്.ആർ.ടി.സി. പരിസരം
*5-കോര്‍പ്പറേഷന്‍ അഞ്ചിടങ്ങളിലാണ് പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. മ്യൂസിയം, പട്ടാളം റോഡ്, ശക്തന്‍ മാര്‍ക്കറ്റ് പരിസരം, അരിയങ്ങാടി-ജയ്ഹിന്ദ് മാര്‍ക്കറ്റ് പരിസരം, കൊക്കാല എന്നീ ഭാഗങ്ങളിലാണ് കോര്‍പ്പറേഷൻ പാർക്കിങ് സ്ഥലം നൽകിയിട്ടുള്ളത്
3000-നഗരത്തിൽ എല്ലാപാർക്കിങ് കേന്ദ്രങ്ങളിലും കൂടി 3000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്*നായ്ക്കനാലിനു സമീപം വയോധികര്‍ക്കായി പ്രത്യേക പാർക്കിങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പലപ്പോഴും റിസർവ്ഡ് ഫോർ സീനിയർ സിറ്റിസൺസ് എന്ന ബോർഡ് കണ്ടില്ലെന്നു നടിക്കുകയാണ് ആളുകൾ.
*നഗരത്തിലെ പേ ആൻഡ് പാർക്കിങ്ങിൽ ഇരു ചക്ര വാഹനങ്ങൾക്ക് രണ്ടു മണിക്കൂറിന് ശരാശരി 20 രൂപയും കാറുകൾക്ക് 30 രൂപയുമാണ് സാധാരണ നിലയിൽ ഈടാക്കുന്നത്. വലിയ വാഹനങ്ങൾക്ക് 50 രൂപയാണ്.