കൊറോണഭീഷണി നിലനിൽക്കുന്നതിനാൽ അവധിക്കാല ക്യാമ്പുകൾക്കും കോഴ്‌സുകൾക്കുമെല്ലാം സ്കൂളിനൊപ്പം അവധിയാണ്. ഇതോടെ കുട്ടികൾ മുഴുവൻസമയവും വീട്ടിൽ തന്നെയുണ്ടാവും. എന്നാൽ സമയം നോക്കാതെ വെയിലിലിറങ്ങി കളിച്ചാൽ വാടിവീഴുമെന്നുറപ്പാണ്.  വെയിൽ ശക്തമാകുന്ന ഉച്ചസമയങ്ങളിൽ പുറത്തിറങ്ങി കളിക്കരുത്. ആ സമയങ്ങളിൽ ഇൻഡോർ ഗെയിംസിലോ വായനയിലോ മുഴുകാം. 
ഊൺ കഴിച്ച് ഒരു കുഞ്ഞുപകലുറക്കമായാലും കുഴപ്പമില്ല. രാവിലെയും വൈകിട്ടുമുള്ള സമയത്ത് പുറത്തിറങ്ങി കളിക്കാം. വീട്ടിലിരുന്ന്‌ കളിക്കാൻ ചെസ് ബോർഡ്, മെമ്മറി കാർഡ്‌സ്‌, ബിസിനസ് കാർഡ്‌സ്‌, ക്രോസ് വേർഡ്‌സ് തുടങ്ങിയവ ഉപയോഗിക്കാം. ഇതിനെല്ലാം പുറമെ നിരവധി പസിൽ ഗെയിമുകളും വിപണിയിലുണ്ട്. കുട്ടികളുടെ താത്പര്യത്തിനനുസരിച്ച് അവ വാങ്ങിനൽകാം. കുട്ടികളിലെ ബുദ്ധിശക്തിയും ആശയവിനിമയശേഷിയും പൊതുവിജ്ഞാനവുമെല്ലാം വർധിപ്പിക്കാനുപയോഗിക്കുന്നവയാണ് ഇവയിൽ മിക്കവയും. 

കളിപ്പാട്ടത്തിനൊപ്പം ഒരുകുപ്പി വെള്ളവും

കളിപ്പാട്ടങ്ങൾക്കൊപ്പം അവർക്ക് ഒരു കുപ്പിവെള്ളവും നൽകാം. കളിക്കുന്നതിനിടയിൽ ദാഹിച്ചാലും ഇല്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കണം. പുറത്ത് കഠിനമായ ചൂടാണെങ്കിലും കുട്ടികൾക്ക് പൊതുവെ വെള്ളം കുടിക്കാൻ മടിയാണ്. അതിനാൽ ജ്യൂസുകളുടെ രൂപത്തിലോ മറ്റോ വെള്ളം അവരുടെ ശരീരത്തിലെത്തിക്കാം. 
തണ്ണിമത്തൻ, ഓറഞ്ച്, മൂസംബി തുടങ്ങിയവ ജ്യൂസായും അല്ലാതെയും കഴിക്കാൻ നൽകുന്നതും നല്ലതാണ്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും ഉൾപ്പെടുത്താം. ഭക്ഷണം കഴിക്കുന്നതിനു മുമ്പ്  കൈകൾ വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

വില്ലൻമാരല്ല...

