വിദ്യാർഥിക്കൂട്ടായ്മയിൽ ആരംഭിച്ച ക്യാമ്പ് പിന്നീട് നിരവധിപേർക്ക് അഭയകേന്ദ്രമായ കാഴ്ചയായിരുന്നു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേത്. കാമ്പസിലെ കാരുണ്യപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച തവനീഷ് ഗ്രൂപ്പ് പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ചെറിയരീതിയിൽ ക്യാമ്പ് ആരംഭിച്ചത്.

ഇരിങ്ങാലക്കുട മഴക്കെടുതിയുടെ പിടിയിലായപ്പോൾ ഇത് മുകുന്ദപുരം താലൂക്കിന്റെ ക്യാമ്പ് സെന്റർ ആയിമാറി. ജില്ലാ മജിസ്ട്രേറ്റും തഹസിൽദാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുകുന്ദപുരം താലൂക്കിനുപുറമേ ചാലക്കുടി, പറവൂർ ഭാഗങ്ങളിലേക്കുൾപ്പെടെയുള്ള ക്യാമ്പുകളിലേക്ക് ഇവിടെനിന്ന് അവശ്യവസ്തുക്കൾ എത്തിക്കാനായി.

നടൻ ടോവിനോ അടക്കമുള്ളവർ ദുരിതാശ്വാസത്തിൽ പങ്കുചേരാനെത്തി. വീടുകളിലേക്ക് തിരികെ പോകുന്നവർക്ക് ശുചീകരണം സംബന്ധിച്ച് നിർദശങ്ങളും ഇപ്പോൾ നൽകുന്നുണ്ട്. പ്രിൻസിപ്പൽ ഡോ. മാത്യു പോൾ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. വി.പി. ആന്റോ, ഫാ. ജോയി പീനിക്കപ്പറമ്പിൽ, ഫാ. ജോളി അൻഡ്രൂസ്, പ്രൊഫ. ടി. വിവേകാനന്ദൻ, എൻ. അനിൽകുമാർ, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. അരുൺ ബാലകൃഷ്ണൻ, മൂവിഷ് മുരളി, സോണി ജോൺ എന്നിവർക്കൊപ്പം ഹോസ്റ്റൽ വിദ്യാർഥികളും എൻ.എസ്.എസ്. വൊളന്റിയർമാരും പ്രവർത്തനങ്ങളുടെ ഭാഗമാണ്.