സെന്റ് ജോസഫ്സ് മോഡൽ എജ്യൂക്കേഷണൽ കാമ്പസിൽ ഇൻഡോർ സ്റ്റേഡിയം സജ്ജമായി. രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ഓരോ ബാസ്കറ്റ്ബോൾ കോർട്ടും വോളിബോൾ കോർട്ടും. പിന്നെ ഏതു സമയവും എടുത്തുമാറ്റാവുന്ന അതിമനോഹരമായ സ്‌റ്റേജ്.
തൃശ്ശൂരിനു മാത്രമല്ല ,കേരളത്തിനു മുഴുവൻ മാതൃകയാവുകയാണ് കുരിയച്ചിറ സെന്റ് ജോസഫ്സ് കാമ്പസ്.
54 മീറ്റർ നീളവും 26 മീറ്റർ വീതിയും 14000 ചതുരശ്ര അടി വിസ്തീർണ്ണവും ഏകദേശം 2000 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയമാണ് കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലുള്ളത്. അന്തർദേശീയ ഗുണനിലവാരത്തിലാണ് നിർമിതി.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയമാണിതെന്ന് ബാസ്‌കറ്റ്‌ബോൾ ഉദ്ഘാടനമത്സരം കളിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളും ഇരിങ്ങാലക്കുട സെന്റ് ജോസഫ് താരങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റേയും വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരിയുടെയും അതിരൂപത എജ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ദീർഘവീക്ഷണഫലമാണ് ഈ പ്രത്യേക സ്‌പോർട്‌സ് അരീന.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഡോ. ബിജു നന്തിക്കരയും അസി. അഡ്മിനിസ്ട്രേറ്ററും യുവ വൈദികനുമായ ഫാ. ജോൺ പോൾ ചെമ്മണ്ണൂരുമാണ് രൂപകൽപ്പന നിർവഹിച്ചത്.
വിദ്യാർഥികൾക്ക് ഏറ്റവും നിലവാരമുള്ള വിവിധ സൗകര്യങ്ങളോടു കൂടിയ സ്‌പോർട്സ് സമുച്ചയം സമർപ്പിക്കുക എന്നതാണ് ഈ സ്‌പോർട്‌സ് അരീനയുടെ പിന്നിലെ പ്രേരകശക്തി എന്ന് റവ. ഡോ. ബിജു നന്തിക്കര പറയുന്നു. നമുക്ക് ലഭിക്കാതിരുന്ന അവസരങ്ങൾ, മെച്ചപ്പെട്ട സാഹചര്യങ്ങൾ, പരിശീലനങ്ങൾ എന്നിവ പുതിയ തലമുറയ്ക്ക് ലഭിക്കണമെന്നാണ് ലക്ഷ്യമെന്ന് ഫാ.ജോൺ പോൾ ചെമ്മണ്ണൂർ പറയുന്നു.