ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്‌ലിയുടെ പുതിയ ഗ്രാൻഡ് ടൂറർ ബാകലർ പുറത്തിറക്കി. ബെന്റ്‌ലിയുടെ ശ്രേണിയിലെ ഏറ്റവും വിലകൂടിയ വാഹനമാണിത്. പുറത്തിറക്കുന്നതിന് മുമ്പേ പന്ത്രണ്ടെണ്ണം വിറ്റുപോയിക്കഴിഞ്ഞു. ഇത്രയും കാറുകളേ നിർമിക്കൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെക്സിക്കോയിലെ യുഗറ്റാൻ പെനിൻസുലയിലെ ലഗുന ബാകലറിൽ നിന്നാണ് തങ്ങളുടെ പുതിയ കാറിന് കമ്പനി പേര് നൽകിയത്. ബെന്റെഗയിലൂടെയാണ് ഈ രീതിക്ക് കമ്പനി തുടക്കമിട്ടത്. ഉടമസ്ഥന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ഇതിന്റെ നിർമിതി.
ഇ.എക്സ്.പി. 100 ജി.ടി.യുടെ രൂപകൽപ്പന ശൈലിയാണ് ബാകലറിലുള്ളത്. അതുകൊണ്ടുതന്നെ കാർബൺ ഫൈബറും അലുമിനീയവുമാണ് അധികമായി ഉപയോഗപ്പെടുത്തുന്നത്. ത്രിമാന പ്രിന്റിങ്ങിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബാകലറിന്റെ പിൻ ട്രാക്ക് കോണ്ടിനെന്റൽ ജി.ടി.യെ അപേക്ഷിച്ച് വീതിയേറിയതാവുമെന്നും സൂചനയുണ്ട്.
കാറിന് കരുത്തേകുക ആറ് ലിറ്റർ, ഡബ്ല്യു 12 ടി.എസ്.ഐ. എൻജിനാവും. 659 പി.എസ്. വരെ കരുത്തും 900 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആക്ടീവ് ഓൾവീൽ ഡ്രൈവ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാവും ബെന്റ്‌ലി ബാകലറിന്റെ വരവ്.
നായകനാകാൻ ക്രിസ്റ്റ
2005-ൽ ആയിരുന്നു ടൊയോട്ട ഇന്നോവയെന്ന എം.യു.വി. ഇന്ത്യയിലെത്തിച്ചത്. അതുവരെ എതിരാളികളില്ലാതെ നിരത്തുകൾ വാണിരുന്ന ക്വാളിസിനെ പിൻവലിച്ചായിരുന്നു പുതിയ അവതാരത്തെ ജപ്പാൻ കമ്പനി അവതരിപ്പിച്ചത്. എന്നാൽ, അവരുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു ഇന്നോവയുടെ പടയോട്ടം. പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും ആ വാഹനം ഇന്ത്യയിലെ കുടുംബങ്ങളുടെ കൂട്ടുകാരനാണ്.
അഞ്ചുവർഷം മുമ്പാണ് ഇന്നോവയുടെ പരിഷ്കരിച്ച പതിപ്പ് ക്രിസ്റ്റയെന്ന പേരിൽ കൊണ്ടുവരുന്നത്. അതും വിപണിയിൽ തരംഗം സൃഷ്ടിച്ചു. ഇക്കാലയളവിൽ മറ്റു കമ്പനികളും ഈ സെഗ്‌മെൻറിലേക്ക് കടന്നുവരാൻ ശ്രമിച്ചെങ്കിലും ഇന്നോവയ്ക്ക് മുമ്പിൽ അവരെല്ലാം മുട്ടുമടക്കി. ഇപ്പോഴിതാ ക്രിസ്റ്റയുടെ പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട വരികയാണ്. ലീഡർഷിപ്പ് എഡിഷൻ എന്ന് പേരിട്ട ക്രിസ്റ്റയുടെ പുതിയ പതിപ്പിന് വില 21.21 ലക്ഷമാണ്. ഇതിനുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ക്രിസ്റ്റയുടെ ബി.എസ്. സിക്സ് പതിപ്പിന് പിന്നാലെയായിരിക്കും ലീഡർഷിപ്പ് എഡിഷനും വരുന്നത്. 2.4 ലിറ്റർ ബി.എസ്. സിക്സ് ഡീസൽ എൻജിനായിട്ടായിരിക്കും ലീഡർഷിപ്പ് വരുന്നത്. എൻജിൻ ഓപ്ഷണിൽ അധികം മാറ്റങ്ങളൊന്നുമില്ലെങ്കിലും നിറത്തിലും ഇന്റീരിയറിലുമായിരിക്കും പ്രധാന മാറ്റങ്ങൾ. കറുപ്പിനാണ് പ്രാധാന്യം. ഡ്യുവൽടോൺ കളർ ഓപ്ഷനുമുണ്ടാകും.
