സന്തോഷിന്റെ ചൂടുചായ ഊതിക്കുടിച്ചാലേ നെന്മണിക്കരയിലെ പ്രഭാതങ്ങൾക്ക് ഒരു ഉണർവുണ്ടാകൂ. അത് കൊറോണക്കാലത്തായാലും ലോകകപ്പ് കാലത്തായാലും ടോൾസമരക്കാലത്തായാലും മാറ്റമില്ല. ആമ്പല്ലൂർ ദേശീയപാതയ്ക്കു സമീപം ചേർപ്പുകാരൻ സന്തോഷ് നടത്തുന്ന മഹാദേവ ടീ സ്റ്റാൾ ഇപ്പോൾ കോവിഡ് 19 വൈറസ് പ്രതിരോധസന്ദേശങ്ങളുടെ പ്രചാരണകേന്ദ്രം കൂടിയാണ്.

ടീ സ്റ്റാളിന്റെ ചുമരുകൾ നിറയെ അതത്‌ ദിവസത്തെ കോവിഡ് 19-നെക്കുറിച്ചുള്ള പത്രവാർത്തകളാണ്. ഇതിൽ അധികവും മാതൃഭൂമി വാർത്തകൾ.

സാമൂഹികമാധ്യമങ്ങൾ വഴിയും അല്ലാതെയും വ്യാജവാർത്തകളും അടിസ്ഥാനമില്ലാത്ത നിർദേശങ്ങളും പ്രചരിക്കുമ്പോൾ ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെ ഉറവിടം ദിനപത്രങ്ങളാണെന്നാണ് സന്തോഷ് പറയുന്നത്.

കൊറോണ രോഗത്തോടൊപ്പം വ്യാപിക്കുന്ന വ്യാജവാർത്തകളുമായി ചായക്കടയിലെത്തുന്നവരോട് സന്തോഷിനൊന്നേ പറയാനുള്ളൂ-‘‘പ്രചരിക്കുന്ന വാർത്തകളിലെ സത്യം മാത്രമേ ഇവിടെ ചർച്ചയ്ക്കെടുക്കൂ...’’ കാരണം യഥാർത്ഥ വാർത്തകൾ മഹാദേവ ടീ സ്റ്റാളിന്റെ ചുമരുകളിലുണ്ട്.

രാവിലെ 6.30-ന് തുറക്കുന്ന മഹാദേവ ടീ സ്റ്റാൾ വൈകീട്ട് 6.30-ന് അടയ്ക്കുന്നതിനിടെ കുറഞ്ഞത് നാനൂറുപേർ ഇവിടെയെത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മണലി പാലത്തിനു സമീപം ചായക്കട നടത്തി ഉപജീവനം നടത്തിയിരുന്ന നെന്മണിക്കര ചേർപ്പുകാരൻ ഉണ്ണിച്ചെക്കന്റെയും ലീലയുടെയും മകൻ സന്തോഷ് പത്തൊമ്പതാംവയസ്സിലാണ്‌ ചായക്കട നടത്താൻ തീരുമാനിച്ചത്. അച്ഛനും അമ്മയും ചായക്കട നടത്തിയാണ് ജീവിച്ചത്. പ്രീഡിഗ്രി വരെ പഠിച്ച തനിക്കും മറ്റൊരു പണിയറിയില്ലെന്ന് ഈ നാൽപ്പത്തൊമ്പതുകാരൻ പറയുന്നു. ഭാര്യ ഷിനിയുടെ പിന്തുണയുമുണ്ട്‌ ഇദ്ദേഹത്തിന്‌.

ദേശീയപാത വികസനം വന്നതോടെ മണലിയിൽനിന്ന് ആമ്പല്ലൂർ നെന്മണിക്കര റോഡിലേക്ക് മാറിയിരുന്നെങ്കിലും പതിവുകാർ സന്തോഷിനെ തേടിയെത്തി. കാലടി, അങ്കമാലി, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽനിന്ന് മഹാദേവ ടീ സ്റ്റാളിന് പതിവുകാരുണ്ട്.

നിപ വൈറസ്, ലോകകപ്പ്, ടോൾവിരുദ്ധസമരം എന്നിവ വാർത്തകളിൽ നിറഞ്ഞകാലത്ത് സന്തോഷിന്റെ കടയുടെ ചുമരുകൾ നിറയെ ഇവയുടെ വാർത്തകളായിരുന്നു. പാലിയേക്കര ടോൾവിരുദ്ധസമരം കൊടുമ്പിരികൊണ്ടുനിന്ന കാലത്ത് സമരത്തിന്റെ സിരാകേന്ദ്രമായിരുന്നു മഹാദേവ ടീ സ്റ്റാൾ.

വാട്സ്‌ ആപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളെക്കുറിച്ച് കേട്ടുകേൾവിയില്ലാത്ത കാലത്ത് പതിവായി ചായ കുടിക്കുന്നവർ ചേർന്ന് കൂട്ടായ്‌മയുണ്ടാക്കുക, അതിന്റെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തുക, ഇതെല്ലാം മഹാദേവ ടീ സ്റ്റാളിന് മാത്രം സ്വന്തമായിരുന്നു. ഇവിടത്തെ ചായകുടിസംഘം പ്രദേശത്തെ കലാകായികസംഘടനകളോടും വ്യാപാരസ്ഥാപനങ്ങളോടും സഹകരിച്ച് ചികിത്സാസഹായവും സാമ്പത്തികസഹായവും നൽകിയത് നിരവധിപേർക്കാണ്. വാഹനാപകടത്തിൽ തളർന്നുകിടന്ന ഓട്ടോറിക്ഷാ ഡ്രൈവർക്ക് 70,000 രൂപയാണ് ഇവർ പിരിച്ചെടുത്തുനൽകിയത്. ഇതിനു മുൻപന്തിയിലും സന്തോഷ് തന്നെയായിരുന്നു.