തരസംസ്ഥാനക്കാരുടെ ’ഗൾഫായി’ മാറുകയാണ് തൃശ്ശൂരും. ഞായറാഴ്ചകളിലെ നഗരം ബംഗാളികളുടെയും തമിഴരുടെയും രാജസ്ഥാനികളുടെയും തെരുവോരക്കച്ചവടങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയാവാറുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ തേടിയെത്തി തൃശ്ശൂരിന്റെ മണ്ണിൽ വേരുറപ്പിച്ചവരാണിവർ. കേരളമണ്ണിൽനിന്ന് ജോലിതേടി മറുനാടുകളിലെത്തി വിജയം കൊയ്ത് വൻകിട ബിസിനസുകാരായവരുടെ വാർത്തകൾ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ മറുനാട്ടിൽനിന്നെത്തി തൃശ്ശൂരിൽ വ്യാപാരസാമ്രാജ്യം പടുത്തുയർത്തിയവർക്കും പറയാൻ വിജയഗാഥകളുണ്ട്.

മധ്യകേരളത്തിലെ ’അയൽ’ ബിസിനസുകാരെ നമുക്കു പരിചയപ്പെടാം. തൃശ്ശൂർ നഗരത്തിലെ തുണിക്കടകളിലും ഹോട്ടലുകളിലും സ്‌പെയർ പാർട്ട്‌സ്‌ കടകളിലുമെല്ലാം അവർ വിജയഗാഥ രചിക്കുകയാണ്. രാജസ്ഥാൻ സ്വദേശികളായ ഇവർ തൃശ്ശൂരും രാജസ്ഥാനും തമ്മിലുള്ള വ്യാപാരബന്ധത്തിന്റെ കണ്ണികളായാണ് നിലകൊള്ളുന്നത്.

കേരളം അടിപൊളി- ഗീവർ പട്ടേൽ

’അടിപൊളിയാണ് കേരളം’, പറയുന്നത് രാജസ്ഥാൻ സ്വദേശി ഗീവർ പട്ടേലാണ്. പന്ത്രണ്ടുവർഷമായി രാജസ്ഥാനിലെ ബാഡ്‌മേൽ ജില്ലയിലെ ഗീവർ പട്ടേൽ തൃശ്ശൂരിലെത്തിയിട്ട്. പോസ്റ്റോഫീസ് റോഡിൽ വസ്ത്രങ്ങളുടെ മൊത്തക്കച്ചവടമാണ് ഗീവറിന്. മുംബൈയിൽനിന്നെത്തിക്കുന്ന തുണിത്തരങ്ങളാണ് വിതരണം ചെയ്യുന്നത്. കടയിൽ രാജസ്ഥാനിൽനിന്നുള്ള ആനന്ദും ചേതനും സഹായത്തിനുണ്ട്.

രാജസ്ഥാനിൽനിന്ന് കേരളത്തിലേയ്ക്കുള്ള പറിച്ചുനടീൽ നല്ല അനുഭവങ്ങളാണ് നൽകിയതെന്ന് ഗീവർ പട്ടേൽ. രാജസ്ഥാനിൽ പ്രായമേറിയവർ കൃഷിയിൽ മുഴുകുമ്പോൾ പുതുതലമുറ പുതിയ തൊഴിലിടങ്ങൾ തേടി കേരളത്തിലേക്ക് ഒഴുകുകയാണ്. ബന്ധുക്കൾ എറണാകുളത്തും കോഴിക്കോട്ടുമെല്ലാം വസ്ത്രവ്യാപാരം നടത്തുന്നുണ്ട്. തൃശ്ശൂരിലെത്തിയ സമയത്ത് മലയാളം വഴങ്ങാൻ കുറച്ചു ബുദ്ധിമുട്ടി. ഇപ്പോൾ മലയാളം പറഞ്ഞാൽ നന്നായി മനസ്സിലാവും. എങ്കിലും എഴുതാനോ വായിക്കാനോ ഗീവറിന്‌ അറിയില്ല.

