അധ്യാപനം ഒരു കലയാണ്. ഉപദേശിക്കുന്നു എന്ന അലോസരം സൃഷ്ടിക്കാതെതന്നെ ശിഷ്യർക്ക് നേർവഴി കാണിച്ചുകൊടുക്കാൻ ഉത്തമരായ ഗുരുക്കൾക്ക് കഴിയും. എന്റെ വിദ്യാർഥിജീവിതത്തിലുണ്ടായ അത്തരമൊരു അനുഭവത്തിന്റെ ചിത്രീകരണമാണ് ഇത്.
സംഭവത്തിന് അരനൂറ്റാണ്ട് പഴക്കമുണ്ട്. ഞാൻ കേരളവർമ കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന കാലം. രണ്ടാംഭാഷയായ മലയാളം പഠിപ്പിച്ചിരുന്നത് പണ്ഡിതവര്യനായ കെ.പി. നാരായണപിഷാരടിമാഷായിരുന്നു. മാളവികാഗ്നിമിത്രത്തിന് എ.ആർ. തിരുമേനി തയ്യാറാക്കിയ വിവർത്തനമായിരുന്നു പാഠപുസ്തകം. മാഷ് പതിവുപോലെ ക്ലാസിലേക്ക് പ്രവേശിച്ച് ഒരു മൂലയിൽ ചെരിപ്പും കുടയും വെച്ച്, പ്ലാറ്റ്‌ഫോമിൽ കയറി കസേരയിലിരുന്ന്, ഹാജർ പുസ്തകം എടുത്ത് നിവർത്തിവെച്ച് പേരുകൾ നീട്ടിവിളിക്കാൻ തുടങ്ങുന്നു. അനന്തനാരായണൻ പി.കെ., ബാലഗംഗാധരൻ വി.ആർ... പേര് വിളി അവസാനിപ്പിച്ചശേഷം കാർബൺപേപ്പർ മടക്കി പൂർവസ്ഥാനത്ത് തിരുകി ഹാജർ പുസ്തകം അടച്ചുവെച്ചശേഷം തലേന്ന് നിർത്തിയ ഇടത്തിൽനിന്ന് നാടകം പുനരാരംഭിക്കുന്നതിന് പ്രാരംഭമായി ക്ലാസിൽ വിശാലമായ ഒരു നോട്ടപ്രദക്ഷിണം നടത്തിയപ്പോഴാണ് ആ അസാധാരണമായ കാഴ്ച അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

പാളികൾ പിടിപ്പിച്ചിട്ടില്ലാത്ത ജനലിന്റെ വിശാലമായ തുറസ്സിലൂടെ സേതുമാധവൻ എന്ന വിദ്യാർഥി ഞൊടിയിടയിൽ അതാ അപ്രത്യക്ഷനാകുന്നു. ‘‘ആരെങ്കിലും ഓടിപ്പോയി ആ മിടുക്കനെ പിടിച്ചുകൊണ്ടുവരൂ...’’ മാഷ് മൊഴിഞ്ഞത് പെട്ടെന്നായിരുന്നു. ആ കല്പന കേട്ടപാതി കേൾക്കാത്തപാതി സേതുവിന്റെ അടുത്ത കൂട്ടുകാർ കൂടിയായ ചന്ദ്രനും തോമസും പുറത്തേക്ക് ഓടി. 
  കോളേജിന് പുറത്ത് ഭാസ്‌കരൻനായർ നടത്തിയിരുന്ന ബീഫും പൊറോട്ടയും മറ്റും കിട്ടുന്ന കടയിലേക്കായിരിക്കും സേതു ഓടിക്കേറുന്നത് എന്ന അവരുടെ ഊഹം തെറ്റിയില്ല. 
അവനെ കോളറിൽ തൂക്കിയെടുത്ത് വിജയശ്രീലാളിതരായ അവർ മാഷുടെ മുന്നിൽ തൊണ്ടിമുതലെന്ന മട്ടിൽ ഹാജരാക്കി. നിറഞ്ഞ പുഞ്ചിരി പൊഴിച്ച് സേതുവിനെ നോക്കിയ മാഷ് ‘മിടുക്കൻ; സീറ്റിൽ പോയിരിക്കൂ...’ എന്ന് നിർദേശിച്ചു. ലജ്ജാഭാരംകൊണ്ട് കുനിഞ്ഞമുഖവുമായി അയാൾ സീറ്റിൽ പോയിരുന്നു. 

ഉടൻ വന്നു മാഷുടെ അടുത്ത കല്പന ‘എണീക്കാ...’ ക്ലാസ്‌മുറിയുടെ വാതിൽ ചൂണ്ടിക്കാട്ടി മാഷ് തുടർന്നു. ‘ഇതിലേ പോകൂ...’ ചമ്മലിൽ സ്വയം ഇല്ലാതായ സേതു അനങ്ങിയില്ല. ‘തനിക്ക് ക്ലാസിലിരിക്കാൻ ഇഷ്ടല്ലല്ലോ. പുറത്ത് പൊക്കോളൂ...’  മാഷ് തുടർന്നു. സേതു കരച്ചിലിന്റെ വക്കത്തെത്തി. ‘ജീവിതത്തിൽ നേർവഴി ഉപേക്ഷിക്കരുത്. 
  മറുവഴികൾ ആകർഷണീയമായി തോന്നിയേക്കാം. പക്ഷേ, അവ ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്തിക്കില്ല. നേർവഴി കൈവെടിയുന്നവർ ഭീരുക്കളാണ്. 
എന്റെ ശിഷ്യർ ധീരരായി കാണാനാ എനിക്കിഷ്ടം...’ മാഷ് തുടർന്നുപറഞ്ഞ കാര്യങ്ങളുടെ അർഥം ഇങ്ങനെ സംഗ്രഹിക്കാം: ‘ഹലോ യങ്‌മെൻ, നെവർ ട്രെസ്പാസ്’ എന്ന് ഇംഗ്ലീഷിൽ ചുരുക്കിപ്പറയാവുന്ന വലിയ ഒരു ഉപദേശമാണ് ക്ലാസിലുള്ള എല്ലാവരുടെയും മനസ്സിൽ ശിലാലിഖിതമായി മുദ്രണംചെയ്യുന്ന മട്ട്, നാടകം ആരംഭിക്കുന്നതിന് മുമ്പ്‌, നാടകീയമായി മാഷ് അവതരിപ്പിച്ചത്. 
അധ്യാപനം ഒരു കലയാണ് എന്ന ആശയം നിനവിലുയരുമ്പോഴെല്ലാം അഭിവന്ദ്യനായ ഷാരടിമാഷും മാഷുടെ മുന്നിൽ അടിയറവ് പറയേണ്ടിവന്ന സേതുവുമെല്ലാം എന്റെ മനസ്സിൽ പുനർജനിക്കാറുണ്ട്.