ഗേറ്റു കടന്നാല്‍ വൃത്തിയുള്ള മുറ്റവും പച്ചപ്പും പിന്നെ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടവും പ്ലേഗ്രൗണ്ടും. കെട്ടിടത്തിന്റെ ഉള്ളിലേക്കു കയറിയാല്‍ നൂതന സൗകര്യമുള്ള ലാബും ലൈബ്രറിയും. സ്റ്റൈലന്‍ യൂണിഫോമിട്ട കുട്ടികള്‍...' നമ്മുടെ സ്വന്തം തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.ഇപ്പോഴല്ല, കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കുമെന്നു മാത്രം. സര്‍ക്കാര്‍ സ്‌കൂളിന്റെ പരാധീനതകളില്‍നിന്ന് പുറത്തുകടക്കാനുള്ള സ്‌കൂളിന്റെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണിപ്പോള്‍. 

സ്‌കൂള്‍ ഇന്നിങ്ങനെ

1889ല്‍ സ്ഥാപിച്ച ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യത്തെ സ്‌കൂളാണ്. എല്‍.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. വിഭാഗങ്ങള്‍ കൂടാതെ എസ്.ആര്‍.വി. മ്യൂസിക് സ്‌കൂളും പ്രീപ്രൈമറിയും വിദ്യാഭ്യാസ ഓഫീസുകളും ഒരേ വളപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുള്‍പ്പെടെ 520ഓളം കുട്ടികളും 50ല്‍പ്പരം അധ്യാപക-അനധ്യാപകരുമുണ്ട്. 2014-15 അധ്യയനവര്‍ഷത്തില്‍ ഇവിടത്തെ പത്താം ക്ലാസ് ബാച്ച് 100 ശതമാനം വിജയം നേടിയിരുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ മതിയായ അധ്യാപകരില്ലാത്തതിനാല്‍ സന്നദ്ധരായ വ്യക്തികള്‍ സ്‌കൂളിലെത്തി സൗജന്യമായി ക്ലാസെടുക്കുന്നുണ്ട്. 
 കുറച്ചു വര്‍ഷം മുന്‍പു വരെ സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഉണ്ടായിരുന്നത് പ്രതികൂലസാഹചര്യങ്ങളെത്തുടര്‍ന്ന് നിലച്ചു. ഏകദേശം 3.13 ഏക്കറിലാണ് ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഓടിട്ടതും പഴയതുമായ ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങളാണ് പലതും. യഥാവിധി അറ്റകുറ്റപ്പണികളും വയറിങ്ങും നടന്നിട്ടില്ല. വി.എച്ച്.എസ്.ഇ. ലാബ് തകര്‍ന്നുവീഴാവുന്ന നിലയിലാണ്. 
 25 ഓളം ക്ലാസ് മുറികളാണുള്ളത്. സ്മാര്‍ട്ട് ക്ലാസ് റൂമെന്ന പേരില്‍ മുറിയുണ്ടെങ്കിലും ഉപയോഗപ്രദമായ ഉപകരണങ്ങളില്ല. ചോര്‍ച്ചയുള്ള മുറികളിലിരുന്നാണ് വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നത്. കായികപരിശീലനത്തിനുള്ള  ബാസ്‌കറ്റ് ബോള്‍-ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ മോശമായ അവസ്ഥയിലാണ്. അടിസ്ഥാനമായി വേണ്ട മൈതാനവുമില്ല.

നടക്കാവ് മോഡല്‍

ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിന്റെ വാര്‍ഷികം 2014-15ല്‍ വിപുലമായി ആഘോഷിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്‌കൂളിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ആലോചിച്ചു.
സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.സി. മുരളീധരന്‍, എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍മാരായ കെ.ആര്‍. മണികണ്ഠന്‍, ഷാലി ജോണ്‍ എന്നിവരുമായി ചേര്‍ന്ന് പി.ടി.എ. യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്‌കൂള്‍ വളപ്പിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി സമഗ്രവികസനം ആവശ്യമാണെന്ന തീരുമാനം അന്നെടുത്തു. 
എം.എല്‍.എ., എം.പി. ഫണ്ട് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും വലിയൊരു വികസനത്തിന് അത് തികയില്ലായിരുന്നു. ആലോചനകള്‍ പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഇവരുടെ ശ്രദ്ധേയിലേക്കെത്തുന്നത്. അങ്ങനെ നടക്കാവിനെ മാതൃകയാക്കിയ വികസനം എന്നൊരു തീരുമാനമുണ്ടായി.
നടക്കാവ് മോഡല്‍ അതേപടി അനുകരിക്കാതെ സ്‌കൂളിന്റെ ഇപ്പോഴത്തെ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി വികസന പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും വന്നു. 

