എവറസ്റ്റ് ബാലകൃഷ്ണൻ ഇനി അമർത്യനാകും. സ്വന്തം പേരിട്ട വീട്ടിൽ അദൃശ്യസാന്നിധ്യമായി അദ്ദേഹമുണ്ടാകുമെന്ന വിശ്വാസത്തിൽ ഉറ്റവർക്കും ഇത് സ്വപ്‌നസാഫല്യത്തിന്റെ നിമിഷം. എവറസ്റ്റ് കൊടുമുടി കീഴടക്കിയ അർജ്ജുന-പത്മശ്രീ ജേതാവായ എവറസ്റ്റ് ബാലകൃഷ്ണന്റെ പുതിയ വീട്ടിലെ ഗൃഹപ്രവേശം ഒരേസമയം ആനന്ദവും നൊമ്പരവുമായി. നേട്ടങ്ങൾ ഏറെയുണ്ടായിട്ടും സ്വന്തമായി ഒരു വീട് അദ്ദേഹത്തിന് സ്വപ്‌നമായിരുന്നു. വീടിനു വേണ്ടിയുള്ള വർഷങ്ങളുടെ പരിശ്രമങ്ങൾ കുടുംബത്തെ പൊങ്ങണംകാട്ട് എത്തിച്ചു. ബാലകൃഷ്ണൻ 82ാം വയസ്സിൽ വിടപറഞ്ഞ് ഒമ്പത് വർഷം കഴിഞ്ഞാണ് വീടെന്ന സ്വപ്നം പൂവണിയുന്നത്. 

കീഴടക്കിയത്
ഉയരങ്ങൾ

കൂർക്കഞ്ചേരി കണക്കപ്പറമ്പിൽ സി. ബാലകൃഷ്ണൻ സൈന്യത്തിൽ ടെക്‌നിക്കൽ ഓഫീസറായിരുന്നു. ഉത്തരേന്ത്യയിൽ ജോലി ചെയ്യവെയാണ് ഉയരമെന്ന സ്വപ്‌നം അദ്ദേഹത്തിന്റെ ലക്ഷ്യമായി മാറിയത്. ആഗ്രഹവും പരിശ്രമവും കൂട്ടുചേർന്നപ്പോൾ അദ്ദേഹം എവറസ്റ്റ് സംഘത്തിന്റെ ഭാഗമായി. 
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെ അദ്ദേഹത്തിന് ആവേശമായി. അങ്ങനെ 1965-ലാണ്‌ ഇന്ത്യൻ സംഘത്തോടൊപ്പം അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. മൂന്നാമത്തെ ശ്രമത്തിലായിരുന്നു അത്. ക്യാപ്റ്റൻ എം.എസ്. കോഹ്‌ലിയായിരുന്നു പർവതാരോഹണത്തിന് നേതൃത്വം വഹിച്ചത്. 18 പേർ സംഘത്തിലുണ്ടായിരുന്നു. എവറസ്റ്റ് കൊടുമുടിയിൽ എത്തിയതോടെ അറിയുന്നവർക്കെല്ലാം ബാലകൃഷ്ണൻ പിന്നെ എവറസ്റ്റ് ബാലകൃഷ്ണനായി. തുടർന്ന് അതേവർഷം അർജ്ജുന പുരസ്‌കാരം ലഭിച്ചു. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘാംഗം എന്ന നിലയ്ക്കാണ് ഇതു ലഭിച്ചത്. അതോടെ ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി അർജ്ജുന നേടുന്ന വ്യക്തിയായി ബാലകൃഷ്ണൻ മാറി. ആദരവുകളുടെയും അംഗീകാരത്തിന്റെയും നാളുകളായിരുന്നു പിന്നീട്. പദ്മശ്രീയാണ് ഇതിൽ പ്രധാനമായത്. സൈന്യത്തിലെ പ്രവർത്തനമികവിനും ബഹുമതികൾ തേടിയെത്തി. നേപ്പാൾ സർക്കാരിന്റെ ഓർഡർ ഓഫ് മെറിറ്റ്, യു.പി.-ടിബറ്റ് അതിർത്തിയിലെ പ്രതിരോധപ്രവർത്തനത്തിന് സർക്കാരിന്റെ സേനാമെഡൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്. 1967ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയിൽനിന്ന് നേരിട്ട് എവറസ്റ്റ് ആരോഹകനുള്ള സ്വർണമെഡൽ സ്വീകരിച്ചതും അഭിമാനനിമിഷമായി. 

സ്വന്തമായൊരു വീട്
മികച്ച കായികതാരം കൂടിയായിരുന്നു എവറസ്‌റ്റ് ബാലകൃഷ്ണൻ. 1950ൽ നടന്ന ദേശീയ കായികമേളയിൽ ഹർഡിൽസിൽ മെഡൽ നേടി. 1951ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനത്തെത്തി. ക്രിക്കറ്റിലും മികച്ച താരമായിരുന്ന ബാലകൃഷ്ണൻ രഞ്ജി ട്രോഫിയും കളിച്ചിട്ടുണ്ട്. 
എവറസ്റ്റ് ബാലകൃഷ്ണന്റെ സേവനങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ പത്തു സെന്റ് ഭൂമി അന്നത്തെ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജീവിക്കുന്നത് ജനിച്ച മണ്ണിൽത്തന്നെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തുടർന്ന് സംസ്ഥാന സർക്കാരിലൂടെ വിലങ്ങൻകുന്നിൽ പത്തുസെന്റ് സ്ഥലം അനുവദിച്ചു. എന്നാൽ ഭൗതികസാഹചര്യങ്ങൾ മേശമായിരുന്നതിനാൽ സ്ഥലം വേണ്ടെന്നുവെച്ചു. ഭരണം മാറിമാറിവന്നതോടെ ഒന്നും ഫലവത്തായില്ല. ഇടയ്ക്ക് ആലുവ എഫ്.എ.സി.ടി.യിലും അദ്ദേഹം ജോലി ചെയ്തു. 
പിന്നീട് പുണെയിലെ വാടകവീട്ടിലായിരുന്നു ബാലകൃഷ്ണനും രത്‌നവല്ലിയും ഏറെനാൾ താമസിച്ചിരുന്നത്. അവിടെവെച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. പിന്നീടുള്ള ശ്രമങ്ങൾ രത്‌നവല്ലിയുടേതായിരുന്നു. ഭർത്താവിന്റെ ആഗ്രഹം സാധ്യമാക്കാൻ അവർ ശ്രമം തുടർന്നു. കഴിഞ്ഞ സർക്കാരിന്റെ സുതാര്യകേരളം പദ്ധതിയനുസരിച്ച് പടിയൂരിൽ സ്ഥലം അനുവദിച്ചെങ്കിലും പിന്നീടാണ് ഇത് പൊങ്ങണംകാട്ടേയ്ക്ക് മാറ്റിയത്. പത്തു സെന്റ് ഭൂമിയും അഞ്ചുലക്ഷം രൂപയും ഇതോടൊപ്പം നൽകിയിരുന്നു.
ബാലകൃഷ്ണൻ-രത്‌നവല്ലി ദമ്പതിമാർക്ക് നാലു മക്കളാണുണ്ടായിരുന്നത്. രണ്ടുപേർ മരിച്ചു. മകൾ ഗോപികയ്ക്കൊപ്പം ഗുരുവായൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. 753 സ്‌ക്വയർഫീറ്റിലുള്ള വീടിന് എവറസ്റ്റ് സി. ബാലകൃഷ്ണൻ നിവാസ് എന്നാണ് പേരിട്ടിരിക്കുന്നത്.