ഈ നാടിനോട് ഒരപേക്ഷയുണ്ട്, സാധുക്കളായ മീൻപിടിത്ത തൊഴിലാളികൾക്ക് - ‘കടൽ ഞങ്ങളുടെ അമ്മയാണ്, ജീവിതമാണ്. കടലിനെ മലിനമാക്കരുത്. മീൻകുഞ്ഞുങ്ങളെ വളത്തിനും മീൻതീറ്റയ്ക്കുമായി വാരിക്കൊണ്ടു പോകരുത്. കടൽ വറുതിയിലാകും. ഞങ്ങൾ പട്ടിണിയിലും’. കുറേക്കാലമായി അവർ ഈ സങ്കടം പറഞ്ഞുതുടങ്ങിയിട്ട്. കടലിൽ മീനിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെയും സമുേദ്രാത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും അറിയിപ്പുകൾ ആശങ്കയോടെയും സങ്കടത്തോടെയുമാണ് ഈ തൊഴിലാളികൾ കേട്ടത്. എന്നും ആഹാരം തന്നുകൊണ്ടിരിക്കുന്ന കടൽ വറുതിയിലാവുകയാണെന്ന അറിവ് അവരെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. ‘വളംപിടിക്കൽ’ എന്ന ഓമനപ്പേരുള്ള ചെറുമീൻപിടിത്തം കടലിനെ വറുതിയിലേക്കാണ് കൊണ്ടുപോകുന്നത്. 

ലാഭക്കൊതിയർ
കടലിന്റെ പരിസ്ഥിതിയെ തകർക്കാത്ത മീൻപിടിത്തമായിരുന്നു കുറേവർഷം മുമ്പുവരെ. എന്നാൽ കടൽസമ്പത്തിൽ കരയിലെ ലാഭക്കൊതിയന്മാരുടെ കണ്ണെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പുത്തൻ സാങ്കേതിക വിദ്യകളുടെയും പടയാളികളെപ്പോലെ തോന്നിക്കുന്ന തൊഴിലാളികളുടെയും അകമ്പടിയോടെ അവർ കടൽ കീഴടക്കാനിറങ്ങി. അത് കടലിനോടുള്ള യുദ്ധം തന്നെയായിരുന്നു. എത്രയുംവേഗം ആ സമ്പത്തു മുഴുവൻ വാരിയെടുക്കുക എന്ന ആർത്തിയായിരുന്നു അവരിൽ. അപകടം മണത്തറിഞ്ഞ ശാസ്ത്രജ്ഞരും ബോട്ടുകാരും തൊഴിലാളികളുമൊക്കെ തങ്ങൾക്കാവുംവിധം മുന്നറിയിപ്പുകൾ നൽകി. സർക്കാർ നിയമമുണ്ടാക്കി. പക്ഷേ കടൽ അരിച്ചുവാരാനെത്തിയവർക്ക് അതൊന്നും തടസ്സമായില്ല. അതിന്റെ ഫലം നാം കണ്ടു. 2013 വരെ മീൻലഭ്യതയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഈ വർഷം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കേരളതീരം എന്നും മീൻസമൃദ്ധിയുടെതായിരുന്നു. സ്വാഭാവികമായി ലോകമെമ്പാടുമുള്ള വമ്പൻ കച്ചവടക്കാരുടെ കണ്ണും ഇവിടേക്കായിരുന്നു. 

കടലിന്റെ ജീവൻ
ഗുജറാത്തും തമിഴ്‌നാടും കർണാടകവും മീൻ ഉത്പാദനത്തിൽ കേരളത്തെ പിന്തള്ളി. കേരളീയർക്ക് സമൃദ്ധിയായി കിട്ടിയിരുന്ന മത്തി വല്ലാതെ കുറഞ്ഞുപോയി. മത്തിയുടെ കുഞ്ഞുങ്ങളെ വൻതോതിൽ വാരിക്കൊണ്ടുപോയതാണ് ഈ അപകടത്തിനു കാരണമായത്. ഹാർബറുകളിലെ കാഴ്ച, ബോട്ടുകളിൽ കൊണ്ടുവന്നിറക്കുന്ന മീനുകളായിരുന്നെങ്കിൽ കഴിഞ്ഞ കുറേ വർഷങ്ങളായി അവിടെ നടക്കുന്നത് ചെറുമീനുകളുടെ വരവും വിപണനവും ഒക്കെയാണ്. 
സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ആളുകൾ സമൃദ്ധിയായുള്ള മീൻ പിടിച്ചുകൊണ്ടുപോകുന്നത് പിന്നെയും മനസ്സിലാക്കാം. വളവും മീൻതീറ്റയുമുണ്ടാക്കാൻ ചെറുമീനുകളെ പിടിച്ചുകൊടുത്താൽ അതിനേക്കാൾ ലാഭം കിട്ടുമെന്ന ഒറ്റക്കാരണംകൊണ്ട് കടൽ അരിച്ചുകൊണ്ടുപോകുന്നതാണ് കഷ്ടമെന്നു പറയുന്നു തൊഴിലാളികൾ. 
വളവും മീൻതീറ്റയുമുണ്ടാക്കാൻ  ചെറുമീനുകളേയും കടലിലെ മറ്റു ജീവജാലങ്ങളേയും വൻതോതിൽ വാരാൻ പരമാവധി സഹായം നൽകുന്നുണ്ട്, വ്യവസായികൾ. അസംസ്‌കൃത വസ്തുവിന്‌ വലിയ വിലയൊന്നും നൽകേണ്ട. കടലിൽ ഇഷ്ടംപോലെയുണ്ട്. തൊഴിലാളികൾക്കുള്ള കൂലിയും ഗതാഗതച്ചെലവും മാത്രമേ വരുന്നുള്ളൂ. വൻലാഭമാണ് ഇതിൽനിന്ന്‌ കിട്ടുന്നത് എന്നതിനാൽ പരമാവധി കടലിനെ ചൂഷണം ചെയ്യാൻ വ്യവസായികൾ തീരുമാനിക്കുകയായിരുന്നു. 