മൊബൈൽ, ടി.വി, കംപ്യൂട്ടർ എന്നൊക്കെ കേൾക്കുമ്പോഴേ ചിലർ പറയും കുട്ടികളുടെ ശത്രുക്കളാണെന്ന്. എന്നാൽ അങ്ങനെയൊരു മുൻധാരണ മാറ്റിവെയ്ക്കാം. മാറുന്ന കാലത്ത് ഇവയെല്ലാം കുട്ടികളുടെ അറിവ് സമ്പാദനത്തിനുള്ള വഴികൾ തന്നെയാണ്. എന്നാൽ ഉപയോഗിക്കുന്നതിൽ ശ്രദ്ധവേണം. കുട്ടികൾ അവയ്ക്ക്‌ അടിമകളാകാതെ നോക്കണം. അല്ലെങ്കിൽ ഫലം വിപരീതമാകും. 
നല്ലതും ചീത്തയും വേർതിരിച്ചറിയാനാവാത്തവരാണ് കുട്ടികൾ. അതിനാൽ മാതാപിതാക്കളിലാരെങ്കിലുമൊരാൾ അടുത്തിരിക്കുമ്പോൾ കുട്ടികൾക്ക് ഇവ ഉപയോഗിക്കാൻ അനുവാദം കൊടുക്കാം. അല്ലാതെ അവരുടെ തിരക്കുകൾക്കിടയിൽ കുട്ടികളെ ഒഴിവാക്കാനാവരുത് അവയൊന്നും. മുതിർന്നവരുടെ മേൽനോട്ടത്തിൽ ഒരു നിശ്ചിതസമയം ഇവയുടെ ഉപയോഗത്തിന് നൽകാം. 
കുട്ടികൾ ഉപയോഗിക്കുന്ന  വെബ്‌സൈറ്റുകൾ, ഗെയിമുകൾ, യുട്യൂബ് ഉപയോഗിക്കുന്ന രീതി, ചാറ്റുകൾ എന്നിവയെല്ലാം പരിശോധിക്കണം. നിയന്ത്രണമില്ലാതെ കുട്ടികൾക്കായി ഇവ വിട്ടുകൊടുക്കരുതെന്നുമാത്രം. കണ്ണിനും ദോഷമാണെന്നതിനാൽ ഏറെസമയം ഇതിനു മുന്നിലിരുത്തരുത്. 
വിജ്ഞാനപ്രദമായ നിരവധി പരിപാടികൾ കുട്ടികൾക്കായി പല ചാനലുകളിലുമുണ്ട്. അത് തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കണം. ടി.വി. കാണുമ്പോൾ ഒരു നിശ്ചിത അകലത്തിരുന്ന് കാണാൻ ഓർമിപ്പിക്കുക. 

വ്യായാമം നിർബന്ധം

ഇന്നത്തെ കുട്ടികളിൽ 40 ശതമാനവും പൊണ്ണത്തടിയുള്ളവരാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അവരുടെ നീളത്തിനും പ്രായത്തിനുമനുസരിച്ച് വേണ്ടതിനേക്കാൾ 20 മുതൽ 30 ശതമാനം വരെ ഭാരക്കൂടുതലുള്ളവരാണ് ഇന്നത്തെ കുട്ടികളിൽ പലരും. കാരണം ഭക്ഷണശീലങ്ങളാണ്. അതിനാൽ അവധിക്കാലത്ത് അവർക്ക് ആരോഗ്യകരമായ ഭക്ഷണം നൽകാം. ഒപ്പം വ്യായായമത്തിനും സമയം മാറ്റിവെയ്ക്കണം. ഭക്ഷണവും കഴിച്ച് സ്കൂളിലും ട്യൂഷൻ ക്ലാസിലും ഇരിപ്പാണ്. അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ ടി.വി.ക്കോ മൊബൈലിനോ മുന്നിലാവും. അവധിക്കാലത്ത് വെയിലായതിനാൽ പുറത്തിറങ്ങി കളിക്കുന്നതിനും ചില നിയന്ത്രണങ്ങളുണ്ട്. എന്നാൽ രാവിലെയോ വൈകിട്ടോ അവധിക്കാലത്തും അല്ലാത്തപ്പോഴും വ്യായാമം നിർബന്ധമാക്കാം. അരമണിക്കൂർ ഇതിനായി മാറ്റിവെയ്ക്കാം. കൂടുതലായാലും കുഴപ്പമില്ല. അവർക്കിഷ്ടമുള്ള വ്യായാമരീതികൾ തിരഞ്ഞെടുക്കാൻ അനുവദിക്കാം. 

സ്നേഹപ്രകടനം ഒരുവരയ്ക്കപ്പുറം വേണ്ട

കുട്ടികൾ അധികവും ചൂഷണം നേരിടുന്നത് അവരുമായി വളരെ അടുപ്പമുള്ളവരിൽ നിന്ന് തന്നെയാണ്. ഇതാണ് പോലീസിന് മുന്നിലെത്തുന്ന മിക്ക കേസുകളിൽനിന്നും വ്യക്തമാവുന്നത്. അതിനാൽ ആരായാലും സ്നേഹപ്രകടനം ഒരുപരിധികഴിഞ്ഞ് വേണ്ടെന്ന് ഉറപ്പിക്കണം. 
ആൺകുട്ടികളായാലും പെൺകുട്ടികളായാലും അവരെ നല്ല സ്പർശനവും ചീത്ത സ്പർശനവും എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക. ഇഷ്ടമില്ലാത്ത പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതുതടയാനും വീട്ടുകാരെ അറിയിക്കാനുമുള്ള സൗഹാർദാന്തരീക്ഷം വീട്ടിലൊരുക്കി നൽകണം. 
തൊട്ടടുത്തുള്ള മൈതാനത്തോ അല്ലെങ്കിൽ അടുത്ത വീട്ടിലെ മുറ്റത്തോ മറ്റുമാവും അവധിക്കാലത്ത് കുട്ടിപ്പട്ടാളം. എന്നാൽ എവിടെപ്പോയാലും അപരിചിതരുമായി കൂട്ടുകൂടുന്നതിൽനിന്ന് അവരെ വിലക്കണം. അപരിചിതരിൽനിന്ന് ഭക്ഷണമോ കളിപ്പാട്ടമോ ഒന്നും സ്വീകരിക്കാതിരിക്കുക. തനിച്ച് സഞ്ചരിക്കാതെ മറ്റു കുട്ടികൾക്കൊപ്പം നടക്കുക. 

