പാമ്പിൻവിഷം മൂന്നുതരം :
1. രക്തചംക്രമണത്തെ ബാധിക്കുന്നത്
2. നാഡീവ്യൂഹത്തെ ബാധിക്കുന്നത്
3. മസിലുകളെ ബാധിക്കുന്നത്
പാമ്പുകടിയും ചികിത്സാരീതികളും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ. അതിൽ നമ്മൾ ഏറ്റവുംകൂടുതൽ കേട്ട പേരാണ് എ.എസ്.വി. (ആന്റി സ്നേക്ക് വെനം). എന്താണത്? എങ്ങനെയാണ് കൊടുക്കേണ്ടത്? കൊടുത്താൽ അപകടസാധ്യത ഉണ്ടോ? നമുക്ക് പരിശോധിക്കാം.
എന്താണ് എ.എസ്.വി.
നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അന്യവസ്തുക്കൾ- അത് അണുക്കളായ ബാക്ടീരിയ ആവാം, വൈറസുകളാവാം, അല്ലെങ്കിൽ വിഷവുമാവാം- ഇവയെ ചെറുക്കാനുള്ള സംവിധാനം ശരീരത്തിൽ തന്നെയുണ്ട്. അവയെ ആന്റിബോഡികൾ എന്ന് പറയും. അവരാണ് ശത്രുക്കളിൽനിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന നമ്മുടെ പടയാളികൾ! പാമ്പിൻ വിഷം ശരീരത്തിൽ കയറിയാലും ഇത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്, നമ്മെപ്പോലെ മറ്റു ജീവജാലങ്ങളിലും ഉണ്ടാകുന്നുണ്ട്.
മുയൽ, കുതിര, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങളിൽ ചെറിയ അളവിൽ പാമ്പിൻ വിഷം കുത്തിവെച്ച്, അവയിലുണ്ടാകുന്ന ആന്റിബോഡികൾ രക്തത്തിൽനിന്ന് വേർതിരിച്ച് ഉണ്ടാക്കുന്ന മരുന്നാണ് എ.എസ്.വി. മനുഷ്യർക്ക് പാമ്പിൻവിഷബാധ ഏറ്റാൽ ആന്റിബോഡികൾ ഉണ്ടാകാൻ സമയമെടുക്കും. അപ്പോഴേക്കും വിഷം നമ്മുടെ പല അവയവങ്ങളെയും ബാധിച്ചിട്ടുമുണ്ടാകും. അതേസമയം എത്രയും വേഗം ‘റെഡിമേഡ് ആന്റിബോഡികൾ’ നൽകിയാൽ ഈ സമയനഷ്ടം നമുക്ക് പരിഹരിക്കാം. അവ പാമ്പിൻ വിഷമെന്ന േപ്രാട്ടീനെ നിർവീര്യമാക്കിക്കോളും.
എന്താണ് അപകടസാധ്യത
എ.എസ്.വി. വേർതിരിച്ചെടുക്കുന്നത് മറ്റു ജീവികളിൽ നിന്നായതിനാൽ അവയുടെ ശരീരത്തിലെ മറ്റു പ്രോട്ടീനുകളും ചില സമയങ്ങളിൽ ഇതിൽ കലർന്നിട്ടുണ്ടാകാം. നമ്മുടെ ശരീരത്തിന് പുറത്തുനിന്നുവരുന്ന എന്തും ശത്രുക്കളാണ്. ഇതിൽ മറ്റു ജീവികളിലെ പ്രോട്ടീനുകളും പെടും. ഈ മരുന്ന് കുത്തിവെക്കുന്ന സമയത്ത് നമ്മുടെ ശരീരം ഈ അന്യ പ്രോട്ടീനുകളെ ശത്രുക്കളായി കരുതി സ്വയം പ്രതികരിക്കും. ഇതിനെയാണ് അലർജി എന്ന് പറയുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളുപയോഗിച്ചു ശുദ്ധീകരിച്ചാലും നിർഭാഗ്യവശാൽ മറ്റു പ്രോട്ടീൻ ഘടകങ്ങൾ ഈ മരുന്നിൽ കടന്നുകൂടുന്നതുകൊണ്ടാണത്. അത് തടയാൻ സാധിക്കില്ല.
അലർജി എങ്ങനെ മനസ്സിലാക്കും? എന്തുചെയ്യും?