ഉത്സവകാലങ്ങളിൽ തൃശ്ശൂരിലുള്ള മറ്റു മറുനാട്ടുകാരും ഒരുമിച്ചാണ് ആഘോഷം. നാട്ടിലേതുപോലെതന്നെ പകിട്ടൊന്നും കുറയാതെ. ആടിയും പാടിയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുമെല്ലാം അവർ ഈ വിശേഷാവസരങ്ങൾ ആഘോഷിക്കാറുണ്ട്. ഹോളിയും ജന്മാഷ്ടമിയുമെല്ലാം ആഘോഷിക്കുന്ന അതേ മനസ്സോടെയാണ് തൃശ്ശൂർപൂരം നാളുകളിൽ തേക്കിൻകാട്ടെത്താറുള്ളത്.

അച്ഛന് നാട്ടിൽ കൃഷിയുടെ മേൽനോട്ടമാണെന്ന് ഗീവർ പറഞ്ഞു. തൃശ്ശൂർ നഗരത്തിൽ ചേർന്നിരിക്കുന്ന കടകൾ പോലെയാണ് ബാഡ്‌മേലിലെ വീടും ബന്ധുവീടുകളും. എം.ജി. റോഡിലെ വാടകവീട്ടിൽ ഭാര്യ ഇന്ദ്രയ്ക്കും പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ എൽ.കെ.ജി.വിദ്യാർഥി കുൽദീപിനുമൊപ്പമാണ് ഗീവർ പട്ടേൽ താമസിക്കുന്നത്. ശുദ്ധ വെജിറ്റേറിയനാണ് ഗീവർ. പന്ത്രണ്ടുവർഷമായി തൃശ്ശൂരിലെത്തിയെങ്കിലും രാജസ്ഥാനിലെ ഭക്ഷണരീതികൾ തന്നെയാണ് പിന്തുടരുന്നത്.

ചപ്പാത്തിയും ദാലും തന്നെയാണ് ഇഷ്ടവിഭവം. കേരളത്തിലെ ഭക്ഷണരീതികളോടത്ര പഥ്യം പോരാ. ബിയറടിയില്ല, മറ്റു ഡ്രിങ്ക്‌സില്ല, പുകവലിയില്ല, ഗീവർ ചിരിയോടെ പറഞ്ഞു. ഇപ്പോൾ സ്‌കൂൾ അവധിയാവാൻ കാത്തിരിക്കുകയാണ് ഗീവറും കുടുംബവും. മകൻ കുൽദീപിന്റെ പഠനം മുടക്കിയുള്ള യാത്രയൊന്നുമില്ല. രണ്ടുമാസത്തെ അവധിക്കാലം രാജസ്ഥാനിൽ മുത്തച്ഛനും അച്ഛനും അമ്മയ്ക്കുമൊപ്പം അടിച്ചുപൊളിക്കാൻ കാത്തിരിക്കുകയാണ്.

ബിസിനസ് മെച്ചപ്പെടുത്തണം- ഗോപാൽ പട്ടേൽ

business
ചെട്ടിയങ്ങാടി രാമന്‍ചിറ മഠം ലെയ്‌നില്‍ ധനലക്ഷ്മി
സ്‌പെയര്‍ പാര്‍ട്ട്‌സ് കടയില്‍ ഗോപാല്‍ പട്ടേലും സഹായി ജഗദീഷും

കടയിൽ ജോലിക്കാരനായിനിന്ന് സ്വന്തമായി കച്ചവടം തുടങ്ങിയ കഥയാണ് രാജസ്ഥാനിൽനിന്നുള്ള ഗോപാൽ പട്ടേലിനു പറയാനുള്ളത്. ഏഴാംക്ലാസുവരെ പഠിച്ച് നാട്ടിൽ കൃഷിപ്പണികളുമായി കൂടിയപ്പോഴാണ് കേരളത്തിലെത്തിയ കൂട്ടുകാർ വിളിക്കുന്നത്. കൃഷി അച്ഛനെ ഏൽപ്പിച്ച് കേരളത്തിലേയ്ക്ക് അഞ്ചുവർഷംമുമ്പ് വണ്ടികയറി. കുറച്ചുകാലം മറ്റൊരു സ്ഥാപനത്തിൽ തൊഴിലാളിയായി. ഇപ്പോൾ ഒന്നരവർഷമായി ചെട്ടിയങ്ങാടി രാമൻചിറ മഠം ലെയ്നിൽ ധനലക്ഷ്മി സ്‌പെയർ പാർട്ട്‌സ്‌ ഉടമയാണ്‌.