പൂന്തോട്ടവും വായനയുടെ പൂക്കാലവും

അവധിക്കാലത്ത് കളികൾ മാത്രമല്ല. നല്ല പുസ്തകങ്ങളുമായി കൂട്ടുകൂടാനും പത്രവായന ശീലമാക്കാനും കുട്ടികളെ പഠിപ്പിക്കാം. അതിനായി ചില ചോ​േദ്യാത്തര മത്സരങ്ങൾ നടത്തി അവർക്ക് പ്രോത്സാഹനമായി കുട്ടിസമ്മാനങ്ങളും നൽകാം. നട്ടുച്ചയിലെ പൊരിവെയിലിൽ അവർ വീട്ടിലിരുന്ന് പുസ്തകങ്ങളുമായി കൂട്ടുകൂടട്ടെ. അതിനായി അവരുടെ താത്‌പര്യമനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് നൽകാം. അവധിക്കാലത്ത് അല്പം പച്ചപ്പും അവരുടെ മനസ്സിലൊരുക്കാം. അതിനായി പൂന്തോട്ടനിർമാണത്തിൽ അവരെയും കൂട്ടാം. മണ്ണുമായി പുതുതലമുറയെ പരിചയപ്പെടുത്താം. 
പൂച്ചെടികളും പച്ചക്കറികളും നടാനും വളർത്താനും അവരെക്കൂടി പഠിപ്പിക്കാം. മൈക്രോ ഗ്രീൻസ് പോലെ എളുപ്പത്തിൽ എന്നാൽ പോഷകപ്രദമായി ഉണ്ടാക്കാവുന്ന കുഞ്ഞുചെടികൾ കുട്ടികളുടെ മനസ്സിനും സന്തോഷം നൽകും. അവയെക്കുറിച്ചും പഠിപ്പിക്കാം.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കഠിനമായ ചൂടുള്ള ദിവസങ്ങളിൽ വെയിലത്തിറങ്ങി കളിക്കുന്നത് ഒഴിവാക്കാം. രാവിലെ പത്തിനു മുമ്പും വൈകീട്ട് അഞ്ചിനുശേഷവും പുറത്തിറങ്ങി കളിക്കാം
വിയർപ്പ് കൂടുമ്പോൾ ശരീരത്തിലെ സോഡിയവും പൊട്ടാസ്യവും ജലാംശവും കുറയും. ഇത് ക്ഷീണത്തിനിടയാക്കും. അതിനാൽ ധാരാളം വെള്ളം കുടിക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഒപ്പം ജ്യൂസുകൾ, പാൽ എന്നിവയും കുടിക്കാം.
അയഞ്ഞ വസ്ത്രം ധരിക്കുക. പോളിസ്റ്റർ, നൈലോൺ എന്നിവ ഒഴിവാക്കി കുട്ടികളെ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാം.
നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് സൂര്യാതപമേൽക്കാനിടയാക്കുമെന്നതിനാൽ ശരീരം മുഴുവൻ മുടുന്ന വസ്ത്രം ധരിക്കാം.
കഠിനമായ വെയിലത്ത് പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. 
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
വ്യായാമത്തിനായി സമയം മാറ്റിവെയ്ക്കണം.
ഇന്റർനെറ്റ്, മൊബൈൽ ഉപയോഗം അഡിക്ഷൻ ആവാതെ നോക്കണം. ഇത് കുട്ടികളിൽ സാമൂഹിക ഇടപെടലില്ലാതാക്കും. 
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായുള്ള ഉപദേശങ്ങൾ വീട്ടിൽനിന്നുതന്നെ കുട്ടികൾക്ക് നൽകണം.
കുട്ടികൾ മുതിർന്നവരുമായി അമിതമായി ഇടപഴകുന്നത് ശ്രദ്ധിക്കണം.
കുട്ടികളിൽ പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാലുടൻ ചികിത്സ തേടണം. സ്വയം ചികിത്സ നടത്തരുത്. 
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കണം.
ഡോ.കൃഷ്ണൻ എം.നായർ
ശിശുരോഗ വിദഗ്‌ധൻ
എ.കെ.ജി. ആസ്പത്രി, കണ്ണൂർ