: ജനത കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭൂരിഭാഗം ആളുകൾ വീട്ടിൽ സ്വസ്ഥമായി ഇരുന്നപ്പോൾ കോൾമേഖലയിലെ കർഷകർക്ക് ഇരിപ്പുറച്ചില്ല. ഞായറാഴ്‌ച നേരം വെളുക്കാൻ തുടങ്ങിയപ്പോൾ ഉള്ളിൽ തീയുമായി പലരും അവരുടെ കൃഷിഭൂമിയിലേക്ക് പാഞ്ഞു. അവർ പൊന്നുപോലെ നോക്കിവളർത്തിയ കൃഷി നടുവൊടിഞ്ഞ് വെള്ളത്തിൽ വീണുകിടക്കുന്നതു കണ്ട് നെഞ്ചുപിടഞ്ഞു.

കോൾപ്പാടത്ത് കൊയ്‌ത്തുകാലത്ത് വേനൽമഴ സ്വാഭാവികമാണ്. എന്നാൽ, കർഷകരെ വലിയൊരു നഷ്ടത്തിലേക്ക് മുക്കിയ മഴയാണ് ശനിയാഴ്‌ച രാത്രി പെയ്തത്. മഴയ്ക്കു പുറമേ ശക്തമായ കാറ്റും കൂടിയായത് കൃഷിയുടെ നാശത്തിന്റെ വ്യാപ്തി കൂട്ടി. പാറളം, വല്ലച്ചിറ പഞ്ചായത്തുകളിലെ വിവിധ പടവുകളിലെ രണ്ടായിരത്തിലധികം നെൽകൃഷിയെയാണ് മഴ ബാധിച്ചത്.

ഇതിൽ വലിയതോതിൽ നെൽച്ചെടികൾ കതിരടക്കം വെള്ളത്തിൽ വീണു. ജൂബിലി തേവർപടവ്‌, ചേനം തരിശുപടവ്‌, കോടന്നൂർ തരിശുപടവ്‌, വല്ലച്ചിറ ചാപ്പക്കായൽ പാടശേഖരം എന്നിവിടങ്ങളിലാണ് കൃഷി നശിച്ചത്.

‘ചേനം പടവിൽ വൻ നാശം’

ചേനംപടവിലാണ്‌ ഏറ്റവും വലിയതോതിൽ കൃഷി നശിച്ചത്‌. 40 ഏക്കറിലെ 230 ടൺ നെല്ല് ചാക്കിൽ സൂക്ഷിച്ചത് നനഞ്ഞു. കൊയ്യാനുള്ള 510 ഏക്കർ നെൽകൃഷി വെള്ളത്തിൽ വീണു.

നെല്ലിനും വൈക്കോലിനുമായി ഒരുകോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പടവ് സെക്രട്ടറി കെ.കെ. ജലാലുദ്ദീൻ പറഞ്ഞു.

1500 ടൺ നെല്ല് ലഭിക്കുന്ന പടവിൽ, പോയ വർഷങ്ങളിൽ ശരാശരി മൂന്നരക്കോടി രൂപയുടെ നെല്ല് ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൊയ്‌ത്തുയന്ത്രങ്ങൾ ഇറക്കാനും മറ്റും വളരെ ബുദ്ധിമുട്ടാണ്-ജലാലുദ്ദീൻ പറഞ്ഞു.

‘കോടന്നൂർ പടവിൽ’ 140 ടൺ നശിച്ചു

: കൊയ്‌ത്ത്‌ കഴിഞ്ഞ നെല്ല് വൻതോതിൽ നശിച്ചത് കോടന്നൂർ പടവിലാണ്. മൊത്തം 450 ഏക്കറിൽ ഇരുനൂറിലധികം ഏക്കറിൽ ഇവിടെ കൊയ്‌ത്ത്‌ നടന്നു. ചാക്കിൽ നിറച്ച നെല്ല് കുറച്ചുഭാഗം മാത്രമാണ് കൊണ്ടുപോകാനായത്. 140 ടൺ നെല്ല് നനഞ്ഞു. കൊയ്യാനുള്ള 250 ഏക്കറിലെ 750 ടൺ നെല്ല് നനഞ്ഞു. നഷ്ടം കുറയ്ക്കാൻ കൊയ്‌ത്ത്‌ കഴിഞ്ഞ നെല്ല് ഉണക്കിയശേഷം വേണം വിൽക്കാൻ. എങ്കിലും 25 ലക്ഷം രൂപ നഷ്ടമുണ്ടാകുമെന്ന് പടവ്‌ കമ്മിറ്റി പ്രസിഡന്റ് പഴോര് അപ്പുക്കുട്ടൻ പറഞ്ഞു.

