മലയാളം വിക്കിപീഡിയ 16 വയസ്സ് പൂർത്തിയാക്കി. സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പാണ് മലയാളം വിക്കിപീഡിയ. ഏറ്റവും വലിയ സ്വതന്ത്ര സൗജന്യ സർവവിജ്ഞാനകോശമായ വിക്കിപീഡിയ 200-ൽ പരം ഭാഷകളിൽ ലഭ്യമാണ്. 2002 ഡിസംബർ 21-ന് ഈ വിജ്ഞാനസ്രോതസ്സിന്റെ മലയാളം പതിപ്പ് ആരംഭിച്ചു.
16 വയസ്സ് പൂർത്തിയാക്കിയ മലയാളം പതിപ്പിന്റെ വാർഷികാഘോഷങ്ങളുടെ സമാപനം 19,20,21 തീയതികളിലായി കൊടുങ്ങല്ലൂരിലെ വികാസ് ഓഡിറ്റോറിയത്തിൽ നടക്കും. 2011-ലാണ് വിക്കിസംഗമം എന്ന പേരിലുള്ള വാർഷികാഘോഷ സമ്മേളനം ആരംഭിച്ചത്.
ഈ വർഷത്തെ വാർഷികാഘോഷങ്ങൾ ഡിസംബർ 21-ന് ആരംഭിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനമാണ് കൊടുങ്ങല്ലൂരിൽ നടക്കുക.
വിക്കിസംഗമോത്സവത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ, സി.ഐ.എസ്-എ2കെ, കൈറ്റ്, മുസിരിസ് പ്രോജക്ട് തുടങ്ങിയവർ പങ്കാളികളാകും. കേരളത്തിലെ വിക്കിമീഡിയൻസിനെ ഒന്നിച്ചു ചേർക്കുക, പുതിയ എഡിറ്റർമാരെ വിവിധ പ്രോജക്ടുകൾക്കായി തിരഞ്ഞെടുക്കുക, ലൈബ്രറികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയവയ്ക്ക് പുതിയ പദ്ധതികൾ പരിചയപ്പെടുത്തുക, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യം വെച്ചാണ് വിക്കിമീഡിയ സംഗമോത്സവം നടത്തുന്നത്.
ഇ-മലയാളം, വിദ്യാഭ്യാസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സർവവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകർപ്പവകാശപ്രശ്നങ്ങൾ, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ഉണ്ടാവും. വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ, വിക്കിപാഠശാല, വിക്കി കോമൺസ് തുടങ്ങിയവയിലും പ്രവർത്തിക്കുന്ന ഉപയോക്താക്കളുടെ ആദ്യ വാർഷിക കൂടിച്ചേരൽ കൂടിയാണിത്. 300 പേർ സമ്മേളനത്തിൽ പങ്കെടുക്കും. വി.ആർ. സുനിൽ കുമാർ എം.എൽ.എ., ഇ.ടി. ടൈസൺ എം.എൽ.എ., കെ.ആർ. ജൈത്രൻ, വി. മനോജ്, എം. ബിജു കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.