1980-കളാണ് കാലം... കൈയടികൾ നിലയ്ക്കാത്ത കലോത്സവ വേദികളിൽനിന്ന് വൈറ്റില പള്ളത്തുപറമ്പിൽ വീട്ടിലേക്ക് എല്ലാ വർഷവും സമ്മാനങ്ങൾ വന്നുകൊണ്ടിരുന്നു... ഇപ്പോഴും സമ്മാനങ്ങളുടെ വരവ് തുടരുന്നു... കൊണ്ടുവരുന്നത് അച്ഛനുപകരം മകനാണെന്നു മാത്രം, കലോത്സവ ജേതാവായ നവനീത്‌ കൃഷ്ണൻ. 
അക്കാലത്ത് എം.ജി. സർവകലാശാലയുടെ കലോത്സവം, സംസ്ഥാന അന്തസ്സർവകലാശാലാ യുവജനോത്സവം, ദേശീയ കലാശാലാ യുവജനോത്സവം എന്നിവയിൽ സമ്മാനങ്ങൾ നവനീതിന്റെ അച്ഛനായ പി.കെ. ജിനൻ നേടി. എറണാകുളം മഹാരാജാസ് കോളേജിൽ  ഫിലോസഫി ബിരുദവിദ്യാർഥിയായിരുന്നു അന്ന് ജിനൻ. പഠനത്തിനൊപ്പം ഗാനമേളയുടെ അരങ്ങുകളിലും സജീവമായിരുന്ന, സംഗീതസാന്ദ്രമായ കാലം... കലാഭവൻ ഉൾ​െപ്പടെയുള്ളവയുടെ വേദികൾ. യേശുദാസ് ഉൾ​െപ്പടെയുള്ളവരുടെ വേദികളിലും റെക്കോഡിങ്ങിലും ജിനൻ വയലിനുമായി ഉണ്ടായിരുന്നു. ഇപ്പോൾ ആദായ നികുതി വകുപ്പ് കാക്കനാട് ഓഫീസിൽ ഓഫീസറായതിനാൽ തിരക്കുകളിൽ പരിപാടികൾക്ക് അധികം പോകാനാവുന്നില്ല.

അച്ഛന്റെ മകൻ

കഴിഞ്ഞ എം.ജി. സർവകലാശാലാ യുവജനോത്സവത്തിൽ പാശ്ചാത്യ തന്ത്രിവാദ്യത്തിൽ ഒന്നാംസ്ഥാനം നേടിയ നവനീത്‌ കൃഷ്ണൻ, തേവര എസ്.എച്ച്. കോളേജിൽ ബി.കോം രണ്ടാംവർഷ വിദ്യാർഥിയാണ്. വയലിനിൽ വായിച്ചത് സംഗീത സമ്രാട്ട് മൊസാർട്ടിന്റെയും അന്റോണിയോ വിവാൽഡിയുടെയും സിംഫണികളാണ്.
മൂന്നുവർഷം മുൻപ് സംഗീതരംഗത്തെ ആഗോള പ്രശസ്തമായ ലണ്ടനിലെ ട്രിനിറ്റി കോളേജിന്റെ പരീക്ഷയിൽ എട്ടാം ഗ്രേഡ് പാസായ നവനീത് ആറു വർഷം മുൻപ് എറണാകുളത്ത് നടന്ന, വിദേശ സംഗീതജ്ഞർ ഉൾ​െപ്പടെ 55 പേർ പങ്കെടുത്ത പാശ്ചാത്യവയലിൻ സംഗമത്തിൽ പങ്കെടുക്കുമ്പോൾ കൂട്ടത്തിലെ ഏറ്റവും ചെറിയ പയ്യനായിരുന്നു, അന്ന് പ്രായം 13. 

ഇളയച്ഛന്റെ വഴി

ജിനന് മുൻപ് സംഗീതവീഥിയിൽ മുൻപേ നടന്ന ഒരു തലമുറയുണ്ട് കുടുംബത്തിൽ, ഇളയച്ഛൻ പി.ഐ. മുകുന്ദൻ... തുറമുഖ ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന മുകുന്ദനാണ് ജിനനെ വയലിനിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്തിയത്. വയലിനിസ്റ്റും വൈറ്റിലയിലെ പേരുകേട്ട റൈസിങ്സൺ ആർട്‌സ്‌ ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകനുമായ മുകുന്ദൻ, ജിനന് വയലിനിലെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കൊച്ചിയിലെ പല വേദികളിലും സംഗീതം കേട്ടും കൂടെപ്പോയും തുടങ്ങിയ യാത്രയാണത്.

വയലിൻ മാസ്റ്റർ

മൂവർക്കും വയലിനിന്റെ വലിയ പാഠങ്ങൾ പറഞ്ഞു കൊടുത്തത് ഒരാളാണ്, റെക്സ് ഐസക്. ഒപ്പം, കെ.ജി. പീറ്ററുടെ പ്രോത്സാഹനവും ജിനന് പിൻബലമായി. 
കൊച്ചിയിൽ മാത്രമല്ല, കേരളത്തിലാകമാനം പാശ്ചാത്യ സംഗീതത്തിൽ പല ചിട്ടകൾക്കും തുടക്കമിട്ട പ്രശസ്തനായ റെക്സ് ഇപ്പോൾ ചെന്നൈയിലാണ്. 
കൊച്ചി സി.എ.സി.യിൽ റെക്സിന്റെ ശിഷ്യൻ പ്രദീപ് സിങ്ങിന്റെയടുത്തും നവനീത് പഠിച്ചിരുന്നു. കൊച്ചിൻ ചേംബർ ഓഫ് ഓർക്കെസ്ട്രയിൽ അംഗങ്ങളാണ് ജിനനും നവനീതും.

ഒരു വയലിൻ

ജിനനും ഭാര്യ റവന്യൂ വകുപ്പ് തൃപ്പൂണിത്തുറ ഓഫീസിലെ സീനിയർ ക്ലാർക്കായ ജീജയുമുള്ള വീട്ടിലേക്ക് സമ്മാനങ്ങൾ കൊണ്ടുവരുന്ന വയലിനും ഒരു തലമുറമാറ്റത്തിന്റെ കഥയുണ്ട്. അന്ന് മുകുന്ദൻ തന്റെ പ്രിയപ്പെട്ട വയലിൻ ജിനന് നൽകി. ഇപ്പോൾ ജിനൻ അത് മകനും... കാലമൊഴുകുമ്പോഴും മുറിഞ്ഞുപോകാത്ത ഒരു സിംഫണി പോലെ...