നാടകങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ കാഴ്ചപ്പാട് മാറ്റാൻ ഇറ്റ്‌ഫോക്കിന് സാധിക്കുന്നുണ്ടെന്ന പക്ഷക്കാരനാണ് നാടകപ്രവർത്തകൻ ഗോപാലൻ. ഇറ്റ്‌ഫോക്കിലൂടെ വ്യത്യസ്തമായ നാടകങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ടെന്നതു തന്നെ വളരെ വലിയ കാര്യമാണ്. നാടകങ്ങളോട് ആളുകൾക്ക് കുറേക്കൂടി ഗൗരവമായ സമീപനം വന്നതായി കാണാം. പുതുതലമുറ നാടകങ്ങളിലേക്ക് കൂടുതലായി ഇറങ്ങിവരുന്നുവെന്നതും കലാരംഗത്തെ മാറ്റങ്ങളിലൊന്നാണ്. ഇറ്റ്‌ഫോക്കിൽ അവതരിപ്പിക്കുന്ന ‘ഉയിരെഴുത്ത്’ ഒരു സ്വതന്ത്രനായ വ്യക്തിയുടെ കാഴ്ചപ്പാടുകളാണ്. 
     അടാട്ട് എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ഗോപാലന് നാടകം ജീവിതവും ഉപജീവനവുമാണ്. മൂന്നാം ക്ലാസ് മുതൽ നാടകാഭിനയരംഗത്തുണ്ട് ഇദ്ദേഹം. 1987 മുതൽ മുഴുവൻസമയ നാടകപ്രവർത്തനത്തിലേക്കിറങ്ങി. തുടക്കത്തിൽ നാടകത്തോട് താത്പര്യം മാത്രമായിരുന്നെങ്കിലും പിന്നീടത് ഉപജീവനമായി മാറുകയായിരുന്നു. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചു. സ്പാനിഷ് മസാലയിലെ തട്ടുകട നടത്തുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
 തങ്ങളുടെ സംഘത്തിൽ നാടകത്തെക്കുറിച്ച് പഠിച്ചവരും പഠിക്കുന്നവരുമുണ്ട്. ഇന്ത്യയുടെ പലഭാഗത്തുനിന്നും ഉള്ളവരുണ്ട് ഇതിൽ. നാടകത്തിൽ കൃത്യമായ ആസൂത്രണങ്ങളൊന്നും തന്നെയില്ല. നാടകപ്രവർത്തകനായിത്തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്. പഠനത്തിന്റെ ഭാഗമായി കണ്ടെത്തുന്ന നിരീക്ഷണങ്ങളാണ് നാടകത്തിന് പലപ്പോഴും ഇതിവൃത്തങ്ങളാവുന്നത്. ഇറ്റ്‌ഫോക്കിലെത്തുന്നതിന്റെ ഏറ്റവും നല്ല ഗുണം സുഹൃത്തുക്കളെ കണ്ടെത്താമെന്നതാണെന്നും ഗോപാലൻ. നേരത്തെയും ഇറ്റ്‌ഫോക് കാണാനെത്തിയിട്ടുണ്ട്.