വിപണിയിലുള്ളതിൽനിന്ന് വ്യത്യസ്തമായി സ്പെഷ്യൽ എഡിഷൻ എന്ന് വ്യക്തമാക്കുന്ന ബാഡ്ജിങ്ങുണ്ടായിരിക്കും. 2 ജി.ഡി. എഫ്. ടി.വി. 2.4 ലിറ്റർ എൻജിന് 150 ബി.എച്ച്.പി. കരുത്തും 343 എൻ.എം. ടോർക്കും നൽകും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയർബോക്സ്. ഏഴ്, എട്ട് സീറ്റുകളായിരിക്കും
ഓട്ടോമാറ്റിക് എൽ.ഇ.ഡി. പ്രൊജക്ടഡ് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, ക്രോം ഫിനിഷ്ഡ് ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന പുറത്തെ കണ്ണാടികൾ, സ്മാർട്ട് എൻട്രി സിസ്റ്റം, ക്രോം വിൻഡോ ലൈനിങ്, എൽ.ഇ.ഡി. ടെയിൽ ലാമ്പ്, ഷാർക്ക് ഫിൻ ആന്റിന, ഇന്റഗ്രേറ്റഡ് റിയർ സ്പോയിലർ എന്നിവയും പ്രത്യേക പതിപ്പിലുണ്ടാവും.
വുഡ് ഫിനിഷുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീൽ, പ്രീമിയം ലെതർ സീറ്റുകൾ, വുഡ് ഫിനിഷ് ഇന്റീരിയർ പാനലുകൾ, ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള പിൻ എ.സി. ഓട്ടോ കൂളർ, തണുപ്പിക്കുന്ന ഗ്ളൗവ് ബോക്സ് എന്നിവയും ഇതിലുണ്ട്.
സുരക്ഷ വർധിപ്പിക്കാനായി ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിയർ പാർക്കിങ് സെൻസർ, ആന്റി തെഫ്റ്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്ക് സിഗ്നൽ എന്നിവയും ഇതിലുണ്ട്.
നമ്പർ വൺ ആകാൻ ബി.എം.ഡബ്ല്യു. എക്സ് വൺ
ജർമൻ ആഡംബരവാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. എക്സ് വൺ എസ്.യു.വി.യുടെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 35.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്ന് വകഭേദങ്ങളിലായിരിക്കും എത്തുക. 2010 -ൽ എത്തിയ എക്സ് വണ്ണിന് പിന്നാലെ 2018-ൽ രണ്ടാം തലമുറയും വിപണിയിലെത്തി.
കമ്പനിയുടെ ചെന്നൈ പ്ലാന്റിലായിരിക്കും നിർമാണം. ബി.എസ്. സിക്സ് ഡീസൽ-പെട്രോൾ എൻജിനുകളിലായിരിക്കും വാഹനം എത്തുക. ഉയർന്ന വകഭേദമായ എം സ്പോർട്ടിന്റെ വില 42.90 ലക്ഷം രൂപയാണ്. ഡീസൽ എൻജിനായിരിക്കും ഇതിന്.
എക്സ് ലൈൻ വേരിയന്റിലായിരിക്കും പെട്രോൾ -ഡീസൽ എൻജിനുകളുണ്ടാവുക. സെഗ്‌മെന്റിലെ ആദ്യവാഹനമായ സ്പോർട്ട് എക്സിന് പെട്രോൾ മോഡൽ മാത്രമായിരിക്കും ഉണ്ടാവുക.
2.0 ലിറ്റർ ഫോർ സിലിൻഡർ പെട്രോൾ എൻജിൻ 6,000 ആർ.പി.എമ്മിൽ 192 ബി.എച്ച്.പി. കരുത്തു നൽകും. ഏഴ് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്. 2.0 ലിറ്റർ ഫോർ സിലിൻഡർ ഡീസൽ എൻജിനിലും വാഹനം ലഭ്യമാകും. ഇത് 4,000 ആർ.പി.എമ്മിൽ 190 ബി. എച്ച്.പി. കരുത്തുനൽകും. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഗിയർബോക്സായിരിക്കും ഇതിന്.
ബി.എം.ഡബ്ള്യു. വാഹനങ്ങളുടെ പ്രത്യേകതയായ വലിയ കിഡ്നി ഗ്രിൽ, എൽ.ഇ.ഡി. ഡേടൈം റണ്ണിങ് ലാമ്പോടുകൂടിയ നേർത്ത എൽ.ഇ.ഡി. ഹെഡ് ലാമ്പുകൾ എന്നിവയാണ് മുന്നിലെ സവിശേഷതകൾ. പുതുക്കിയ മുൻ ബമ്പറും വലിയ സെൻട്രൽ എയർഡാമും എൽ.ഇ.ഡി. ഫോഗ് ലാമ്പും ചേർന്ന് വാഹനത്തിന് കൂടുതൽ സ്പോർട്ടി പരിവേഷമാണ് നൽകുന്നത്. പുതിയ അലോയ് വീലുകളും സൗന്ദര്യം കൂട്ടും.
വയർലെസ് ചാർജിങ്, ആപ്പിൾ കാർപ്ലേ ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുമായുള്ള സ്മാർട്ട്ഫോൺ കണക്ടിവിറ്റി, ആംബിയന്റ് ലൈറ്റിങ്, കീലെസ് എൻട്രി, പനോരമിക് സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്ലൈമറ്റ് കൺട്രോൾ എന്നിവ പുതിയതായി വന്നിട്ടുണ്ട്.
ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എ.ബി.എസ്., ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ചൈൽഡ് സീറ്റ് മൗണ്ടുകൾ, റൺഫ്ലാറ്റ് ടയറുകൾ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സൗകര്യങ്ങൾ.
പുതുമോടിയിൽ ജിക്സർ
സുസുക്കിയുടെ ജിക്സർ, ജിക്സർ എസ്.എഫ്. എന്നിവയുടെ ബി.എസ്. സിക്സ് പതിപ്പുകൾ വിപണിയിലെത്തി. ജിക്സറിന്റെ പുതിയ പതിപ്പിന് 1.12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് നിലവിലെ മോഡലിനെക്കാൾ 12,000 രൂപ കൂടുതലാണ്. ജിക്സർ എസ്.എഫിന് 1.22 ലക്ഷമാണ് വില.
ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇവയെ കമ്പനി അവതരിപ്പിച്ചിരുന്നു. 155 സി.സി., ഫോർ സ്ട്രോക്ക്, സിംഗിൾ സിലിൻഡർ ഫ്യൂവൽ ഇഞ്ചക്ഷൻ എയർകൂൾഡ് എസ്.ഒ.എച്ച്.സി. എൻജിൻ പുതിയ സാങ്കേതികവിദ്യയുമായാണ് എത്തിയിരിക്കുന്നത്. ഇരട്ട ഗ്രാബ് ഹാൻഡിലുകൾ, എൽ.ഇ.ഡി. ടെയിൽ ലാമ്പ്, ഉയർന്ന ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയും ജിക്സറുകളിലുണ്ടാവും.
8,000 ആർ.പി.എമ്മിൽ 13.6 ബി.എച്ച്.പി. കരുത്തും 6,000 ആർ.പി.എമ്മിൽ 13.8 എൻ.എം. ടോർക്കുമാണ് നൽകുക. മികച്ച പെർഫോമൻസ്, ഉയർന്ന ഇന്ധനക്ഷമത, സുഖപ്രദമായ യാത്ര എന്നിവയാണ് പുതിയ ജിക്സർ ശ്രേണിക്കെന്നാണ് കമ്പനിയുടെ അവകാശവാദം.
കരുത്തനായി ടിഗ്വാൻ
ഫോക്സ് വാഗണിന്റെ പുതിയ എസ്.യു.വി. ടിഗ്വാന്‍ ഓള്‍ സ്പേസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അഞ്ച് സീറ്റര്‍ ടിഗ്വാന് മുകളില്‍ നിൽക്കുന്ന ഈ വാഹനത്തിന് 33.12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2017-ലാണ് ടിഗ്വാന്റെ അഞ്ച് സീറ്റര്‍ പതിപ്പ് ഇന്ത്യയിലെത്തുന്നത്. ഈ വാഹനം വിജയമായതോടെയാണ് ഏഴ് സീറ്റര്‍ വേരിയന്റും ഇന്ത്യയിലെത്തിക്കുന്നത്.
കാഴ്ചയില്‍ ടിഗ്വാന്റെ അഞ്ച് സീറ്റർ പതിപ്പിന് സമാനമാണ് ഓള്‍സ്പേസും. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും സ്പോര്‍ട്ടി ബമ്പറും മുന്‍വശത്ത് പുതിയ രൂപവുമായി വന്നിരിക്കുന്നു.
കറുപ്പ് ഫിനീഷിങ്ങിലുള്ള വലിയ റിയര്‍ സ്പോയ്‌ലര്‍, പുതിയ ബമ്പര്‍, അണ്ടര്‍ബോഡി ക്ലാഡിങ്, ഡ്യൂവല്‍ എക്സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്നിലെ മാറ്റം.
വിയേന ലെതർ സീറ്റുകള്‍, മുന്നിലും പിന്‍ നിരയിലേക്കുമായി ത്രീ സോണ്‍ ക്ലൈമറ്റ്‌ട്രോണിക് എയര്‍കണ്ടീഷന്‍, കീ ലെസ് എന്‍ട്രി, ഇന്നവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഇന്‍ഫൊടെയ്‌ൻമെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ഇന്റീരിയര്‍.
സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ഏഴ് എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്‌കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലെയ്ന്‍ അസിസ്റ്റ് സിസ്റ്റം, പ്രീക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ടിഗ്വാന്‍ ഓള്‍സ്പേസിലുണ്ട്.
പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയിലെത്തിയ ടിഗ്വാന്‍ ഓള്‍സ്പേസിന്റെ ഹൃദയം. 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഏകുന്ന 2.0 ലിറ്റര്‍ ടർബോ പെട്രോള്‍ എന്‍ജിനാണ്. ഏഴ് സ്പീഡ് ഡി.എസ്.ജി. ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 1.4 ലിറ്റർ, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലാണ് വിദേശനിരത്തില്‍ ഏഴ് സീറ്റര്‍ ടിഗ്വാൻ എത്തുന്നത്.