മലയാളസിനിമയെ വലിയൊരു ട്രാഫിക് ബ്ലോക്കിൽ നിന്ന് പുതിയൊരു ദിശയിലേക്ക് വഴിതിരിച്ചുവിട്ട രാജേഷ് പിള്ളയുടെ ജീവിതത്തിനുമുന്നിൽ ചുവപ്പുതെളിഞ്ഞത് പെട്ടെന്നായിരുന്നു. പെട്ടെന്ന് രാജേഷ് എന്ന സിനിമ അവസാനിച്ചു. പക്ഷേ രാജേഷ് പിള്ളയുടെ സ്വപ്നവുമായി ഭാര്യ മേഘ പറക്കുകയാണ്; വേദനകളിൽനിന്നും വേർപാടിൽനിന്നുമൊരു ടേക് ഓഫ്.
 രാജേഷ് പിള്ള ഫിലിംസിന്റെ സിനിമ ‘ടേക് ഓഫ്’ സൂപ്പർ ഹിറ്റായി  പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുമ്പോൾ സഹനിർമ്മാതാവിന്റെ റോളിൽ മേഘയാണ്. ജീവിതത്തിന്റെ വെളിച്ചം പെട്ടെന്നൊരു ദിവസം അസ്തമിച്ചപ്പോൾ പകച്ചുപോയ ഒരു പെൺകുട്ടിയുടെ തിരിച്ചുവരവുകൂടിയാണ്.

മഞ്ജുവെന്ന് വിളിപ്പേരുള്ള നാട്ടിൻപുറത്തുകാരിയിൽ നിന്ന് രാജേഷിന്റെ കൈപിടിച്ച് മേഘ വന്നത് സിനിമയുടെ വലിയ കാൻവാസിലേക്കാണ്. അദ്ദേഹത്തിന്റെ പരാജയങ്ങൾക്കും വിജയങ്ങൾക്കുമൊപ്പം മേഘയും സിനിമയെ അറിഞ്ഞു. ‘എനിക്ക് എല്ലാത്തിനും എപ്പോഴും രാജേഷേട്ടന്റെ ഒരു കൂട്ടുണ്ട്. എന്റെയുള്ളിലിരുന്ന് അദ്ദേഹം കാണുന്നുണ്ട് എന്നതാണ് ധൈര്യം. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ,ആൾക്കൂട്ടങ്ങളിൽ നിന്നും മാറി ശാന്തമായിരിക്കാനാഗ്രഹിക്കുന്ന മേഘ തന്നെയാണ് ഞാനിപ്പോഴും...പക്ഷെ തളർന്നുമാറിയിരിക്കില്ല...ചെയ്യാനിനിയുമേറെയുണ്ട്..’- ഉറച്ച സ്വരത്തിൽ മേഘ പറയുന്നു. അന്തർദേശീയ നിലവാരത്തിൽ ‘ടേക് ഓഫ്’ ചിറകുവീശിപ്പറക്കുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത് മലയാളത്തിൽ മാറ്റത്തിന്റെ നവതരംഗം സൃഷ്ടിച്ച രാജേഷ് പിള്ളയോടുള്ള സ്നേഹാദരങ്ങളാണ്. 
  മരണസമയത്താണ് രാജേഷ് സ്വന്തം പേരിലൊരു ഫിലിംകമ്പനി തുടങ്ങിയത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി മേഘയുടെ പേരുചേർക്കുകയും ചെയ്തു. 
     രാജേഷിന്റെ ദീർഘദർശനമാണ് വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ മേഘയ്ക്ക് ശക്തിപകർന്നത്. പക്ഷേ,രാജേഷിന്റെ വിയോഗത്തോടെ ജീവിതത്തിൽ തീർത്തും തനിച്ചായെന്ന തോന്നൽ. അവിടെ മേഘയ്ക്ക്‌ ‌കൈത്താങ്ങായത് രാജേഷിന്റെ ഒരുകൂട്ടം ചങ്ങാതിമാരുടെ സ്നേഹത്തണലാണ്. കൂട്ടുകാർ കഴിഞ്ഞ്‌ മാത്രമായിരുന്നു രാജേഷിനു വീടുപോലും. തന്നെക്കാൾ പ്രണയിച്ചത് സിനിമയെ തന്നെയായിരുന്നു-മേഘ പറയുന്നു.

• ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി രാജേഷ് പിള്ള ഫിലിംസിന്റെയും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ടേക്ക് ഓഫ്. സഹനിർമ്മാതാവെന്ന നിലയിൽ ഇത്രയും പ്രതീക്ഷിച്ചതാണോ ഈ വിജയം ?
രാജേഷേട്ടന്റെ കൂട്ടുകാരെല്ലാം ചേർന്ന് അദ്ദേഹത്തിന്റെ പേരിലൊരു സിനിമ- അങ്ങനെയായിരുന്നു ടേക്ക് ഓഫിന്റെ തുടക്കം. രാജേഷിന്റെ ആത്മസുഹൃത്തുക്കളായ തിരക്കഥാകൃത്ത് സഞ്ജയും സംവിധായകൻ മഹേഷ് നാരായണനും രാജേഷ് പിള്ള ഫിലിംസിന്റെ പേരിലൊരു സിനിമയെടുക്കാൻ നിർബന്ധിച്ചപ്പോളൊന്നും എനിക്കാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. പക്ഷേ സിനിമ പൂർത്തിയായിക്കഴിഞ്ഞപ്പോൾ ഇതൊരിക്കലും പ്രേക്ഷകർ കൈവിടിെല്ലന്ന്‌ ഉറപ്പുണ്ടായിരുന്നു. നല്ല സിനിമകളെന്നും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടല്ലോ... സിനിമയിലെല്ലാം ഭാഗ്യമാണ്. പക്ഷേയിത് രാജേഷേട്ടന്റെ കൂട്ടുകാരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും  പ്രേക്ഷകർ കൊടുത്ത അംഗീകാരമാണ്.

• കുടുംബത്തിന്റെ പ്രതികരണം?
സന്തോഷമാണെല്ലാവർക്കും. ശരിക്കും പറഞ്ഞാൽ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സപ്പോർട്ട്, അത് മാത്രമാണെന്നെയിവിടെ എത്തിച്ചത്. അച്ഛനും അമ്മയും എന്നോടൊപ്പം പനമ്പിള്ളിനഗറിലെ വീട്ടിലുണ്ട്. രാജേഷേട്ടന്റെ അച്ഛനും സഹോദരിയും വലിയ പിന്തുണ നൽകുന്നുണ്ട്.  വീട്ടിൽ രാജേഷേട്ടൻ അച്ഛന്റെയടുത്തൊക്കെ കൊച്ചുകൊച്ചു പിടിവാശികളൊക്കെയുണ്ടാക്കി ചെറിയ കുട്ടികളെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. അന്നൊക്കെ വീട്ടിൽ വലിയ ആഘോഷമായിരുന്നു എപ്പോഴും. അദ്ദേഹമില്ലാതെ വീടുറങ്ങിപ്പോയി. പക്ഷേ എന്റെ കൂടെയിപ്പോഴും  രാജേഷേട്ടൻ ഉണ്ട്. തീരെ സംസാരിക്കാത്ത, ചെറിയ തീരുമാനംപോലുമെടുക്കാൻ പകച്ചിരുന്ന ഒരാളായിരുന്നു. ആ ഞാനിങ്ങനെ നിൽക്കുമ്പോൾ അവരുടെ പ്രാർത്ഥനയും സ്നേഹവുമാണ് കരുത്ത്.

• ടേക്ക് ഓഫിന്റെ വിജയം തരുന്നത് വലിയ ഉത്തരവാദിത്വം കൂടിയല്ലേ? 
അതെ ഉത്തരാവാദിത്വം കൂടുകയാണ്. നമ്മളിൽ നിന്നും ആളുകൾ ഇനിയുമേറെ പ്രതീക്ഷിക്കും. രാജേഷ് പിള്ള ഫിലിംസും ഇനിയും ചിത്രങ്ങൾ ചെയ്യും. ഒന്നും അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ആലോചനകൾ നടക്കുന്നുണ്ട്. അവിടെയെയും കൂട്ടുകാർ തന്നെയാണ് കൂടെ. രാജേഷട്ടൻ സിനിമയ്ക്ക് വേണ്ടി  അവസാനശ്വാസം വരെ കൊടുത്തതാണ്. ‘വേട്ട’ ചെയ്യുമ്പോൾ തന്റെ ആരോഗ്യംപോലും അദ്ദേഹം മറന്നിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്കുവേണ്ടിയാണിനിയെല്ലാം.രാജേഷ് പിള്ള ഫിലിംസിന്റെ പേരിൽ നല്ല സിനിമകൾ ചെയ്യണം...

• സിനിമ ചെയ്യേണ്ടിവന്നപ്പൊളെന്തെങ്കിലും പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നോ?
ഞാൻ പറഞ്ഞതുപോലെ എല്ലാവരും കൂടെയുണ്ടായിരുന്നു. ഞാൻ ലക്കിയാണ്, ഒരുപാടു നല്ല മനുഷ്യരുടെ സാമീപ്യമുണ്ട്. പക്ഷെ സിനിമയെപ്പറ്റി ചിലർ പറഞ്ഞ കാര്യങ്ങൾ വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കി. രാജേഷ് പിള്ളയുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടിയെടുത്ത ചിത്രമാണിതെന്നൊക്കെയുള്ള പ്രചാരണം. രാജേഷേട്ടന്റെ  കൂട്ടുകാർ ചേർന്നെടുത്ത സിനിമയാണ്. അത് സുഹൃദ്ബന്ധത്തിന്റെ കൂട്ടായ്മയായിരുന്നു. അവരാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.