ജോസഫ് ആന്റണി 
jamboori@gmail.com

കേരളത്തിൽ ആഫ്രിക്കൻ മുഷിയെ കൊണ്ടുവരുന്നതും വളർത്തുന്നതും നിരോധിച്ചുകൊണ്ട് ദക്ഷിണമേഖലാ ഫിഷറീസ് ജോയന്റ് ഡയറക്ടർ ഉത്തരവിട്ടത് കഴിഞ്ഞയാഴ്ചയാണ്. ജലാശയങ്ങളിലെത്തുന്ന ആഫ്രിക്കൻ മുഷികൾ ചെറിയ മീനുകളെ കൊന്നൊടുക്കുന്നു. അതിനാൽ, ഇവ സംസ്ഥാനത്തെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് കാണിച്ചാണ്, ആഫ്രിക്കൻ മുഷിയോട് ‘കടക്കു പുറത്ത്’ എന്ന് ഉത്തരവുണ്ടായിരിക്കുന്നത്. 
ഈ ഉത്തരവ് കേൾക്കാൻ ശേഷിയുണ്ടായിരുന്നെങ്കിൽ തിലോപ്പിയ മത്സ്യവും ആഫ്രിക്കൻ പായലുമൊക്കെ ചിരിച്ചുമരിക്കുമായിരുന്നു! കാരണം, ആഫ്രിക്കൻ മുഷിക്കുംമുമ്പ് കേരളത്തിൽ കടന്നുകയറി, ഇവിടത്തെ ആവാസവ്യവസ്ഥകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണിയായിമാറിയ ഇനങ്ങളാണ് അവ. ഇതുപോലെ എത്രയെത്ര അധിനിവേശ ഇനങ്ങൾ കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു.
ഈ ലേഖകൻ കുട്ടിക്കാലത്ത് വളർന്നത്, തെക്കൻ കേരളത്തിൽ നെയ്യാർ തടാകത്തിനടുത്ത് അമ്പൂരിയിലാണ്. വന്യജീവി സംരക്ഷണനിയമങ്ങൾ അത്ര കർക്കശമല്ലാതിരുന്നതിനാൽ, നാട്ടുകാർക്ക് തടാകത്തിൽ വലകെട്ടി മീൻപിടിക്കാൻ കഴിയുമായിരുന്നു. ഒരു പെരുമഴക്കാലത്ത് അമ്മാവൻമാർ പോയി വലകെട്ടി കൊണ്ടുവന്നതിൽ പത്തിലേറെ വ്യത്യസ്തയിനം മത്സ്യങ്ങളെ എണ്ണിനോക്കിയ കാര്യം ഇന്നും എനിക്കോർമയുണ്ട്. കറ്റി, കുറുവ, കൂരൽ, ചൊട്ടാവാള എന്നിങ്ങനെ പേരുകളുള്ള മത്സ്യങ്ങൾ. അവയെല്ലാം കേരളത്തിലെ തനതായ ശുദ്ധജല മത്സ്യയിനങ്ങളായിരുന്നു. പക്ഷേ, ഇന്ന് നെയ്യാർഡാം തടാകത്തിലുള്ളത് തിലോപ്പിയയും കട്‌ലയും പോലുള്ള ചില അധിനിവേശയിനങ്ങൾ മാത്രം. 
സസ്യങ്ങളും മത്സ്യങ്ങളും ആഫ്രിക്കൻ ഒച്ച് പോലുള്ള ജീവികളും മാത്രമല്ല, മാരക വൈറസുകളും മറ്റ് രോഗാണുക്കളും ജൈവഅധിനിവേശത്തിന്റെ ഭാഗമായി വലിയ ഭീഷണിയാകാറുണ്ട്. ഒരു ഉദാഹരണം നോക്കാം. ബ്രിട്ടനിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ച ഒന്നായിരുന്നു 2001-ൽ രാജ്യത്ത് കന്നുകാലികൾക്ക് പടർന്നുപിടിച്ച കുളമ്പുരോഗം. ബ്രിട്ടന്റെ കാലിവ്യവസായം തകർച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടിവന്നു. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പുപോലും ഒരു മാസത്തേക്ക് മാറ്റിവെച്ചു. 1600 കോടി ഡോളറിന്റെ നഷ്ടമാണ് ആ മൃഗരോഗം ബ്രിട്ടന് വരുത്തിയത്. 
