നാടകം ഇവിടെ  സർക്കസ്സായും സർക്കസ്‌ നാടകമായും മാറുകയാണ്. ഫ്ളയിങ്‌ ട്രപ്പീസിൽ ഉറങ്ങിയും മയങ്ങിയും ആടുന്ന, സ്വപ്നാടനം നടത്തുന്ന ഏരിയൽ. അവരിലൊരാളാണ് മിറാൻഡയ്ക്കായി താരാട്ടുപാട്ടിന്റെ ഈണത്തോടെ റിങ്ങിലേക്ക് താഴ്ന്നുതാഴ്ന്നുവരുന്നത്.
തൊട്ടുമുമ്പത്തെ ദൃശ്യത്തിൽ 1857 മോഡൽ സൈക്കിളിൽ എന്നാൽ മോട്ടോർസൈക്കിളിന്റെ ശബ്ദത്തോടെ റിങ്ങിലേക്ക് പ്രോസ്പറോ പ്രഭു ഇരച്ചെത്തിയിരുന്നു. ഈ റിങ്‌ ഒരു ദ്വീപാകുന്നു.
മരണത്തിൽനിന്ന് രക്ഷപ്പെട്ട് പ്രോസ്പറോ കൈക്കുഞ്ഞായ മിറാൻഡയും പിന്നെ കുറേ പുസ്തകങ്ങളുമായി എത്തിപ്പെടുന്ന ദ്വീപ്. പ്രകൃതി ശക്തിയും മനുഷ്യന്റെ ദുരയും സ്വാതന്ത്ര്യാഭിവാഞ്ഛയും എല്ലാം പരസ്പരം പോരടിക്കുകയും സമന്വയിക്കുകയും ചെയ്യുന്നതായി മാന്ത്രികശക്തിയോടെ  ഷേക്‌സ്പിയർ ആവിഷ്‌കരിച്ച ജീവിതനാടകത്തിന്റെ രംഗദ്വീപ്. പ്രോസ്പറോ എന്ന കഥാപാത്രം മാന്ത്രികദണ്ഡ് ഉപേക്ഷിക്കുന്നതോടെ തിരശ്ശീല വീഴുന്ന (ഷേക്‌സ്പിയർ തന്റെ ലോകോത്തരമായ തൂലിക താഴെവെക്കുകയും) ടെംപസ്റ്റ്.  
‘തലാത്തം’ എന്നപേരിൽ ടെംപസ്റ്റ് നാടകം സർക്കസ് തമ്പിനകത്ത് സർക്കസ് പ്രദർശനത്തിന്റെ രൂപഭാവങ്ങളോടെ പുനരാവിഷ്കരിക്കുകയാണ് അഭിലാഷ് പിള്ളയും സംഘവും. പ്രകമ്പനം എന്ന് അർഥശോഷണത്തോടെ പറയാവുന്ന ‘തലാത്തം’ ഉറുദു നാമമാണ്.
സർക്കസ് തമ്പിനകത്തെന്ന പോലെ നേപ്പാളിയും അസമിസും മലയാളവും ഹിന്ദിയുമടക്കം നിരവധി ഭാഷകൾ സംസാരിക്കുന്ന നാടകം ഭാഷകളുടെ അതിർവരമ്പുകളെ പൂർണമായും ലംഘിക്കുന്നതിനാൽ എവിടെയും ആസ്വദിക്കപ്പെടുമെന്ന് അഭിലാഷ് പിള്ളയും രംഗസ്രഷ്ടാവായ ദീപൻ ശിവരാമനും സ്‌ക്രിപ്റ്റ് റൈറ്റർ ശശികുമാർ വള്ളിക്കാട്ടും പ്രതീക്ഷിക്കുന്നു. കനായിയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ പ്രശസ്തമായ തറവാട് പറമ്പിൽ ഇപ്പോഴുള്ള യമുനാതീരം റിസോർട്ടിൽ കഴിഞ്ഞ ഒരുമാസമായി ‘തലാത്തം’ നിർമാണപ്രവർത്തനം നടക്കുകയാണ്. കുറച്ചപ്പുറം നരീക്കാംവള്ളി തോട്ടുംകടവിൽ മൈതാനത്ത് വലിയ സർക്കസ് തമ്പും അതിനകത്ത് തൂങ്ങിക്കിടക്കുന്ന ട്രപ്പീസും.. അവിടെയാണ് കേരളത്തിലെ ആദ്യത്തെ സർക്കസ് രൂപേണയുള്ള നാടകം പിറക്കുന്നത്.
സഹോദരനായ അന്റോണിയോ കൊല്ലാൻ ശ്രമിച്ചിട്ടും രക്ഷപ്പെട്ട് ദ്വീപിലെത്തുന്ന പ്രോസ്പറോ അവിടത്തെ മാന്ത്രികയായ സൈക്കോറാക്സിനെ തോല്പിച്ച് മാന്ത്രികശക്തി കൈയടക്കുകയാണ്.
അവരുടെ മകനായ കാലിബനെയും അനുചരരായ പ്രാകൃതിക ശക്തികളെയും (ഏരിയൽ-മായാവികൾ-അരൂപികൾ) വരുതിയിലാക്കുന്നു. മനുഷ്യനായി സ്വപിതാവിനെ മാത്രം കണ്ട് 17 വർഷത്തോളം ദ്വീപിൽ കഴിയുന്ന മിറാൻഡ. നേപ്പിൾസിലെ രാജാവായ അലോൻസോവിന്റെ മകനായ ഫെർഡിനന്റിന്റെ വിവാഹം തീരുമാനിക്കപ്പെടുന്നു.
