ചിത്രം വരച്ച് ജോഷ്‌വിൻ ഇമ്മാനുവെൽ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയാണ്. ത്രിമാന ചിത്രമാണ് വരച്ചത്. എട്ടു മണിക്കൂർ കൊണ്ട് അസംബ്ലി ചെയ്ത ഒരു യന്ത്രം തരും. അത് അഴിച്ചു അളന്ന് തിട്ടപ്പെടുത്തിയാണ് ത്രീഡി മോഡൽ വരച്ചത്. കൂടാതെ ഒരു മിഷ്യൻഫിഗർ തന്ന് അതിന്റെ ചിത്രവും വരച്ച് നേടിയത് സംസ്ഥാന തലമത്സരത്തിലെ ഒന്നാം സമ്മാനമായിരുന്നു.

സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പും കേരള അക്കാദമിക് ഫോർ സ്‌കിൽസ് എക്‌സലന്റും ചേർന്ന് നടത്തിയ ഇന്ത്യ സ്‌കിൽസ് കേരള-2020 മത്സരത്തിലാണ് 21-കാരനായ ജോഷ്‌വിൻ വിജയകിരീടം കരസ്ഥമാക്കിയത്. അതിരൂപതയുടെ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥിയായ സമ്മാന ജേതാവ് നിലമ്പൂർ സ്വദേശിയാണ്.

മത്സര ഇനങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിച്ച് അതിൽനിന്ന് ഇഷ്ടമുള്ള വിഷയം സ്വയം തിരഞ്ഞെടുക്കാം. അങ്ങനെ 39 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലാ, സോണൽ, സംസ്ഥാനം എന്നീ മൂന്നു തലത്തിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 16,793 പേർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. ഇനി ദേശീയതല മത്സരവും അതിൽ വിജയിക്കുന്നവർക്ക് 2021-ൽ ചൈനയിലെ ഷാങ്ങ്ഹായിൽ നടക്കുന്ന ലോകോത്തര മത്സരത്തിലും പങ്കെടുക്കാം.