: വെയിലിൽ നടക്കുമ്പോൾ മനസ്സ് അറിയാതെ മരുഭൂമിപ്പരുവമാകും. രോഷം തിളയ്ക്കും. ഇതിനുള്ള മറുമരുന്നാണ് മരത്തണൽ. പൊള്ളിയമനസ്സുമായി തണലിലേക്കു കയറിനിൽക്കുമ്പോൾതന്നെ ഉള്ളിൽ ഒരിളംകാറ്റ് വീശും. 100 ഡിഗ്രിയിൽ തിളച്ച ശരീരവും മനസ്സും താഴ്ന്നുവരും. റോഡിലെ പൊള്ളലിൽനിന്ന് ഏറ്റവും പെട്ടെന്നുകയറിനിൽക്കാവുന്ന തണലുകളിലൊന്ന് രാമവർമ പാർക്കാണ്. ബസ്‌സ്റ്റോപ്പിൽ ഇരിക്കും പോലെ ഇവിടെ ഇരിക്കാം. ബസുവരുന്നതുകണ്ടാൽ ഒന്നു നടത്തം വേഗത്തിലാക്കിയാൽമതി. അതുകൊണ്ടുതന്നെ ഏതുസമയത്തും ഇവിടെ ആളുണ്ടാകും. പക്ഷേ, തണൽ മോഹിപ്പിക്കുമെങ്കിലും ഉള്ളിലെ സ്ഥിതി മോഹഭംഗവുമുണ്ടാക്കും.

ഇവിടത്തെ മരങ്ങളെല്ലാം തറകെട്ടിസംരക്ഷിച്ചിട്ടുണ്ടെങ്കിലും പൊളിഞ്ഞ തറയാണ് വില്ലനാകുന്നത്. തറയിൽ ഇരിക്കുന്നവൻപോലും വീഴുമെന്നതാണ് സ്ഥിതി. മിക്ക മരച്ചുവടുകളും ഇത്തരത്തിലാണ് കിടക്കുന്നത്. ഇവിടത്തെ കിണർ ഗ്രില്ലിട്ട് അടച്ചിട്ടുണ്ടെങ്കിലും ഉള്ളിലൂടെ പൊന്തക്കാടുകൾ വളർന്നുവരുന്നുണ്ട്. ഇതുകിണറിന് വളരെ ഉയർന്നിട്ടും മാറ്റാനുള്ള നടപടിയായിട്ടില്ല.

കിഴക്കേക്കോട്ടയിലെ അച്യുതമൈതാനിന്റെ സ്ഥിതിയും വേറിട്ടതല്ല. ഇരിപ്പിടങ്ങൾ പലതും ചാഞ്ഞും ചരിഞ്ഞുമാണ്‌ കിടക്കുന്നത്. പലയിടത്തേയും ടൈലുകൾ ഇളകിപ്പോയിട്ടുണ്ട്. ചിലഭാഗത്തേത് പൊങ്ങിനിൽക്കുന്നു. പാർക്കിലേക്കു തണൽപടർത്തുന്ന റോഡരികിലെ മരച്ചുവടുകളിൽ മദ്യക്കുപ്പികളും കാണുന്നു. എന്തെല്ലാം നടക്കുന്നിവിടെ എന്നതിന്റെ സൂചന ഇതും നൽകുന്നുണ്ട്.

തേക്കിൻകാട് ഒരു കാടാണ്

: തരിശുനഗരത്തെ വെച്ചുനോക്കുമ്പോൾ തേക്കിൻകാട് ശരിക്കുമൊരു കാടാണ്. പാർക്ക് അല്ലെങ്കിലും തൃശ്ശൂരിന്റെ ഏറ്റവും വലിയ പാർക്കാണിത്. നൂറ്റി ഇരുപതോളം മരങ്ങളുണ്ടിവിടെ. മാവുകളും പ്ലാവുകളുമാണ് മുമ്പ് ഏറെയുണ്ടായിരുന്നത്. ഇപ്പോൾ ഇവയുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. പകരം പൂമരങ്ങളും ഔഷധമരങ്ങളുമാണ് വേരൂന്നുന്നത്. നാടൻമാവുകളുടെ വൻകൂട്ടമാണ് ഇപ്പോഴും ഇവിടം. ഏറ്റവും കൂടുതൽപേർ തണലുതേടി എത്തുന്നത് ഇവിടേക്കാണ്. വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും എത്തും. പൂരപ്പറമ്പുകൂടിയായതിനാൽ തൃശ്ശൂർക്കാർക്ക് ഒരുവൈകാരിക ബന്ധമുണ്ട് തേക്കിൻകാട് മൈതാനവുമായി. നട്ടുച്ചയ്ക്കുപോലും ഇവിടത്തെ മരത്തണലിൽ നിരവധിപേരെ കാണാം.

നഗരത്തിന്റെ ശ്വാസകോശമായിട്ടും ഇതു സ്‌പോഞ്ചുപോലെയാണ് എന്നറിയാത്ത നിരവധിപേരുണ്ട്. ഇവിടെനിന്ന്‌ പ്രതീക്ഷിക്കുന്ന ശുദ്ധവായുവിൽ വിഷംചേർക്കുന്നവർ. മാലിന്യം കത്തിക്കൽതന്നെയാണ് ഇവിടെ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. രാവിലെ പലയിടത്തും ആകാശം മുട്ടുന്ന പുകക്കൂമ്പാരങ്ങൾകാണാം. കറുത്ത കട്ടിയുള്ള പുക മരങ്ങൾ സമ്മാനിക്കുന്ന ശുദ്ധവായുവിനെ കൊല്ലുന്നു.