ആർക്ക് അലർജി വരുമെന്നത് പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ എ.എസ്.വി. കൊടുക്കുന്ന ആരിലും പ്രതീക്ഷിക്കണം. അലർജി ഓരോരുത്തരിലും വ്യത്യസ്തമാകം. ചിലരിൽ ചെറിയ ചൊറിച്ചിലും തൊലിയിൽ തിണർത്തുവരലും വിറയലും ചർദിയുമൊക്കെയാകും ലക്ഷണങ്ങൾ. അത് മരുന്നുകൾ കൊടുത്താൽ കുറയും. എന്നാൽ ചില ആളുകളിൽ അലർജി കുറച്ചു ഭയാനകമായ അവസ്ഥയിലേക്ക്
പോകാറുണ്ട്, അതിനു ‘ANAPHYLLAXIS’ എന്നുപറയും. 10 മുതൽ 15 ശതമാനംവരെ ആളുകളിൽ ഈ പ്രശ്നം കാണാറുണ്ട്. രോഗിക്ക് ശ്വാസതടസ്സമോ രക്തസമ്മർധക്കുറവോ ഒക്കെ വന്നേക്കാം. അതിനർഥം അലർജിയുണ്ടാവുന്നവർ മുഴുവൻ മരിച്ചുപോകുമെന്നല്ല. ഇത് നിയന്ത്രിക്കാനും മരുന്നുകളുണ്ട്. മരുന്നുകൊണ്ട് നിയന്ത്രിക്കാൻ പറ്റാതാവുമ്പോഴാണ് കൃത്രിമശ്വാസം നൽകാനായി വെന്റിലേററ്ററിലേക്ക് മാറ്റുന്നത്. അത് വളരെ കുറച്ചുപേർക്കേ വേണ്ടിവരാറുള്ളൂ. ഈ സാധ്യതയാണ് ഡോക്ടർമാർക്ക് എ.എസ്.വി. നൽകാനുള്ള പേടിസ്വപ്നമാകുന്നത്. പക്ഷേ, എ.എസ്.വി. നൽകിയില്ലെങ്കിൽ മരണസാധ്യത 100 ശതമാനമാണെന്നുള്ളത് മറക്കരുത്.
അലർജിയുടെ റിസ്ക് കൃത്യമായി രോഗിയുടെ കൂടെ ഉള്ളവരെ പറഞ്ഞു മനസ്സിലാക്കണം. ഒപ്പം എ.എസ്.വി. കൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും.
എല്ലാത്തരം പാമ്പുകടിയിലും ഒരേ എ.എസ്.വി. ആണോ കൊടുക്കുന്നത്?
പലതരം പാമ്പിൻ വിഷങ്ങൾ ഉള്ളതിനാൽ എ.എസ്.വിയും പലതരം വേണ്ടതാണ്. പക്ഷേ, ഇത് പ്രായോഗികമല്ല. കാരണം പലപ്പോഴും ഏതു പാമ്പാണ് കടിച്ചതെന്നു അറിയണമെന്നില്ല. അപ്പോൾ പ്രായോഗികമായി ചെയ്യാൻ സാധിക്കുന്നത്, നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട വിഷപ്പാമ്പുകളുടെ വിഷങ്ങൾക്കെതിരേ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ‘കോമ്പിനേഷൻ’ ആയി ഉണ്ടാക്കുകയാണ്. അതായത് ഏതുതരം വിഷമായാലും അത് നിർവീര്യമാക്കാൻ കഴിവുള്ള എല്ലാത്തരം ആന്റിബോഡികളും ഉൾപ്പെടുന്ന ഒരു ഉത്പന്നം.
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പാമ്പുകടികളിൽ അധികവും മൂർഖൻ (cobra), വെള്ളിക്കെട്ടൻ (krait), അണലി (viper) എന്നിവയുടേതാണ്. അണലിയിൽത്തന്നെ പലതരമുണ്ട്. ഇവയിൽ വിഷമുള്ള കടികളിൽ അധികവും russels viper, saw scaled viper എന്നിവയുടേതാണ്. അതുകൊണ്ട് ഇന്ന് വിപണിയിൽ ലഭ്യമായ
എ.എസ്.വി. മൂർഖൻ (cobra), വെള്ളിക്കെട്ടൻ (krait), റസൽസ് വൈപ്പർ (russel’s viper), സൊ സ്കെയിൽഡ് വൈപ്പർ (saw scaled viper) എന്നിവയുടേതാണ്. രാജവെമ്പാല (king cobra), പിറ്റ് വൈപ്പർ (pit viper) എന്നിവയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവമൂലമുള്ള കടികൾ വിരളമായതു കൊണ്ടാണത്.