ആ മൃഗരോഗത്തിന്റെ വേരുകൾ തേടിപ്പോയ ഗവേഷകർ എത്തിയത് എവിടെയായിരുന്നെന്നോ, ഇന്ത്യയിൽ- ശരിക്കുപറഞ്ഞാൽ ഉത്തർപ്രദേശിൽ! തൊണ്ണൂറുകളിൽ ഉത്തർപ്രദേശിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതിചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവിൽ വർഷങ്ങൾക്കുശേഷം ബ്രിട്ടനിലെത്തി നാശംവിതച്ചത്! ചിക്കുൻഗുനിയ ഉൾ​െപ്പടെ ഇരുപതിലേറെ മാരക വൈറസുകളുടെ വാഹകരാണ് കേരളമടക്കം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗർ കൊതുക്. 
അന്യജീവജാതികൾ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനെയാണ് ജൈവഅധിനിവേശം (bioinvasion) എന്ന് വിളിക്കുന്നത്. 
   ലോകം നേരിടുന്ന ഏറ്റവുംവലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നായി ജൈവഅധിനിവേശം ഇന്ന് മാറിയിരിക്കുന്നു. ഗതാഗതത്തിലുണ്ടായ വർധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി ‘വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ പറയുന്നു. 
ഉൾനാടൻ മത്സ്യകൃഷിക്കായി 1980-കളുടെ തുടക്കത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ അവതരിപ്പിച്ച ആഫ്രിക്കൻ മുഷി (Clarias gariepinus ) യാണ്, ഇപ്പോൾ നിരോധിക്കേണ്ട അധിനിവേശയിനമായി മാറിയിരിക്കുന്നത്.
   അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളിൽ വളർത്താനും വിൽപ്പനയ്ക്കുമായി 1940-കളിൽ ഏഷ്യയിലേക്കും മറ്റും എത്തിയ സസ്യയിനമാണ് ആഫ്രിക്കൻ പായൽ (Salvinia molesta). പേര് ഇതാണെങ്കിലും, ഇവയുടെ സ്വദേശം തെക്കുകിഴക്കൻ ബ്രസീലും വടക്കൻ അർജന്റീനയുമാണ്. ആഫ്രിക്കൻ പായൽ നമ്മുടെ കൃഷിയിടങ്ങൾക്കും ജലാശയങ്ങൾക്കും എത്ര ഭീഷണിയായി മാറി എന്നാലോചിക്കുക.
രണ്ടാംലോകമഹായുദ്ധകാലത്ത്, വ്യോമതാവളങ്ങൾ ശത്രുക്കളുടെ കണ്ണിൽനിന്ന് മറച്ചുവയ്ക്കാൻ ഉപയോഗിച്ച സസ്യയിനമാണ് ധൃതരാഷ്ട്രപ്പച്ച (Mikania macrantha). ഒരിടത്ത് എത്തിയാൽ, ഭ്രാന്തമായ വേഗത്തിൽ വളർന്നുപടർന്ന് വ്യാപിക്കുന്ന സസ്യമാണിത്. തെക്കെ അമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. 
നമ്മുടെ നാട്ടിൽ തേയിലകൃഷിക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളിൽ ഒന്നാണ് ഇന്ന് ധൃതരാഷ്ട്രപ്പച്ച. ഇതുപോലെ, തെക്കെ അമേരിക്കയിൽ ആമസോണിൽനിന്നെത്തിയ കുളവാഴ, കിഴക്കൻ ആഫ്രിക്കയിൽ നിന്നെത്തിയ ആഫ്രിക്കൻ ഒച്ച്, മധ്യഅമേരിക്കയിൽനിന്നുള്ള ഗാംബൂസിയ മത്സ്യം, തെക്കെ അമേരിക്കൻ സ്വദേശിയായ കമ്യൂണിസ്റ്റ് പച്ച, മധ്യഅമേരിക്കൻ സ്വദേശിയായ പാർത്തീനിയം, മെക്സിക്കൻ സ്വദേശിയെന്ന് കരുതുന്ന മണ്ഡരി കീടം ഒക്കെ കേരളത്തിലെ തനത് ജീവിവർഗങ്ങൾക്കും സസ്യങ്ങൾക്കും ഭീഷണിയാണ്. 
പല കാലങ്ങളിൽ പല കാരണങ്ങളാൽ നമ്മുടെ നാട്ടിലെത്തിയ അധിനിവേശയിനങ്ങൾ ശരിക്കും കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് എത്ര ആഘാതമേൽപ്പിക്കുന്നു എന്നത് പഠിക്കേണ്ട വിഷയമാണ്. ഈ ഭീഷണിക്കെതിരേ ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 

കടപ്പാട്: സുവോളജിക്കൽ 
സർവേ ഓഫ് ഇന്ത്യ