മറ്റൊരുനഗരത്തിനും കിട്ടാത്ത ഭാഗ്യത്തിൽ വിഷംകലക്കരുതെന്ന അഭ്യർഥന മാനിക്കപ്പെടുന്നില്ല. ഇപ്പോഴും തേക്കിൻകാട് മൈതാനിയിൽ മാലിന്യക്കൂമ്പാരം കൂടുന്നു. ഇതാണ് രാവിലെ കത്തിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഉണ്ട് ഇതിൽ. മാലിന്യം തള്ളൽ വ്യാപകമായതോടെയാണ് കത്തിക്കലും വ്യാപകമായത്. തേക്കിൻകാട്ടിൽ ശുദ്ധവായു ശ്വസിക്കാനെത്തുന്നവർതന്നെ മാലിന്യം തള്ളുന്നുണ്ട്. കൂടാതെ തൊട്ടടുത്ത കടകളിൽനിന്നുള്ള മാലിന്യവും ഇവിടെ എത്തുന്നുണ്ടെന്നാണ് അറിവ്. നായ്കനാൽമുതൽ നടുവിലാൽവരെയുള്ള സ്ഥലങ്ങളിലിട്ടാണ് ഇതുകത്തിക്കുന്നത്.

ഇവിടത്തെ പുനരുദ്ധാരണപ്രവർത്തനങ്ങളും പാതിവഴിയിൽ നിലയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. മുമ്പ് ഇവിടത്തെ കിണറുകൾ പലതും വൃത്തിയാക്കി ഗ്രില്ലുകൾ ഇട്ടിരുന്നു. ഇപ്പോൾ ഗ്രില്ലുകാണാത്തവിധം പൊന്തക്കാടുകൾ വളർന്ന സ്ഥിതിയാണ് ഉള്ളത്. തേക്കിൻകാടിന് യോജിക്കുന്ന സൗന്ദര്യവത്കരണമല്ല ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന പരാതി വ്യാപകമാണ്.

ജിം ആകാൻ അയ്യന്തോൾപാർക്ക്

: നടപ്പാതകളും കളിയുപകരണങ്ങളുമുള്ള അയ്യന്തോൾ സിവിൽലെയിൻ പാർക്ക് ഇപ്പോൾ ജിം ആകാൻ ഒരുങ്ങുകയാണ്. ടി.എൻ. പ്രതാപന്റെ എം.പി.ഫണ്ടിൽനിന്നുമാണ് ഇതിനായി തുക അനുവദിക്കുന്നത്. നാലരലക്ഷത്തോളമാണ് ലഭിക്കുക. നിർമിതികേന്ദ്രത്തിനാണ് നിർമാണച്ചുമതല. കഴിഞ്ഞദിവസം നിർമിതി കേന്ദ്രം അധികൃതർ ഇവിടെ സന്ദർശനം നടത്തി. ഇവിടേക്കുവേണ്ട ജിം ഉപകരണങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാനായിരുന്നു ഇത്. കുട്ടികളുടെ കളിസ്ഥലം ഒഴിവാക്കിയാണ് ജിംനേഷ്യത്തിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

എറണാകുളത്തെയും മറ്റും പാർക്കിൽ നിർമിച്ച ജിംനേഷ്യം മാതൃകയാക്കിയാണ് ഇവിടത്തെയും നിർമാണം. നടത്തത്തിനും വ്യായാമത്തിനുമെല്ലാം നിരവധിപേർ എത്തുന്ന ഇവിടെ ഈ പുതിയ ഉപകരണങ്ങൾകൂടി എത്തുന്നത് ആളുകൾക്ക് കൂടുതൽ സഹായകമാകും.

മൂന്നുവശവും റോഡുകളാൽ ചുറ്റപ്പെട്ട ത്രികോണാകൃതിയിലുള്ള ഒന്നര ഏക്കറോളം സ്ഥലം- ഇതാണ് അയ്യന്തോൾപാർക്ക്. കണ്ണായ സ്ഥലമാണെന്നതിനാൽ പാർക്കായിമാറാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പണത്തിനുമീതെ ഇവിടെ നാട്ടുകാരുടെ ആവശ്യം പറന്നു. ചുറ്റുമുള്ള കുട്ടികൾക്കു കളിക്കാനൊരിടം എന്ന ആവശ്യത്തിനുമുന്നിൽ വാതിൽകൊട്ടിയടയ്ക്കാൻ അധികൃതർക്കായില്ല.

ഇതോടെയാണ് ഇവിടെ ഒരു തണൽകൂട്ടം രൂപപ്പെട്ടത്. നിരവധി മരങ്ങളും മുളകളും ചേർന്ന് വെയിലിനെ ഇവിടെ തടഞ്ഞുനിർത്തുന്നു. വായനശാലമുതൽ അലങ്കാരമത്സ്യക്കുളം വരെയുണ്ട് ഇവിടെ. നടപ്പാത, ഓപ്പൺസ്റ്റേജ്, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഇതിന്റെ മാറ്റുകൂട്ടുന്നു. വാക്കേഴ്‌സ് ക്ലബ്ബിനാണ് ഇതിന്റെ നടത്തിപ്പുചുമതല.