ചികിത്സ എങ്ങനെ?
പാമ്പുകടി എന്ന് പറഞ്ഞുവരുന്ന എല്ലാവർക്കും എ.എസ്.വി. കൊടുക്കാറില്ല. സാധാരണയായി ലക്ഷണങ്ങൾ കണ്ടതിനു ശേഷമാണു കൊടുക്കാറ്്. അധിക ശതമാനം കടികളും വിഷമില്ലാത്ത പാമ്പുകളായിരിക്കും. വിഷമുള്ള പാമ്പുകളുടെ കടികളിൽത്തന്നെ മൂന്നിലൊന്നു കേസുകളിലും വിഷം ശരീരത്തിൽ കയറിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ സംശയത്തിന്റെ പേരിൽ എ.എസ്.വി. നൽകാനാവില്ല. രക്തചംക്രമണത്തെ ബാധിക്കുന്ന പാമ്പാണ് കടിച്ചതെങ്കിൽ CLOTTING TIME (CT) എന്ന പരിശോധനയിലൂടെ മനസിലാക്കാൻ കഴിയും. എന്നാൽ നാഡീവ്യൂഹത്തെ ബാധിച്ച വിഷം കണ്ടുപിടിക്കാൻ പ്രത്യേകം ടെസ്റ്റുകൾ ഒന്നുമില്ല. രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഇത് കണ്ടുപിടിക്കാനാകൂ. ലക്ഷണങ്ങൾ വന്നാൽ എ.എസ്.വി. കൊടുക്കുകതന്നെ വേണം.
ആദ്യം പത്തു വയലാണ് കൊടുക്കുക. ടെസ്റ്റ് ഡോസിന്റെ ആവശ്യമില്ല. ഈ മരുന്ന് ഒരു മണിക്കൂറിനുള്ളിൽ കൊടുക്കണം. അതിനുശേഷം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. നാഡീവ്യൂഹത്തെ ബാധിച്ച വിഷബാധയിൽ ഒരു രണ്ടു മണിക്കൂറിനുള്ളിൽത്തന്നെ പുരോഗതി കാണേണ്ടതാണ്. എന്നാൽ രക്തസ്രാവം നിലയ്ക്കാൻ കുറച്ചുകൂടി സമയമെടുക്കും. പുരോഗതി വേണ്ടരീതിയിൽ ഇല്ലെങ്കിൽ അടുത്ത പത്തു വയൽ കൊടുക്കണം. വീണ്ടും നിരീക്ഷിക്കണം. ഇങ്ങനെ മാക്സിമം മുപ്പതുവരെ കൊടുക്കേണ്ടതായി വരാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ഡോസ് തന്നെയാണ് നൽകേണ്ടത്. ശരീരഭാരം കുറവായതിനാൽ കുട്ടികളിലാണ് അപകട സാധ്യത കൂടുതൽ.
ഇത്രയും വായിച്ചതിൽനിന്ന് എ.എസ്.വി. നൽകുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. അതുകൊണ്ടു തന്നെ രോഗിയുടെ കൂടെ വരുന്ന ആളുകളുടെ സഹകരണം വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ എല്ലാ ഡോക്ടർമാരും കൊടുക്കാൻ പോകുന്ന ചികിത്സയെക്കുറിച്ചും അതിൽത്തന്നെ ഉള്ള അലർജി സാധ്യതകളെ കുറിച്ചും അവരെ കൃത്യമായി ബോധിപ്പിക്കേണ്ടതാണ്. എന്നാൽ, ഒരു കാര്യം ഒരിക്കലും വിട്ടുപോകരുത്-എ.എസ്.വി കൊടുത്തില്ലെങ്കിൽ മരണസാധ്യത നൂറു ശതമാനമാണ് എന്നത്!
writer is...
(കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ് അവിറ്റീസ് സൂപ്പർ സ്പെഷ്യാലിറ്റി)