ജീ വിതത്തിൽ എല്ലാം നേടാൻ കൃത്യനിഷ്ഠ എന്ന ഗുണം മാത്രം മതിയെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കൃത്യനിഷ്ഠ, കഠിനാദ്ധ്വാനം, സത്യസന്ധത, ദൃഢനിശ്ചയം എന്നിവയും പിന്നെ സമൂഹത്തിന്റെ പ്രോത്സാഹനവും പിന്തുണയും കൂടിയുണ്ടെങ്കിൽ ജീവിതവിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അളഗപ്പ നഗർ ത്യാഗരാജാർ പോളിടെക്നിക് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെത്തിയ അദ്ദേഹം കുട്ടികളോട് സംവദിക്കുകയായിരുന്നു . കൃത്യനിഷ്ഠ പാലിക്കുന്നയാൾക്ക് ജോലിയിൽ വിജയിക്കുകയും ഒപ്പം കുടുംബം സംരക്ഷിക്കുകയും ചെയ്യാനാകും.
മെട്രോ പദ്ധതി കേരളത്തിന്റെ സാഹചര്യങ്ങളിൽ ലാഭകരമായിരിക്കുമോ എന്ന ചോദ്യത്തിന് ലാഭത്തേക്കാൾ വരും തലമുറയുടെ ജീവിത വേഗത്തിന് അത് എങ്ങനെ ഉപകരിക്കും എന്നാണ് ചിന്തിക്കേണ്ടതെന്ന് ശ്രീധരൻ പറഞ്ഞു. 2.3 മില്ല്യൻ ജനങ്ങളെ വഹിക്കാൻ ശേഷിയുള്ളതാണ് ഡെൽഹി മെട്രോ. അത് മൂന്ന് ലക്ഷം വാഹനങ്ങൾക്ക് തുല്യവുമാണ്. ഇതുമൂലം ഇന്ധനലാഭവും കൂടെ മലിനീകരണവും വാഹനാപകടങ്ങളും കുറയുമെന്നും മെട്രോ ശ്രീധരൻ പറഞ്ഞു.
ഒരു കിലോമീറ്റർ മെട്രോ റെയിൽ നിർമ്മാണത്തിന് ഭൂമിക്കടിയിലൂടെയാണെങ്കിൽ 450 കോടിയും ഭൂമിക്കു മുകളിലാണെങ്കിൽ 200 കോടിയും ചെലവ് വരുമെന്ന് കുട്ടികളുടെ സംശയത്തിന് ശ്രീധരൻ മറുപടി പറഞ്ഞു. ഇതിൽ 40ശതമാനം സർക്കാരും ബാക്കി കടമെടുക്കുന്നതുമാണ്. ഇപ്പോൾ ഡൽഹി ഭരിക്കുന്നവർ ആ കടം തിരിച്ചടയ്ക്കാൻ പ്രാപ്തിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അതിരൂപത  സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. വിദ്യാസാഗർ മുഖ്യപ്രഭാഷണം നടത്തി.  ചൊവ്വാഴ്ച ആരംഭിച്ച ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ മിനി പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായി. മണ്ണിൽ ജലാംശം കുറയുമ്പോൾ താനേ വെള്ളം പമ്പ് ചെയ്ത് നനയ്ക്കുന്ന പ്രോജക്ടും മോഷണ ശ്രമം നടക്കുമ്പോൾ തന്നെ സൂചനാ വെളിച്ചം തെളിയുന്ന പ്രോജക്ടും ശ്രദ്ധേയമായിരുന്നു. ആഘോഷങ്ങൾ 15ന് സമാപിക്കും