വല്ലച്ചിറ ചാപ്പക്കായൽ

: കൊയ്യാൻ 15 ദിവസം മാത്രം ബാക്കിനിൽക്കെ ചാപ്പക്കായൽ വെള്ളത്തിൽ മുങ്ങി. പാകമായ നെല്ല് മുഴുവൻ വെള്ളത്തിൽ ഒടിഞ്ഞുവീണു. 60 ഏക്കറിലെ കൃഷി പൂർണമായും നശിച്ചതായി പാടശേഖരസമിതി സെക്രട്ടറി കെ.കെ. ശ്രീകുമാർ പറഞ്ഞു. 60 മുതൽ 80 ലക്ഷം വരെ രൂപയുടെ നഷ്ടം സംഭവിച്ചതായി ശ്രീകുമാർ പറഞ്ഞു. സർക്കാരിന് നെൽവിത്ത് നൽകുന്നതിലൂടെ പ്രസിദ്ധമായ പടവാണ് വല്ലച്ചിറ ചാപ്പക്കായൽ. ജൈവകൃഷിയിലും പേരെടുത്ത പടവിന് സർക്കാരിന്റെ കടുത്ത അവഗണനമൂലം അതിന്റെ പ്രതാപം നഷ്ടപ്പെട്ടു.

നെല്ല് സംഭരിക്കാൻപോലും കർഷകർ നെട്ടോട്ടം ഓടേണ്ട ഗതികേടിലെത്തി. കഴിഞ്ഞ വർഷം മുതൽ വിത്തിനുവേണ്ടി നെല്ല് നൽകുന്നത് നിർത്തി. നെല്ലിന് കൃത്യമായി വില ലഭിക്കാത്തതിനാൽ വലിയ നഷ്ടമുണ്ടായി. പിന്നാലെയാണ് ഇക്കൊല്ലം മഴയുടെ രൂപത്തിൽ കർഷകന്റെ നഷ്ടം കനപ്പിച്ചത്‌.

: ചേർപ്പ് ജൂബിലി തേവർപടവിൽ മൊത്തം 950 ഏക്കർ കൃഷിയിൽ 250 ഏക്കർ ഭാഗത്ത് കൊയ്‌ത്ത്‌ കഴിഞ്ഞു. ഇനി 700 ഏക്കർ കൊയ്യാനുണ്ട്. കൂടുതൽ കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.

കർഷകർക്ക്‌ പറയാനുള്ളത്

: വായ്പ വാങ്ങിയും ഉള്ളത് പെറുക്കിവിറ്റുമാണ് ഭൂരിഭാഗം നെൽക്കർഷകർ കൃഷിയിറക്കുന്നത്. ഓരോ കൊല്ലവും പ്രകൃതിക്ഷോഭവും മറ്റും അവരെ വലിയൊരു ബാധ്യതയിലേക്ക് എത്തിക്കുമെങ്കിലും ആ ബാധ്യത തീർക്കാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും കൃഷിയിൽ പിടിച്ചുനിൽക്കുക. ഒട്ടേറെപ്പേർ നെൽകൃഷി കൈയൊഴിഞ്ഞാലും കൃഷിയെ സ്നേഹിക്കുന്നവർക്ക്‌ അത് കൈയൊഴിയാൻ കഴിയില്ല.

നഷ്ടം വന്നാൽ സർക്കാർസഹായങ്ങൾ വളരെ പരിമിതവും. കഴിഞ്ഞ ദിവസംപെയ്ത മഴയിൽ പെരുമ്പിള്ളിശ്ശേരിയിലെ യുവകർഷകൻ എം.സി. ബിജുവിനുണ്ടായ നഷ്ടം ഒന്നരലക്ഷം രൂപയാണ്. ജൂബിലി പടവിലും പൂത്തറയ്ക്കലിൽ തരിശുഭൂമി കൃഷിയിടമാക്കിയ സ്ഥലത്തുമായി അഞ്ച് ഏക്കറിലാണ് ബിജു കൃഷിയിറക്കിയത്.

വെള്ളത്തിൽ വീണ വലിയൊരു ഭാഗത്തെ നെല്ല് പൂർണമായും നശിച്ചു. ബാക്കിവന്ന നെല്ല് കൊയ്യാൻ ഇനി എളുപ്പമല്ല. കൊയ്‌ത്തുയന്ത്രം ഇറക്കാനുള്ള ബുദ്ധിമുട്ടാണ് വലിയ തടസ്സം. കുതിർന്ന പാടത്ത് യന്ത്രം ഇറക്കി കൊയ്‌താലും ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല -ബിജു പറഞ്ഞു. ഒരേക്കർ വരുന്ന പാടത്തെ വൈക്കോലിന് 4500 രൂപ ലഭിച്ചിരുന്നത് മഴനനഞ്ഞാൽ 2000 രൂപയായി കുറയ്ക്കും. നെല്ല് വിൽക്കുന്ന സമയത്ത് സംഭരിക്കാൻ എത്തുന്നവർ ഇക്കാരണം പറഞ്ഞ് നെല്ലിന് വില കുറയ്ക്കുന്നത് കർഷകന്റെ നഷ്ടം കൂട്ടുന്നു.

ഓരോ വർഷവും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും കൃഷിയിൽ പിടിച്ചുനിൽക്കുന്ന കർഷകരുടെ പ്രതിനിധിയാണ് വല്ലച്ചിറ ചാപ്പക്കായൽ പാടശേഖരസമിതി സെക്രട്ടറി കെ.ജി. ശ്രീകുമാർ. കഴിഞ്ഞ മഴമൂലം ഇദ്ദേഹത്തിന് നഷ്ടമായത് അഞ്ചുലക്ഷം രൂപയാണ്.