മിക്‌സി, കുക്കർ, ഫാൻ തുടങ്ങിയവയുടെ സ്‌പെയർ പാർട്ട്‌സ്‌ വിൽക്കുന്ന കടയാണ്‌. സ്വന്തമായി ബിസിനസ് ചെയ്യാൻ നാട്ടിലെ കൃഷിയിൽനിന്നുള്ള ആദായമാണ് സഹായിച്ചതെന്ന് ഗോപാൽ പറഞ്ഞു. ജോലിക്കുനിന്നിരുന്ന കടയിൽവെച്ചാണ് മലയാളം പഠിച്ചെടുത്തത്. കടയിൽ സഹായത്തിന് രാജസ്ഥാനിൽനിന്നുള്ള ജഗദീഷുണ്ട്. സഹോദരൻ ഹരീഷിന് മൈസൂരുവിൽ ബിസിനസാണ്. ഭാര്യ സോർഗിയും രണ്ടര വയസ്സുള്ള മകൾ ഖുശ്ബുവുമായി കോട്ടപ്പുറത്താണ് താമസം.

രാജസ്ഥാൻ രുചികളുമായി മഹാവീർ ഭോജനശാല

ചെട്ടിയങ്ങാടി ജങ്ഷനിലെ മഹാവീർ ഭോജനശാല തൃശ്ശൂരിന്റെ രുചിമുകുളങ്ങൾക്ക് രാജസ്ഥാൻ രുചികൾ പരിചയപ്പെടുത്തുകയാണ്. രാജസ്ഥാനി താലിയും മേത്തി പൊറോട്ടയും പുവയും റൈസ് താലിയുമെല്ലാം തൃശ്ശൂരിന്റെ മണ്ണിൽ പുതുരുചി തീർത്തുതുടങ്ങിയത് 2012-ലാണ്. തെക്കേ ഇന്ത്യൻ ഭക്ഷണമെല്ലാം ഒരൊറ്റക്കുടക്കീഴിൽ ഒരുക്കിയത് രാജസ്ഥാൻ സ്വദേശിയായ മനീഷാണ്. ധർമേന്ദ്രനടക്കം നിരവധി സഹായികളുമുണ്ട്. എല്ലാവരും രാജസ്ഥാൻ സ്വദേശികൾ.

കേരളത്തിൽ 23 വർഷം

മുഖത്ത് ചുവന്നകുറി. ഒറ്റനോട്ടത്തിൽ മലയാളിയെന്ന് തോന്നും. രാജസ്ഥാനിലെ ജാളൂർ ജില്ലയിലാണ് സോഹൻ സിങ്ങിന്റെ വീടെന്നു പറയാം. കാരണം 1996-ൽ ജോലിക്കായി കേരളത്തിലെത്തിയതാണ് സോഹൻ സിങ്. എറണാകുളത്തെ ഹോട്ടലിൽ ജോലിക്കാരനായി. സ്‌പെയർ പാർട്ട്‌സ്‌ കടയിൽ സഹായിയായി. ഇപ്പോൾ ചെട്ടിയങ്ങാടിയിലെ ലോട്ടറിക്കടയിൽ സഹായി. ആദ്യകാലത്ത് ഭാര്യയും മക്കളുമായാണ് തൃശ്ശൂരിൽ താമസിച്ചിരുന്നത്. മക്കൾക്ക് വിവാഹപ്രായമായപ്പോൾ കുടുംബത്തെ രാജസ്ഥാനിലേയ്ക്ക് അയച്ചു. തൃശ്ശൂരിപ്പോൾ സ്വന്തം നാടായെന്ന് സോഹൻ സിങ് പറയുന്നു.

Content Highlights: other state workers migrant labourers in kerala business