മധ്യ-വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിലും ബ്രാഹ്മണ, ക്ഷത്രിയ ഭവനങ്ങളിലും നടന്നുവരുന്ന അനുഷ്ഠാന കലാരൂപമാണ് അയ്യപ്പൻ തീയാട്ട്. നൃത്തം, വാദ്യം, സംഗീതം, അഭിനയം, ചിത്രകല എന്നിവയുടെ അപൂർവ സമന്വയമാണ് അയ്യപ്പൻ തീയാട്ട്.
കുരുത്തോലകളാലും തോരണങ്ങളാലും അലങ്കരിച്ച സ്ഥലത്ത് പഞ്ചവർണപ്പൊടികളുപയോഗിച്ച് അയ്യപ്പൻ കളമെഴുതുന്നതോടെയാണ് തീയാട്ട് ആരംഭിക്കുന്നത്.
ക്ഷേത്രമേൽശാന്തി കളംപൂജ നടത്തി ദേവചൈതന്യത്തെ കളത്തിലേക്കാവാഹിക്കും. അയ്യപ്പന്റെ കഥകൾ സോപാനഛായകലർന്ന പദ്യത്തിലും ഗദ്യത്തിലുമായി പറച്ചെണ്ടയുടെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്നു. ‘കൊട്ടും പാട്ടും’എന്നാണ് ഇതിനെ പറയുക. പിന്നീട് തീയാട്ടിലെ കഥാഭിനയ ഭാഗമായ പാലാഴി മഥന, ശാസ്താ അവതാരകഥകൾ മുദ്രകളാൽ ആടിക്കാണിക്കുന്ന ഏകാഭിനയ അയ്യപ്പൻ കൂത്താണ് അവതരിപ്പിക്കുക. അനുഷ്ഠാന പൂജയ്ക്ക് ശേഷം മുല്ലയ്ക്കൽ പാട്ടിനെ തുടർന്ന് കോമരത്തെ കളത്തിലേയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ‘ഈടുംകൂറും’ എന്ന ചടുല ന്യത്തത്തോടെ ആനയിക്കുന്നു.
കോമരത്തിന്റെ കളപ്രദക്ഷിണം, കളത്തിലാട്ടം എന്നിവയ്ക്ക് ശേഷം ഭക്തർക്ക് കൽപ്പന നൽകുന്നതോടെ തീയാട്ട് സമാപിക്കുന്നു. ഇത്തരത്തിലുള്ള സാധാരണ തീയാട്ടിന് പുറമെ ഉദയാസ്തമന കൂത്ത്, പന്തീരായിരം തേങ്ങയേറ്, കനലാട്ടം തുടങ്ങിയ രീതികളിലും തീയാട്ട് അവതരിപ്പിക്കാറുണ്ട്.
തീയാട്ട് വേദികളിലെ സ്ഥിരസാന്നിധ്യമാണ് വരവൂർ തീയാടി നാരായണൻ നമ്പ്യാർ.
അയ്യപ്പൻതീയാട്ട് കുലത്തൊഴിലായിട്ടുള്ള കേരളത്തിലെ എട്ട് തീയാടികുടുംബങ്ങളിൽ പ്രധാനപ്പെട്ട മലമക്കാവ് കുടുംബത്തിലെ വാസുദേവൻ നമ്പ്യാരുടെയും വരവൂർ തീയാടി അമ്മിണി മരുവളമ്മയുടെയും മകനായി 1951-ലാണ് നാരായണൻ നമ്പ്യാർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുത്തശ്ശൻ മലമക്കാവ് നാരായണൻ നമ്പ്യാരുടെ അടുത്ത് നിന്നാണ് നാരായണൻ നമ്പ്യാർ തീയാട്ട് പഠനം ആരംഭിക്കുന്നത്.
അന്നത്തെ മുതിർന്ന കലാകാരൻമാർക്കൊപ്പം കുരുത്തോല അരങ്ങുവെട്ടൽ, കളമെഴുതൽ തുടങ്ങിയ ജോലികൾ പടിപടിയായി ചെയ്താണ് തീയാട്ടിന്റെ പഠനം നടത്തിയത്. 1970-കളിൽ പെരുമ്പിലാവ് അയ്യപ്പക്ഷേത്രത്തിൽ നടന്ന തീയാട്ടിലാണ് ആദ്യമായി നാരായണൻ നമ്പ്യാർ കോമരമായി രംഗത്തുവരുന്നത്. തുടർന്ന് ചടുലതാളങ്ങൾക്കനുസരിച്ച് നൃത്തം ചെയ്യുന്ന വിദഗ്ധനായ കോമരമായി നാരായണൻനമ്പ്യാർ മാറി.
മലമക്കാവിലടിയന്തിരക്കാരനായിരുന്ന തിരുനാവായ ശങ്കരപ്പൊതുവാളുടെ അടുത്താണ് ആദ്യമായി ചെണ്ട അഭ്യസിച്ചത്. തുടർന്ന് കൊടലിൽ ഗോപിപ്പൊതുവാൾ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ, വരവൂർ കുട്ടൻനായർ എന്നിവരുടെ കീഴിൽ ഉപരിപഠനം നടത്തി നല്ല ചെണ്ട കലാകാരനാവുകയും തീയാട്ടിലെ മേളക്കാരനാവുകയും ചെയ്തു. പ്രസിദ്ധ തായമ്പക കലാകാരൻമാരായ തൃത്താല കേശവപ്പൊതുവാൾ, ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ എന്നിവരോടൊപ്പം പ്രവൃത്തിക്കാനായത് തന്റെ ഭാഗ്യമായി നമ്പ്യാർ കരുതുന്നു. തീയാട്ടിനു പുറമേ മേള, തായമ്പക രംഗത്തും നിറസാന്നിധ്യമാണ് നമ്പ്യാർ.
കേരളത്തിൽ പ്രാചീനമായി തീയ്യാട്ട് നടന്നുവരുന്ന മലമക്കാവ്, മുളങ്കുന്നത്തുകാവ്, ചമ്രവട്ടം, തിരുവേഗപ്പുറ, കോട്ടായി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വർഷങ്ങളായി നാരായണൻ നമ്പ്യാർ തീയാട്ട് അവതരണത്തിൽ പങ്കെടുക്കാറുണ്ട്.
‘അയ്യപ്പൻ തീയാട്ട് കലയും അനുഷ്ഠാനവും’ എന്ന പുസ്തകം രചിച്ച അനുഷ്ഠാന കലാകാരൻ തീയാടി രാമൻനമ്പ്യാരുടെ പ്രോത്സാഹനം ഈ കലയ്ക്ക് പുതുജീവൻ നൽകുന്നതായി നാരായണൻ നമ്പ്യാർ പറയുന്നു. കേരള ഫോക്ലോർ അക്കാദമി അവാർഡ്, അംബേദ്കർ നാഷണൽ എക്സലൻസി അവാർഡ്, നിരവധി ക്ഷേത്ര സംഘടനകളുടെ അംഗീകാരങ്ങൾ എന്നിവ നമ്പ്യാരെ തേടിയെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ്- 2016 ലഭിച്ചു.
കഥകളി സംഗീതസമ്രാട്ടായിരുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ മരുമകൾ ശ്രീദേവിയാണ് ഭാര്യ. സുനിൽ, സ്വപ്ന എന്നിവർ മക്കളും കല, രമേഷ് എന്നിവർ മരുമക്കളുമാണ്. നാരായണൻ നമ്പ്യാരുടെ ഫോൺ: 9400678347.