ദളിത് ജീവിതത്തിന്റെയും അടിച്ചമർത്തലിന്റെയും കാഴ്ചയാകുകയാണ് ട്രാൻസ്‌ഫർമേഷൻ എന്നനാടകം. വേദിയിലേക്കെത്തുന്ന കാറും മുഴങ്ങുന്ന ഗദ്ദാർ ഈണവും എല്ലാം വേറിട്ട ഒരു കാഴ്ച-ശ്രവ്യ അനുഭവം തീർക്കുന്നു. ഇതിന്റെ ആദ്യപ്രദർശനം കാസർകോട് നടന്നുകഴിഞ്ഞു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാഷണൽ സ്ട്രീറ്റ് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഇത് തളിപ്പറമ്പിലും അവതരിപ്പിക്കും. സ്‌കൂൾ ഓഫ് ഡ്രാമയാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ഇതിൽ അഭിനയിച്ചവരെല്ലാം ഇവിടത്തെ വിദ്യാർഥികളാണ്.

ദളിത് മുന്നേറ്റത്തിനുവേണ്ടിയുള്ള നീക്കങ്ങളെ എങ്ങനെയൊക്കെ സവർണ്ണ ആധിപത്യം നേരിട്ടുവെന്നു പറയുന്ന നാടകമാണിതെന്ന് സംവിധായകൻ കൂടിയായ സ്‌കൂൾ ഓഫ് ഡ്രാമയിലെ മുൻ ഡിപ്പാർട്ട്‌മെന്റ് തലവനും അസിസ്റ്റന്റ് പ്രൊഫസറുമായ വിനോദ് വി. നാരായണൻ പറയുന്നു. നാടകത്തിന്റെ മറ്റു പിന്നണി പ്രവർത്തനങ്ങളും ഇവിടത്തെ വിദ്യാർഥികളാണ് നിർവഹിച്ചത്.അധികാരസ്ഥാനങ്ങളുടെ സൂചനയായാണ് ഇതിൽ കാർ എത്തുന്നത്. കാറ് സർവകലാശാലയായും സർക്കാർ ഓഫീസായും ഭരണകൂടമായിയും മാറുന്നു. 

സമകാലിക ദളിത് പീഡനങ്ങളുടെ കഥകളും ഇതിൽ പറയുന്നുണ്ട്. നിരവധി നാടകസങ്കേതങ്ങൾ കൂട്ടിയിണക്കി പെർഫോർമൻസ് ആർട്ട് എന്നനിലയിലാണ് ഇതു രൂപപ്പെടുത്തിയിരിക്കുന്നത്. കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കുന്ന രീതിയാണിതിലുള്ളത്. കാണികളെ നാടകത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നു.തുറസായ സ്ഥലത്തോ ഹാളിലോ ഒക്കെ അവതരിപ്പിക്കാവുന്ന ശൈലിയിലാണിതുള്ളത്. ദളിതർ നേരിടുന്ന പ്രശ്‌നങ്ങളുടെ വേദന വിവരിക്കുമ്പോഴും കണ്ണീരുകൾക്കൊപ്പം പുതിയ പ്രതീക്ഷയിലെ ചിരിയിലാണ് നാടകം അവസാനിക്കുന്നത്.40 മിനിറ്റ് നീണ്ടുനിൽക്കുന്ന നാടകത്തിൽ 14 കഥാപാത്രങ്ങളാണ് വേഷമിടുന്നത്. മൂന്ന് ഡിസൈനർമാരും നാടകത്തിന്റെ ഭാഗമാണ്. നാടൻ കലാരൂപങ്ങളും പാട്ടുകളും എല്ലാം ഇതിന്റെ ഭാഗമായി എത്തുന്നുണ്ട്. ഒരു ബുദ്ധിസ്റ്റ് സംഗീതത്തിലാണ് നാടകം അവസാനിക്കുന്നതും.