വികസനചര്‍ച്ച

സംസ്ഥാന സര്‍ക്കാര്‍ 100 സ്‌കൂളുകളെ പ്രിസം (പ്രൊമോട്ടിങ് റീജണല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍) പദ്ധതിയില്‍പ്പെടുത്തി ദേശീയ നിലവാരത്തിലെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും കോര്‍പ്പറേഷന്റെയും സഹകരണത്തോടെ പദ്ധതിയില്‍ മോഡല്‍ സ്‌കൂളിനെയും ചേര്‍ത്താല്‍ വലിയൊരു വികസന വിപ്ലവത്തിനായിരിക്കും തുടക്കം കുറിക്കുക. 
ഇതിന്റെ പ്രാഥമിക നടപടിയെന്നോണം ഫിബ്രവരി ആദ്യവാരം സ്‌കൂളില്‍ ചര്‍ച്ച വിളിച്ചുചേര്‍ത്തു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., മേയര്‍ അജിത ജയരാജന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ബാബുരാജ്, ഡിവിഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്, മെന്റര്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍ വിനോദ് കോട്ടയില്‍, സ്‌കൂളിലെ അധ്യാപക, പി.ടി.എ പ്രതിനിധികള്‍ പങ്കെടുത്തു. 
സ്‌കൂളിനെ ദേശീയനിലവാരത്തില്‍ ഉയര്‍ത്തുക, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അതിജീവിക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കുക, സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സംരക്ഷണം പൊതു സമൂഹത്തിന്റേതാക്കി മാറ്റുക തുടങ്ങിയവയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. 

വികസനചര്‍ച്ചയില്‍ വന്ന തീരുമാനങ്ങള്‍:

1.     സ്‌കൂള്‍ വികസനത്തിനായി പ്രത്യേക സമിതി രൂപവത്കരിക്കും
2.     പത്തു വര്‍ഷം കണക്കാക്കി വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിന്റെ സഹായം തേടും
3.     പൂര്‍ത്തിയായ നിര്‍ദ്ദേശം ജനപ്രതിനിധികള്‍ക്ക് സമര്‍പ്പിച്ച് സ്‌കൂള്‍ വികസനത്തിന് പങ്കാളിയാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തും
4.     സ്‌കൂള്‍ വളപ്പിലെ വിദ്യാഭ്യാസ ഓഫീസുകള്‍ മാറ്റുന്ന കാര്യം ഗൗരവത്തിലെടുക്കും
5.     അധ്യാപകരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

 

നടക്കാവില്‍ സംഭവിച്ചത് 

സംസ്ഥാന സര്‍ക്കാരിന്റെ പ്രിസം പദ്ധതിയാണ് നടക്കാവ് ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിന് വികസനവഴി തുറന്നത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ്കുമാറിന്റെ പരിശ്രമങ്ങള്‍ക്കൊപ്പം ചാരിറ്റബിള്‍ സംഘടനയായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ 15 കോടി രൂപയും ചേര്‍ന്നപ്പോള്‍ സ്‌കൂള്‍ അന്താരാഷ്ട്ര മികവിലേക്കൊരുങ്ങി. ഐ.എസ്.ആര്‍.ഒ.യുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ലബോറട്ടറി, ഇന്‍ഫോസിസിന്റെ സാങ്കേതിക വൈദഗ്ധ്യം, ഐ.ഐ.എമ്മിന്റെ മാനേജ്മെന്റ് തന്ത്രം എന്നിവ സ്‌കൂളിന് അടിത്തറയിട്ടു. ബ്ലേസറും ടൈയും ഷൂസും അടങ്ങുന്ന യൂണിഫോം, 750 ചതുരശ്ര അടിയുള്ള ക്ലാസ്മുറികള്‍, 76,000 ചതുരശ്ര അടിയുടെ ലാന്‍ഡ്സ്‌കേപ്പ്, നാല് ലബോറട്ടറികള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, ബാസ്‌കറ്റ്ബോള്‍-വോളിബോള്‍-ബാഡ്മിന്റണ്‍ കോര്‍ട്ടുകളോടൊപ്പം ജിംനേഷ്യവും അടങ്ങുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ന്യൂസിലാന്‍ഡില്‍ നിന്നുള്ള കൃത്രിമപ്പുല്ല് പാകിയ ഹോക്കി-ഫുട്ബോള്‍ മിനി സ്റ്റേഡിയം തുടങ്ങിയവ മികച്ച ഭൗതികസാഹചര്യങ്ങളില്‍ ചിലതാണ്.