വിവാഹപ്പാർട്ടി സഞ്ചരിക്കുന്ന കപ്പൽ മാന്ത്രികശക്തിയാൽ കൊടുങ്കാറ്റഴിച്ചുവിട്ട് തകർക്കുകയാണ് പ്രോസ്പറോ...ചിതറിപ്പോയ വിവാഹപ്പാർട്ടിക്കാർ ഈ ദ്വീപിലാണെത്തുന്നത്... ഫെർഡിനന്റിനെ ദ്വീപിൽവെച്ച് അതായത് സർക്കസ് റിങ്ങിൽവെച്ച് കണ്ടുമുട്ടുകയാണ് മിറാൻഡ.
സർക്കസ് അവതരണങ്ങളിലൂടെ വികസിച്ചുവരുന്ന പാരസ്പര്യം, തീവ്രപ്രണയം. ട്രാജഡിയും കോമഡിയും ഇടകലർന്ന ഷേക്‌സ്പിയർ നാടകത്തിൽ ദ്വീപിലെ ജനതയ്ക്ക്, അതായത് സൈക്കോറാക്സിനും കാലിബാനും പ്രകൃതിപ്രതിഭാസങ്ങളായ ഏരിയൽസിനും സ്വാതന്ത്ര്യം നൽകിയാണ് പ്രോസ്പറോ നാട്ടിലേക്ക് വിടചോദിക്കുന്നത്.
തലാത്തം നാടകത്തിൽ സ്വാതന്ത്ര്യം പിന്നെയും മാറ്റിവെക്കപ്പെടുന്നു. മറവി സംഭവിക്കുന്നു..വാഗ്ദാനം ചെയ്തതുപോലെ എന്താ സ്വാതന്ത്ര്യം തരാത്തതെന്ന കൂടെക്കൂടെയുള്ള ചോദ്യങ്ങൾക്ക്, അഭ്യർഥനകൾക്ക് പ്രോസ്പറോവിന് മറുപടിയുണ്ട്. ശക്തിയുള്ളവർക്ക് ശക്തിയില്ലാത്തവർക്ക് നൽകാൻ കഴിയുന്ന ഒന്നല്ല, സ്വാതന്ത്ര്യം. സ്വാതന്ത്ര്യം ഓരോരുത്തരുടേതുമാണ്. അത് അവരവർ തന്നെ സ്വായത്തമാക്കേണ്ടതാണ്...
കൊളോണിയൽ സ്വഭാവത്തിലേക്ക് ബ്രിട്ടീഷ് ഭരണകൂടം മാറാൻ ആരംഭിക്കുന്ന ഘട്ടത്തിൽ ഷേക്‌സ്പിയർ ദീർഘദർശനം ചെയ്യുകയും തീരാവ്യാഖ്യാനങ്ങൾക്ക് ഇടം ഒഴിച്ചിടുന്ന തരത്തിൽ സൂചനകൾ നൽകുകയും ചെയ്ത ടെംപസ്റ്റിനെ സമകാലീന ലോക സാഹചര്യത്തിന് ചേർന്നവിധം സമീപിക്കുകയാണ്. അഭിലാഷ് പിള്ളയും ദീപൻശിവരാമനും ശശികുമാറും. സദാ സഞ്ചരിക്കുന്ന സർക്കസ് തമ്പിനെ രംഗവേദിയാക്കി ചലനാത്മകതയാണ് 'സെറ്റിൽ ചെയ്യ'ലല്ല  ജീവിതമെന്ന സന്ദേശം നൽകാൻ ശ്രമിക്കുന്നു. പലവിധ ചട്ടങ്ങളുടെ സമ്മർദം കാരണം തകർന്നുകൊണ്ടിരിക്കുന്ന സർക്കസ് എന്ന കലാരൂപത്തെ നിലനിർത്താൻ പുതിയ പരീക്ഷണമെന്ന നിലയിലും ‘തലാത്ത’ത്തിന്റെ നിർമാണത്തെ കാണാമെന്ന് ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറായ അഭിലാഷ് വ്യക്തമാക്കി.  
പ്രോസ്പറോവായി രമേശ്വർമയും ഫെർഡിനന്റായി മധ്യപ്രദേശിൽ നിന്നുള്ള മുകേഷും മിറാൻഡയായി നേപ്പാളി സർക്കസ് കലാകാരി താനിയയും അ​േലാൻസോ രാജാവായി ബാബു അന്നൂരും വേഷമിടുന്നു. അഭിനേതാക്കളിൽ  പത്തുപേർ സർക്കസ് കലാകാരന്മാരാണ്. വി.ചന്ദ്രൻ സംഗീതവും ഫിറോസ്ഖാൻ ചമയവും കൈകാര്യം ചെയ്യുന്നു. തലശ്ശേരിയിൽ നിന്നുള്ള സർക്കസ് വിദഗ്ധരാണ് സാങ്കേതിക സഹായം.
ഡൽഹിയിലെ സെറൻഡിപിറ്റി ആർട്ട് ട്രസ്റ്റ് നിർമിക്കുന്ന നാടകം ഗോവ പനജിയിൽ ഡിസംബർ 16 മുതൽ 23 വരെ നടക്കുന്ന സെറൻഡിപിറ്റി ആർട്ട് ഫെസ്റ്റിവലിൽ  അവതരിപ്പിക്കും. 20 മുതൽ 23 വരെ നാലുദിവസമായി എട്ട് പ്രദർശനം ഉണ്ടാവും.