നിരോധനമുണ്ട്, പക്ഷേ...   
കടലിനെക്കുറിച്ചും അതിന്റെ പരിസ്ഥിതിയെക്കുറിച്ചും ഒരറിവുമില്ലാത്ത, എങ്ങനെയെങ്കിലും പണമുണ്ടാക്കിയാൽ മാത്രം മതിയെന്നു ചിന്തയുള്ള ചില മീൻപിടിത്ത തൊഴിലാളികൾ മറ്റുള്ളവരുടെ വാക്ക്‌ മുഖവിലയ്ക്കെടുക്കാതെ ചെറുമീൻ പിടിത്തത്തിൽ ആകൃഷ്ടരായി. അത് തീരത്തെ ചില സംഘർഷങ്ങളിലേക്കു നയിക്കുകയും ചെയ്തു. മീനുകളെ പിടിക്കാവുന്ന ഏറ്റവും ചെറിയ അളവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ചെറുമീൻപിടിത്ത നിരോധനപ്പട്ടികയിൽ 44 ഇനം മീനുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിരോധനം സാർഥകമാകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ തൊഴിലാളികൾക്ക്. ഇവിടെ നിന്ന്‌ വാരിക്കൊണ്ടുപോകുന്ന ചെറുമീനുകളെ തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ മീൻതീറ്റ ഫാക്ടറികളിലാണ്‌ എത്തിക്കുന്നത്. 
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെമ്മീൻപാടങ്ങളിൽ വളർത്തുന്ന, ഏറെ കയറ്റുമതിമൂല്യമുള്ള വനാമി ചെമ്മീൻ കൃഷിക്കുവേണ്ടിയാണ് തീറ്റയുണ്ടാക്കുന്നത്. ആരുടെയോ പോക്കറ്റ് വീർപ്പിക്കാനുള്ള പദ്ധതിക്കായി ഇവിടത്തെ കടൽസമ്പത്തിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചെറുജീവികൾ പെടുമെന്നതിനാൽ മീൻപിടിത്തത്തിന്‌ കണ്ണിയടുപ്പമുള്ള വലകളുപയോഗിക്കുന്നതിൽ നിയന്ത്രണമുണ്ട്. 
എന്നാൽ ഇവിടെ ലക്ഷ്യം ചെറുജീവികളായതിനാൽ പരമാവധി കണ്ണിയടുപ്പമുള്ള വലകളാണ് ഉപയോഗിക്കുന്നത്. ഇത്തരം വലകളും സാമ്പത്തികസഹായവുമൊക്കെ ഫാക്ടറിക്കാർ തന്നെ നൽകുന്നുണ്ട്. മുൻകൂർ പണംമുടക്കി ബോട്ടുകാരെ അയച്ച് ചെറുമീനുകളെ പിടിക്കുന്ന കച്ചവടക്കാരുമുണ്ട്. 

കന്യാകുമാരിഒരു പാഠം
കുറേക്കാലം മുമ്പ് കന്യാകുമാരിയിലും മറ്റും വൻതോതിൽ ‘വളംപിടിക്കൽ’ നടന്നിരുന്നു. അതിനുവേണ്ടി മാത്രം കടലിൽപ്പോകുന്ന ബോട്ടുകളുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അതിന്റെ ദുരനുഭവം അവിടത്തെ തീരത്തിനു ബോധ്യപ്പെട്ടു. ആ പ്രദേശങ്ങളിലെ കടലിന്റെ ആവാസവ്യവസ്ഥ തകർന്നു. അതേത്തുടർന്ന് മീൻസമ്പത്തിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്തു. ഇതൊരു സൂചനയാണ്. എവിടെ പരിസ്ഥിതി തകർക്കപ്പെടുന്നുവോ അവിടെ ജീവിനാശമുണ്ടാകുമെന്നതിന്റെ സൂചന. കടലിൽ പോയാൽ കൈനിറയെ മീനുമായി വരുന്ന നല്ലകാലം കഴിഞ്ഞെന്നാണ് പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ സ്ഥിതി വളരെ കഷ്ടമാണ്. മീൻലഭ്യത വളരെക്കുറഞ്ഞു. പലപ്പോഴും ഒന്നുംകിട്ടാതെ മടങ്ങേണ്ടിവരുന്നു. ഒരോ വട്ടം കടലിൽ പോകുന്നതിനുള്ള ചെലവ് കൂടുതലും. അതിനുള്ള മീനെങ്കിലും കിട്ടാതെവരുന്ന സന്ദർഭങ്ങളുണ്ട്. അപ്പോൾപ്പിന്നെ പോകാതിരിക്കും. ഇതാണ് കടപ്പുറത്തിന്റെ പൊതുവായ അവസ്ഥ.