റെയിൻ റെയിൻ കം എഗെയിൻ എന്ന സിനിമയിൽ ജാസി ഗിഫ്റ്റ് സംഗീതം നൽകിയ "പൂവിനുള്ളിൽ പൂമഴ പോലെ" എന്ന പാട്ടായിരുന്നു രാജേഷ് ചേർത്തലയെ ആദ്യമായി സിനിമയിലേക്ക് ചേർത്തത്. പിന്നെ 200ലധികം സിനിമാഗാനങ്ങൾക്ക് രാജേഷിന്റെ പുല്ലാങ്കുഴലിൽനിന്ന് ഇൗണങ്ങൾ പെയ്തിറങ്ങി. പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും ഒഴുകിയ മുരളീനാദം രാജേഷിന്റേതെന്ന് അടുത്ത ആളുകൾ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ.

‘മോഹം കൊണ്ട് ഞാൻ’ എന്ന ഗാനം ഓടക്കുഴലിൽ വായിച്ചത് മസ്‌കത്തിലെ ഒരാരാധകൻ രാജേഷിന്റെ ചിത്രവും ഫോൺ നമ്പറും സഹിതം ഫെയ്‌സ്ബുക്കിൽ ഇട്ടു. ഇതായിരുന്നു രാജേഷ് എന്ന കലാകാരനെ ജനം തിരിച്ചറിഞ്ഞ ആദ്യ സംഭവം. ശേഷം ‘ശിശിരകാല മേഘമിഥുന’ എന്ന പാട്ട്. അതോടെ രാജേഷിന് കൂടുതൽ ആരാധകരായി. ആറുദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു.

ഒരു ആഡംബര ഹോട്ടൽമുറിയിൽ കസേരയിലിരുന്ന് മോഡേൺ വസ്ത്രമണിഞ്ഞ് വായിച്ച ‘താരാപഥം ചേതോഹരം’ എന്ന ഗാനമാണ് ഏറ്റവും പ്രചാരമായത്. യു ട്യൂബിൽ നാലേകാൽ ലക്ഷം പേരാണ് കണ്ടതെങ്കിൽ ഫെയ്‌സ് ബുക്കിലും വാട്സ് ആപ്പിലും കണക്ക് കൂട്ടാനാകാത്ത വിധം ഗാനം ഒഴുകി. ഹിന്ദി സിനിമയടക്കം 150ലധികം സിനിമകൾക്ക് അസി.ക്യാമറാമാനായി പ്രവർത്തിച്ച സോജുമോൻ, ഷൈൻ സിദ്ധാർഥ്‌, ജിബി ആനന്ദ്, ശ്രുതിമോൻ എന്നിവരടങ്ങിയ സംഘമാണ് ആ വീഡിയോ നിർമിച്ചത്.

തിരയനക്കം കേട്ട് വളർച്ച

ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളും ദാരിദ്ര്യവും ഏതൊരു കലാകാരന്റെയും തീവ്രമായ അനുഭവങ്ങളും കരുത്തുമാണെന്ന് രാജേഷിന്റെ ജീവിതവും സാക്ഷ്യപ്പെടുത്തുന്നു. ചേർത്തല മഠത്തിൽ ദാസപ്പന്റെയും നിർമ്മലയുടെയും മൂത്തമകനായ രാജേഷ് കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂൾ, എസ്.എൻ. കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

വല്ല്യച്ഛന്റെ മകൻ ഷാജി ഓടക്കുഴൽ വായിക്കുന്നത് കണ്ടായിരുന്നു പ്രചോദനം. പുത്തനങ്ങാടിയിലെ ‘സൺബ്രൈറ്റ്’ എന്ന കലാകാരനായിരുന്നു ആദ്യഗുരു. സ്കൂൾ അധ്യാപിക സീലിയാമ്മ ജോസഫ് പ്രോത്സാഹനം നൽകി. അഞ്ച് പേരടങ്ങിയ ചിൽഡ്രൻസ് വോയ്സ് എന്ന ഗാനമേള ട്രൂപ്പ് രൂപവത്‌കരിച്ചു. വിവിധ സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിച്ചു.

എസ്.എൻ. കോളേജിലെത്തിയപ്പോഴും അധ്യാപകരും സഹപാഠികളും വലിയ പ്രോത്സാഹനം നൽകി. ആദ്യമായി ഓടക്കുഴൽ വാങ്ങിക്കൊടുത്തത് അവരായിരുന്നു. ശേഷം കൊച്ചിൻ ക്ലാസ് എന്ന ഗാനമേളട്രൂപ്പ് വലിയ അടിത്തറ നൽകി. പിന്നണി ഗായകൻ പള്ളിപ്പുറം സുനിൽ, മാടയ്ക്കