തൃശ്ശൂർ നഗരത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു ബജറ്റ് അവതരണം ഉണ്ടാകാനിടയില്ല. കൊറോണക്കാലത്തെ ബജറ്റ് എന്ന് വിളിക്കാവുന്ന ഒന്ന്...അതിർത്തികൾ അടഞ്ഞ കാലത്തെ ബജറ്റ്...കൗൺസിലർമാർ വായും മൂക്കും മൂടിയിരുന്ന ബജറ്റ്....ജനത കർഫ്യുദിനത്തിൽ ടെൻഷനടിച്ച് വീട്ടിലിരുന്നൊരാളുണ്ട്...തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി. റാഫി ജോസ്...ബജറ്റിന്റെ അവസാനഘട്ട മിനുക്കുപണികളിലായിരുന്നു അദ്ദേഹം. വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കുകളിലായിരുന്നെങ്കിലും മേയർ അജിതാ ജയരാജനും മുൻ മേയർ അജിതാ വിജയനും ഫോണിലൂടെ റാഫിക്ക് പിന്തുണയുമായുണ്ടായിരുന്നു. ബജറ്റിനെതിരേ കൗൺസിൽ ഹാളിൽ ആഞ്ഞടിക്കേണ്ട പ്രതിപക്ഷനേതാവ് രാജൻ പല്ലൻ വീട് അടിച്ചുവാരുന്ന തിരക്കിലായിരുന്നു. നഗരസഭയിൽ എല്ലാവരും പുതിയ ബജറ്റിനെക്കുറിച്ചുള്ള ചിന്തകളുടെ ചിലന്തിവലയിലാണ്.

ആ വലപൊട്ടിച്ചു നോക്കിയാൽ പഴയ ബജറ്റ് കാണാം....അതിലെ പദ്ധതികൾ കാണാം...നടപ്പായതും നടപ്പാവാത്തതുമുണ്ട്...അതിനുള്ള ഉത്തരം തരുകയാണ് അന്നത്തെ ബജറ്റ് അവതരിപ്പിച്ച റാഫി ജോസും മുൻമേയർ അജിതാ വിജയനും...പഴയ ബജറ്റിലെ പ്രഖ്യാപനങ്ങൾ മാതൃഭൂമി അവരെ ഓർപ്പെടുത്തുന്നു. അവർ ഉത്തരം പറയുന്നു....

വഞ്ചിക്കുളം ടൂറിസം വികസനം 
വഞ്ചിക്കുളത്ത് ജലഗതാഗതം സാധ്യമാക്കൽ..ടൂറിസം വകുപ്പുമായി സഹകരിച്ച് മോട്ടോർ ബോട്ടുകൾ, പെഡസ്ട്രിയൽ ബോട്ടുകൾ എന്നിവ ഒരുക്കും. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വിനോദവിശ്രമ കേന്ദ്രമാക്കി ഈ സാമ്പത്തികവർഷം ഉദ്ഘാടനം ചെയ്യുന്നു. വഞ്ചിക്കുളത്ത് ആധുനികസൗകര്യമുള്ള പാർക്ക് ഒരുക്കും. മൂന്നാംഘട്ടമായി വടൂക്കരപാലം വരെയുള്ള സ്ഥലം വികസിപ്പിക്കും. എട്ട് ഏക്കർ കോർപ്പറേഷൻ വാങ്ങിയിട്ടുണ്ട്. നഗരസൗന്ദര്യവത്കരമാണ് പദ്ധതിയുടെ അടിസ്ഥാനം.

റാഫി ജോസ് : വഞ്ചിക്കുളവും അനുബന്ധതോടും കെട്ടി സംരക്ഷിക്കുന്ന ഒന്നാംഘട്ടം പൂർത്തിയായി. വിനോദസഞ്ചാരത്തിനു വേണ്ടിയുള്ള മറ്റ് പ്രവൃത്തികൾ അടക്കമുള്ള രണ്ടാംഘട്ടം നടന്നുവരുകയാണ്.

ദിവാൻജിമൂല മേൽപ്പാല നിർമാണം

അജിതാ വിജയൻ : എന്തൊക്കെ വിവാദങ്ങളുണ്ടായാലും നഗരവികസനത്തിന്റെ നാഴികക്കല്ലായി മാറും ദിവാൻജിമൂല മേൽപ്പാലം. നഗരഗതാഗതത്തിന്റെ തിക്കുമുട്ടലുകൾക്കുള്ള വലിയ ആശ്വാസം. നിർമാണം അന്തിമഘട്ടത്തിലാണ്. ഏപ്രിൽ-മെയ് മാസത്തിൽ ഉദ്ഘാടനം ഉണ്ടാകും.

പത്തുകോടിയുടെ ശക്തൻനഗർ സമഗ്രവികസനം

റാഫി ജോസ് : ശക്തൻ നഗറിൽ ആധുനിക സൗകര്യമുള്ള കോർപ്പറേഷൻ ഓഫീസിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് പൂർണമായും തയ്യാറാക്കിയിട്ടുണ്ട്. കൗൺസിൽ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. നിർമാണം തുടങ്ങിയിട്ടില്ല. ആധുനിക രീതിയിലുള്ള മത്സ്യ-മാംസ പച്ചക്കറി മാർക്കറ്റിന്റെ വിശദപദ്ധതി റിപ്പോർട്ട് പുതുക്കുന്ന ജോലികൾ നടക്കുന്നു. ശക്തൻ ബസ്‌സ്റ്റാൻഡിന്റെ നവീകരണത്തിനായി വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

പുഴയ്ക്കലും ഒല്ലൂക്കരയിലും പുതിയ ബസ്‌സ്റ്റാൻഡുകൾ

അജിതാ വിജയൻ : കൗൺസിലിൽ വിഷയം കൊണ്ടുവന്നെങ്കിലും തണ്ണീർത്തട നിയമം നിലനിൽക്കുന്നതിനാൽ പല കോണുകളിൽനിന്നും എതിർപ്പുയർന്നിരുന്നു. ഇതിനാൽ അജൻഡ മാറ്റിവെച്ചു.

പ്രധാന ജങ്‌ഷനുകളുടെ വികസനം

റാഫി ജോസ്:

1. മാർ അപ്രം പള്ളി ജങ്‌ഷൻ - ഒന്നുമായിട്ടില്ല

2. ഫാത്തിമ നഗർ ജങ്‌ഷൻ- ഒന്നുമായിട്ടില്ല

3. ഇക്കണ്ടവാര്യർ ജങ്‌ഷൻ- കാനനിർമാണം പൂർത്തിയായി. ടൈൽ വിരിക്കാനുള്ള ടെൻഡർ ആയി

4. മിഷൻ ക്വാർട്ടേഴ്‌സ് - ഒന്നുമായിട്ടില്ല

5. കുരിയച്ചിറ സെന്റർ ബസ് സ്റ്റോപ്പ് മാറ്റി ജങ്‌ഷൻ വികസനം - പ്രാഥമിക ഘട്ടമായി സർവേ തുടങ്ങി.

6. കുരിയച്ചിറ സെന്റർ അടിപ്പാത നിർമാണം - സർവേ കഴിഞ്ഞുവേണം അടിപ്പാതയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ

7. കെ.എസ്.ആർ.ടി.സി. ജങ്‌ഷൻ വികസനം - ഒന്നുമായിട്ടില്ല

8. അശ്വിനി ജങ്‌ഷൻ വികസനം - ടൈൽവിരിക്കാനുള്ള ടെൻഡർ ആയിട്ടുണ്ട്

9. വിയ്യൂർ-പെരിങ്ങാവ് ജങ്‌ഷൻ വികസനം - ഒന്നുമായിട്ടില്ല

അമ്പത് ലക്ഷത്തിന്റെ നഗരഹരിതവത്കരണം
നഗരത്തിൽ പ്രത്യേകം ഗ്രീൻ ബെൽറ്റുകൾ നിർമിക്കുക, പാടശേഖരങ്ങൾ സംരക്ഷിക്കുക, മരങ്ങൾ വെച്ചുപിടിപ്പിക്കൽ, വെർട്ടിക്കൽ ഗാർഡനിങ്, റൂഫ് ഗാർഡൻ, വിഷരഹിത പച്ചക്കറി ഉത്പാദനം. ഓരോ വീടും ഡിവിഷനും ഹരിതാഭമാക്കൽ.

അജിതാ വിജയൻ : ലാലൂരിൽ സ്പോർട്‌സ് കോംപ്ലക്‌സ് നിർമാണത്തിന് മുമ്പായി 50 സെന്റ് ഏറ്റെടുത്ത് വാഴ-പച്ചക്കറി കൃഷി നടത്തി. വിഷരഹിത പച്ചക്കറി ഉത്പാദനത്തിന് വീടുകൾതോറും തൈകളും വിത്തുകളും നൽകിയിട്ടുണ്ട്. ആവശ്യപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഗ്രോബാഗുകൾ നൽകിയിട്ടുണ്ട്.

നഗരസുരക്ഷയ്ക്കായി ക്യാമറകൾ

മുന്നൂറ് കേന്ദ്രങ്ങളിൽ പോലീസുമായി സഹകരിച്ച് സി.സി.ടി.വി. ക്യാമറ. ഡിവിഷൻതലത്തിലെ പ്രധാന കേന്ദ്രങ്ങളിലും കോർപ്പറേഷൻ നേതൃത്വത്തിൽ സി.സി.ടി.വി. സ്ഥാപിക്കും.

റാഫി ജോസ് : പോലീസ് വകുപ്പും തൃശ്ശൂർ കോർപ്പറേഷനും ചേർന്ന് പദ്ധതി യാഥാർഥ്യത്തിലേക്കെത്തിക്കുന്നു....ടെൻഡർ കഴിഞ്ഞു.

വടക്കേ ബസ്‌സ്റ്റാൻഡ് വികസനം

അജിതാ വിജയൻ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹായത്തോടെ വടക്കേ ബസ്‌സ്റ്റാൻഡ് ആധുനികവത്കരിക്കൽ അവസാനഘട്ടത്തിലാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തിയാകുമെന്ന് കരുതുന്നു.

ക്രിക്കറ്റ് സ്റ്റേഡിയം

റാഫി ജോസ്: സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നു

വഴിയോരക്കച്ചവട പുനരധിവാസം

അജിതാ വിജയൻ : വഴിവാണിഭം നിരോധിച്ച് ഉത്തരവിറങ്ങിയെങ്കിലും പ്രാബല്യത്തിൽ വന്നിട്ടില്ല. വഴിയോരക്കച്ചവടക്കാരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ സാധിച്ചിട്ടില്ല.

ചിയ്യാരത്ത് 50 കോടിയുടെ സാംസ്കാരിക സമുച്ചയം.

റാഫി ജോസ് : സ്ഥലം സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തി. വിശദമായ പദ്ധതിരേഖ തയ്യാറാക്കലും കഴിഞ്ഞു. സാംസ്കാരികവകുപ്പ് കോർപ്പറേഷൻ നൽകുന്ന സ്ഥലത്ത് നിർമാണം നടത്തും.

മാസ്റ്റർ പ്ലാൻ പൂർത്തീകരണം

അജിതാ വിജയൻ : പരാതികളും നിർദേശങ്ങളും അനുസരിച്ച് മാറ്റം വരുത്തിയിട്ടുള്ള കരട് മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. സർക്കാർ പരിഗണനയിലാണ്.

മൂന്നുകോടിയുടെ കോർപ്പറേഷൻ സ്റ്റേഡിയം നവീകരണം

റാഫി ജോസ് : ആധുനികരീതിയിലുള്ള ഫ്ളഡ്‌ലൈറ്റ് സ്ഥാപിച്ചു. ലോകനിലവാരമുള്ള സിന്തറ്റിക് ടർഫ് ഗ്രൗണ്ട് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

നാല് കോടിയുടെ നെഹ്രു പാർക്ക് നവീകരണം

അജിതാ വിജയൻ : നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിച്ചു കഴിഞ്ഞു. അവസാന നിർമാണ പ്രവൃത്തിയായ ഫൗണ്ടനും പൂർത്തിയായി.

പൂങ്കുന്നം-പാട്ടുരായ്ക്കൽ ജങ്‌ഷൻ വികസനം

റാഫി ജോസ് : ഇരുപതുവർഷം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് എസ്റ്റിമേറ്റിലേക്കെത്തിക്കഴിഞ്ഞു. മറ്റ് നടപടികൾ പൂർത്തിയാക്കണം.

എം.ഒ. റോഡ് അടിപ്പാത

അജിതാ വിജയൻ : രണ്ടുകോടി രൂപയുടെ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിഞ്ഞു.

ടാഗോർ സെന്റിനറി ഹാൾ ആധുനികവത്‌കരണം

റാഫി ജോസ്: വിവാദങ്ങൾക്കിടയിലും ആദ്യഘട്ട നിർമാണം തുടങ്ങാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

അമ്പത് ലക്ഷത്തിന്റെ ഇ.എം.എസ്. ഓപ്പൺ എയർ തിയേറ്റർ
ജനകീയ ചർച്ചകൾക്കുള്ള പൊതുവേദിയായി പട്ടാളം റോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിനടുത്ത് നിർമാണം ആരംഭിച്ച തിയേറ്റർ ഈവർഷം തന്നെ പൊതുപരിപാടികൾക്ക് വിട്ടുകൊടുക്കും. രണ്ടാംഘട്ടമായി ഇ.എം.എസ്. പ്രതിമ നഗരചത്വരവും നിർമിക്കും

അജിതാ വിജയൻ : ഒന്നും നടന്നിട്ടില്ല

അറുപത് കോടിയുടെ കൊക്കാല ട്രീറ്റ്‌മെന്റ് പ്ലാന്റ്

റാഫി ജോസ് : കൊക്കാലയ്ക്ക് ചുറ്റുപാടുമുള്ള ഏഴ് ഡിവിഷനുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. വഞ്ചിക്കുളത്ത് ഇതിനായി 12 ഏക്കർ വാങ്ങിയിട്ടുണ്ട്. മറ്റ് നടപടികൾ പൂർത്തിയാക്കണം.

ആധുനിക സൗകര്യത്തോടെയുള്ള അയ്യന്തോൾ സോണൽ ഓഫീസ്

അജിതാ വിജയൻ: അത് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങി

ഫ്ളൈ ഓവറുകൾ

റാഫി ജോസ് : പടിഞ്ഞാറേക്കോട്ട ഫ്ളൈ ഓവറിന് ഭരണാനുമതി കിട്ടിയിട്ടുണ്ട്. ബാല്യ ആശുപത്രിക്ക് സമീപമുള്ള കൊക്കാല ഫ്ളൈ ഓവറിന്റെ സർവേ കഴിഞ്ഞു. കിഴക്കേക്കോട്ട ഫ്ളൈ ഓവറിന്റെ നടപടികൾ തുടങ്ങണം.

അയ്യന്തോൾ കമ്യൂണിറ്റി ഹാളും ഷോപ്പിങ് കോപ്ലക്സും

അജിതാ വിജയൻ: പുതിയ കെട്ടിടം പണിയുകയും പ്രവർത്തന സജ്ജമാവുകയും ചെയ്തു.

സർക്കാർ സഹായത്തോടെ രണ്ട് ഇലക്ട്രിക് സിറ്റി ബസ് സർവീസുകൾ

റാഫി ജോസ്: പദ്ധതി നടന്നില്ല.

ആശുപത്രി വികസനം

അജിതാ വിജയൻ : ഒരു ദിവസം മൂവായിരത്തോളം പേരെത്തുകയും ഒരുമാസം നാനൂറോളം പ്രസവങ്ങൾ നടക്കുന്നതുമായ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വലിയ തോതിൽ കൂട്ടി. ആധുനിക രീതിയിലുള്ള ചികത്സാരീതികൾ ആവശ്യമായ പുതിയ സംവിധാനങ്ങൾ ഒരുക്കി. ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി. വാർഡുകൾ നവീകരിച്ചു. അയ്യന്തോൾ ആയുർവേദ ആശുപത്രി നിർമിച്ച് പ്രവർത്തനം തുടങ്ങി. വിൽവട്ടം ആയുർവേദ ആശുപത്രി നിർമാണം പൂർത്തിയായി വരുന്നു. അമ്പാടി കുളത്തിനടുത്ത് അയ്യന്തോൾ പ്രാഥമിക ആരോഗ്യകേന്ദ്രം 10,000 ചതുരശ്ര അടിയിൽ കെട്ടിടം പൂർത്തിയായി പ്രവർത്തനം തുടങ്ങി.

ലാലൂരിൽ പുതിയ സ്‌പോർട്‌സ് കോംപ്ലക്സ്

റാഫി ജോസ് : നിർമാണോദ്ഘാടനം കഴിഞ്ഞു...ഗ്യാലറി നിർമാണമുൾപ്പെടെയുള്ള നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു.

അമ്പതുലക്ഷത്തിന്റെ കുടുംബശ്രീ ആസ്ഥാനമന്ദിരം

അജിതാ വിജയൻ : ശക്തൻനഗറിൽ താഴെ നിലയിൽ ഓഫീസും മുകൾനിലയിൽ ഷീ ലോഡ്ജുമുൾപ്പടെയുള്ള പദ്ധതിയുടെ ആദ്യനില പൂർത്തിയായി. രണ്ടാം നിലയുടെ പണി നടക്കുന്നു.

കുരിയച്ചിറ സ്ലോട്ടർ ഹൗസ്

റാഫി ജോസ്: നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി

അങ്കണവാടികൾ -ശിശുസൗഹൃദ കേന്ദ്രങ്ങൾ

തൃശ്ശൂരിനെ കേരളത്തിലെ ആദ്യ ശിശുസൗഹൃദ കോർപ്പറേഷൻ തലത്തിലേക്ക് ഉയർത്തുന്നതിന് എല്ലാ അങ്കണവാടികളെയും മാതൃകാ അങ്കണവാടികളാക്കുന്നു. ആകെ 248 അങ്കണവാടികൾ സ്വന്തമായി കെട്ടിടമുള്ള 77 എണ്ണത്തിന്. 177 എണ്ണത്തിന് സ്വന്തമായി കെട്ടിടമില്ല.

അജിതാ വിജയൻ : സ്ഥലമുള്ളവയ്ക്ക് കെട്ടിടങ്ങൾ ആയിട്ടുണ്ട്. ചിലതിന്റെ നിർമാണം നടക്കുന്നു. ഇതിനായി തനത് ഫണ്ടുൾപ്പെടെ ഉപയോഗിക്കുന്നു. എല്ലാം മാതൃകാ അങ്കണവാടികളാക്കുന്നു.

കുടിവെള്ളവിതരണം

റാഫി ജോസ് : കുടിവെള്ളവിതരണത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളവിതരണം സുഗമമാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇപ്പോഴും നടപടികൾ പുരോഗമിക്കുന്നു. പീച്ചിയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് വലിയ മാറ്റം കൊണ്ടുവരും.

ജനന-മരണ വിവാഹ രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈൻ ആക്കി ഡിജിെറ്റെസ് ചെയ്യുന്നു

അജിതാ വിജയൻ : ലോകത്ത് എവിടെനിന്നും ജനന-മരണ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് പകർപ്പ് ഉപയോഗിക്കാവുന്ന തരത്തിൽ സംവിധാനമൊരുക്കി. സംസ്ഥാനത്ത് പൂർണമായും വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്ത തദ്ദേശസ്ഥാപനം തൃശ്ശൂർ കോർപ്പറേഷനാണ്.

വീടില്ലാത്തവർക്ക് വീടുകൾ

റാഫി ജോസ് : മാറ്റാമ്പുറമ്പത്ത് ആയിരം കുടുംബങ്ങൾക്കുള്ള ടൗൺഷിപ്പിന് സർക്കാർ അംഗീകാരത്തിനായി അയച്ചു. കുരിയച്ചിറയിലും വീടുകൾ കൊടുക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു.

കോലോത്തുംപാടത്ത് ഒരേക്കറിൽ അഞ്ചുകോടിയുടെ പാർക്ക് നിർമാണം

അജിതാ വിജയൻ: ഒന്നുമായിട്ടില്ല

ഒല്ലൂർ നഗരത്തിന്റെ പരിഷ്‌കരണം

റാഫി ജോസ്: സർവേ കഴിഞ്ഞു.

ഷോപ്പിങ് കോപ്ലക്സുകൾക്ക് 25 കോടി

അജിതാ വിജയൻ : പടിഞ്ഞാറേക്കോട്ട ഷോപ്പിങ് കോപ്ലക്സ് പണിതു കഴിഞ്ഞു. നടുവിലാൽ ഷോപ്പിങ് കോപ്ലക്‌സ് ഒന്നുമായിട്ടില്ല. ചെമ്പൂക്കാവിൽ പുതിയ ഷോപ്പിങ് കോംപ്ലക്‌സും ഒന്നുമായിട്ടില്ല

സൗത്ത് മുനയം - കണിമംഗലം പാലം വരെയുള്ള റോഡ്

റാഫി ജോസ്: രണ്ടരക്കോടിയുടെ വികസനം അന്തിമഘട്ടത്തിലാണ്.

കോലോത്തുംപാടത്ത് സാറ്റ്‌ലൈറ്റ് സിറ്റി, 200 വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൾട്ടിലെവൽ പാർക്കിങ് സൗകര്യവും ഷോപ്പിങ് കോംപ്ലക്സും 

അജിതാ വിജയൻ : നിർമാണം നടക്കുന്നു

പുതിയ ബജറ്റ

ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തിന്റെ എല്ലാ തട്ടിലും വികസനമെത്തിക്കും. യുവാക്കൾക്ക് ഗുണപ്രദമാകുന്ന രീതിയിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന രീതിയിലുമായിരിക്കും. നഗരത്തെ ആധൂനികവത്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുതിയ ബജറ്റിലുണ്ടാകും.

പി. റാഫി ജോസ്

ഡെപ്യുട്ടി മേയർ