ബുധനാഴ്ച രാത്രി തേക്കിൻകാട്ടിൽ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പിടഞ്ഞ പശുക്കുട്ടിയെ ഒരുസംഘം മൃഗസ്നേഹികൾ രക്ഷപ്പെടുത്തി. ഉപേക്ഷിച്ചുപോയാൽ ഒരുജീവനെ മരണത്തിനു വിട്ടുകൊടുക്കലാകും അതെന്ന തിരിച്ചറിവാണ് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കേശവദാസിനെയും സംഘത്തെയും പിടിച്ചുനിർത്തിയത്.

ബുധനാഴ്ചരാത്രി പത്തുമണിയോടെയാണ് സുഹൃത്തും സഹപ്രവർത്തകനുമായ തളിക്കുളം സ്വദേശി നവീൻ, കേശവദാസിനെ വിളിച്ച് തൃശ്ശൂർ തെക്കേഗോപുരനടയിൽ പശുക്കിടാവിനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുന്ന വിവരമറിയിച്ചത്.

പുറത്തേറ്റ ആഴത്തിലുള്ള മുറിവിൽനിന്നു രക്തം ഒഴുകുന്നുണ്ടായിരുന്നു. രക്തക്കൊതിപൂണ്ട നായ്ക്കൂട്ടം ആട്ടിയിട്ടും പോകാതെ പശുക്കുട്ടിക്കു ചുറ്റും നിന്നു. വിട്ടിട്ടുപോയാൽ നായ്‌ക്കൾ വീണ്ടുമെത്തി കടിച്ചുകീറും. രാത്രി പത്തുമുതൽ രണ്ടുവരെ ഇതിന്റെ ജീവനായി ഇവർ മാറ്റിവെച്ചു.

പശുക്കുട്ടിക്ക് ചികിത്സ നൽകാനായി ഡോക്ടറെ തപ്പി അലഞ്ഞു. അതിനിടെ പശുക്കുട്ടി കുഴഞ്ഞുവീണു. വെള്ളം കൊടുത്തും തലോടിയും അതിനെ പരിചരിച്ചു. ആനചികിത്സകനായ ഡോ. രാജീവിന്റെ നിർദേശപ്രകാരം ഗ്രീൻപാർക്കിലുള്ള ഡോ. മിഥുനിനെ ബന്ധപ്പെട്ടു. പശുക്കുട്ടിയെ ക്ലിനിക്കിലേക്കെത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ആബുലൻസിൽ പശുക്കുട്ടിയെ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. ശേഷം ഇതിനെ കേശവദാസ് സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു.

പശുക്കിടാവുമായി രാത്രി രണ്ടുമണിയോടെ വീട്ടിലേക്ക് മടങ്ങി. രാമദാസ് അയ്യർ, മനീഷ്‌കുമാർ, പ്രസാദ്, സുരേഷ്, രഞ്ജിത്ത് എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു.

വ്യാഴാഴ്ച മൃഗസ്നേഹിക്കൂട്ടായ്മയായ പാവ്സ് ഭാരവാഹികളും ഇവർക്ക് സഹായവുമായെത്തി. രാവിലെ ഒന്നുകൂടി മുറിവുകൾ കെട്ടിയശേഷം ഇതിനെ വടക്കുന്നാഥക്ഷേത്രം ഗോശാലയിലാക്കി. ഇവിടെ താത്കാലികമായി പാർപ്പിക്കാനുള്ള അനുമതി അധികൃതരിൽനിന്നു വാങ്ങി.