സാംസ്കാരികനഗരിയുടെ ദുഃഖമായിരുന്നു കുറച്ചുനാൾ മുമ്പു വരെ എസ്.ആർ.വി. എന്ന ശ്രീരാമവർമ്മ സംഗീത സ്കൂൾ. വലിയൊരു പ്രവർത്തന പാരമ്പര്യമുണ്ടായിട്ടും സ്കൂളിലെ പ്രവേശനം അവസാനിപ്പിക്കേണ്ട ഗതികേടിലായിരുന്നു അധികൃതർ.
എന്നാൽ ഈ വർഷം പ്രവർത്തനം നിർത്തിവെയ്ക്കുന്നതിന് മുന്നോടിയായി സ്കൂളിന് സന്തോഷമുണ്ടാക്കുന്ന വാർത്തയെത്തി. ശ്രീരാമവർമ്മ സംഗീത സ്കൂളിനെ പെർഫോമിങ് ആർട്ട്സ് കോളേജായി ഉയർത്താൻ മന്ത്രിസഭാ യോഗം തിരുമാനിച്ചതോടെ ജില്ലയിലെ കലാപഠനത്തിന് പുതിയ പ്രതീക്ഷകളായി. പക്ഷേ, അടുത്ത അധ്യയന വർഷം കോളേജ് തുടങ്ങാനുള്ള നടപടിക്രമങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മാസങ്ങൾ മാത്രം ശേഷിക്കേ ഈ സംഗീതവിദ്യാലയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ഉയരുന്നത്.
സ്കൂൾ: 1910 - 2016
1910ലാണ് കൊച്ചി മഹാരാജാവ് രാജർഷി രാമവർമ്മ സംഗീതപഠനത്തിനായി സ്കൂൾ തുടങ്ങിയത്. ജൂനിയർ, സീനിയർ മ്യൂസിക് സർട്ടിഫിക്കറ്റുകൾക്കുള്ള നാലു വർഷ കോഴ്സാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. പല സംഗീതസ്കൂളുകളെയും സർക്കാർ കോളേജുകളാക്കി ഉയർത്തിയിരുന്നെങ്കിലും എസ്.ആർ.വി.യെ അതിലൊന്നും ഉൾപ്പെടുത്തിയില്ല. ഗവ. ഫൈൻ ആർട്ട്സ് കോളേജിനോട് ചേർക്കാൻ ആലോചിച്ചെങ്കിലും അതും നടന്നില്ല.
ഇവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് കുട്ടികൾക്ക് ജോലി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയും വന്നു. തുടർച്ചയായി പരീക്ഷകൾ മുടങ്ങിയതും കോഴ്സ് പഠിച്ചിറങ്ങിയാലുള്ള അനിശ്ചിതാവസ്ഥയും പ്രശ്നമായപ്പോൾ സ്കൂളിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2012ൽ സ്കൂളിലേയ്ക്കുള്ള പ്രവേശനം നിർത്തിവെച്ചു. അന്നു പ്രവേശനം നേടിയ ബാച്ച് ഈ വർഷം പഠനം പൂർത്തിയാക്കിയിറങ്ങും. ഇപ്പോൾ പത്തിൽത്താഴെ കുട്ടികളുമായി ഒറ്റ മുറിയിലാണ് അവസാനബാച്ച് പഠിക്കുന്നത്.
കോളേജ്= 2016?
സ്കൂളിനെ കോളേജാക്കി ഉയർത്താനുള്ള മന്ത്രിസഭായോഗ തീരുമാനം 2015 ആഗസ്തിലാണുണ്ടായത്. കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്യുന്ന കോളേജിൽ നാല് വർഷത്തെ ബി.പി.എ.(ബാച്ചിലർ ഓഫ് പെർഫോമിങ് ആർട്ട്സ്) കോഴ്സുകളാണ് ആരംഭിക്കുക. ശ്രീരാമവർമ്മ ഗവൺമെന്റ് കോളേജ് ഓഫ് പെർഫോമിങ് ആർട്ട്സ് എന്ന പേരിലായിരിക്കും കോളേജ് അറിയപ്പെടുന്നത്.
