അരങ്ങുണർന്നു; ഇറ്റ്ഫോക്കിന്റെ കൈപിടിച്ച് കാണികൾ നാടകലോകത്തേക്ക് കടന്നു. ഇനി എട്ട് നാളുകൾ തൃശ്ശൂർ നാടകം കളിക്കും. അന്താരാഷ്ട്ര നാടകോത്സവം പുതിയൊരു മാറ്റത്തിനു കൂടി തിരിതെളിക്കുകയാണ്. വേദികളിൽനിന്ന് തെരുവോരങ്ങളിലേക്ക് നാടകം കടന്നുചെല്ലും. ഇത്തരം മാറ്റങ്ങൾ പൊതുജനപങ്കാളിത്തം വർധിപ്പിക്കുമെന്ന പ്രതീക്ഷയാണ് സംഘാടകർക്കുള്ളത്. 
      നാടകത്തിന്റെ സ്ഥിരം ചട്ടക്കൂട് പൊളിച്ചെഴുതുകയാണ് ഇറ്റ്‌ഫോക്കിന്റെ ലക്ഷ്യം. വിദേശികളും സ്വദേശികളുമായ നിരവധി കലാകാരന്മാർ തൃശ്ശൂരിന്റെ നാടകക്കമ്പം കണ്ടറിയാനെത്തുന്നുണ്ട്. 
ഒമ്പതാം എഡിഷൻ സൂചകമായി ഉദ്‌ഘാടനച്ചടങ്ങിൽ ഒൻപത്‌ മിഴാവുകൾ ചേർന്നുള്ള നാദം ഉദ്‌ഘാടനച്ചടങ്ങിന്‌ മാറ്റുകൂട്ടി. 
  കലാമണ്ഡലം ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കലാമണ്ഡലത്തിലെ കലാകാരന്മാരാണ്‌ മിഴാവ്‌ വായിച്ചത്‌.
ലോകത്തിലെ ഏറ്റവും പുരാതന വാദ്യമായതിനാലാണ്‌ മിഴാവിന്‌ പ്രാധാന്യം നൽകിയതെന്ന്‌ സംഘാടകർ പറഞ്ഞു.

ഇടവേളയ്ക്കുശേഷം സ്‌കൂൾ ഓഫ് ഡ്രാമ

ബിരുദ തലത്തിൽ നാടകത്തെക്കുറിച്ച് പഠിപ്പിക്കുന്ന അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമ ഇടവേളയ്ക്കു ശേഷം ഇറ്റ്‌ഫോക്കിന്റെ ഭാഗമാവുകയാണ്. അതിന്റെ സന്തോഷം വിദ്യാർഥികളും അധ്യാപകരും പങ്കുവെച്ചു. സ്‌കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘മഹാഭാരതത്തിലെ മഞ്ഞു മൂടിയ മലകൾ’ എന്ന മലയാളനാടകം ചൊവ്വാഴ്ച അവതരിപ്പിക്കും.
 ഇറ്റ്‌ഫോക്കിന്റെ തുടക്കത്തിലുണ്ടായിരുന്ന പങ്കാളിത്തം മാറിവന്ന സമിതികൾ അവഗണിച്ചതോടെയാണ് സ്‌കൂൾ ഓഫ് ഡ്രാമയ്ക്ക് മാറിനിൽക്കേണ്ടിവന്നത്. നടൻ മുരളിയുടെ ഭരണകാലത്തിൽ നാടകോത്സവങ്ങളിൽ സ്‌കൂൾ ഓഫ് ഡ്രാമയ്ക്ക് മുഖ്യപങ്ക് നൽകിയിരുന്നു.
   വിദേശ നാടകങ്ങൾ കാണാനും പഠിക്കാനുമുള്ള അവസരമാണ് ഇക്കാലങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടതെന്ന് അസിസ്റ്റന്റ് പ്രൊഫസർ നജ്മുൽ ഷാഹി പറഞ്ഞു. 
 ചൊവ്വാഴ്ച മുതൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ സെമിനാറുകൾ നടക്കും. പുറത്തുനിന്നുള്ള അമെച്ചർ നാടകപ്രവർത്തകർ പങ്കെടുക്കും.