സംഗീത, നൃത്ത വിഭാഗങ്ങളിലായി വായ്പാട്ട്, വീണ, വയലിൻ, മൃദംഗം, മോഹിനിയാട്ടം, ഭരതനാട്യം എന്നീ വിഷയങ്ങൾ പഠിപ്പിക്കും. ഒരു ബാച്ചിൽ 20 വിദ്യാർത്ഥികൾ ഉണ്ടായിരിക്കും. സ്കൂൾ കോളേജാക്കി ഉയർത്തുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ബാലസുബ്രഹ്മണ്യനെ കമ്മീഷനായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.
വേണ്ടത് വേഗം
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തീരുമാനം വന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തുടർനടപടികളായിട്ടില്ല. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ഗവ. മോഡൽ ഗേൾസ് സ്കൂൾ വളപ്പിൽത്തന്നെ കോളേജ് പ്രാഥമികമായി ആരംഭിക്കാനാണ് തീരുമാനം.
സൗകര്യമുള്ള സ്ഥലം കിട്ടുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കും. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് കോളേജ് ആരംഭിക്കണമെങ്കിൽ സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം തേടണം. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു നീക്കവും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
കോളേജ് തുടങ്ങുന്നതിനെപ്പറ്റി പുതിയ നിർദ്ദേശങ്ങളൊന്നും കോളേജ് വിദ്യാഭ്യാസവകുപ്പിനും ലഭിച്ചിട്ടില്ല. പുതിയ അധ്യയനവർഷത്തിൽ ക്ലാസ് ആരംഭിക്കണമെങ്കിൽ ഒട്ടേറെ നടപടികൾ പൂർത്തീകരിക്കണം. സ്കൂൾ എവിടെയായിരിക്കണമെന്ന കാര്യത്തിലെങ്കിലും തീരുമാനമാകേണ്ടതാണ്.
ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സൗകര്യം പരിമിതമായതിനാൽ കൂടുതൽ മെച്ചപ്പെട്ട ഇടം കണ്ടത്തേണ്ടതും അത്യാവശ്യമാണ്. നടപടികൾ ത്വരപ്പെടുത്തുക എന്നതു മാത്രമാണ് അടിയന്തരമായി വേണ്ടത്.
പാലക്കാട്, തൃപ്പൂണിത്തുറ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംഗീതനൃത്ത പഠനത്തിനുള്ള സർക്കാർ സ്ഥാപനങ്ങൾ നിലവിലുള്ളത്. തൃശ്ശൂരിനാകട്ടെ, കോളേജ് നിലവിൽ വരുന്നതോടെ ഗവ. ഫൈൻ ആർട്ട്സ് കോളേജും സ്കൂൾ ഓഫ് ഡ്രാമയും പോലെ കലാപഠനത്തിന് അഭിമാനാർഹമായ മറ്റൊരു സ്ഥാപനം കൂടി ലഭിക്കും.
കോളേജ് ഈ വർഷംതന്നെ - തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ.
ശ്രീരാമവർമ്മ ഗവൺമെന്റ് കോളേജ് ഓഫ് പെർഫോമിങ് ആർട്ട്സ് ഈ അധ്യയനവർഷം തന്നെ പ്രവർത്തനം തുടങ്ങുമെന്ന് തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കോളേജ് അഫിലിയേഷനുമായി ബന്ധപ്പെട്ട നടപടികൾ കാലിക്കറ്റ് സർവകലാശാലയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
പുതിയ കെട്ടിടം നിർമ്മിക്കാനും ഉപകരണങ്ങൾ വാങ്ങാനും മറ്റുമായി 60 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കോളേജിന്റെ പ്രവർത്തനം താത്കാലികമായി സ്കൂളിൽത്തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും കൂടുതൽ യോഗ്യമായ സ്ഥലം താമസിയാതെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.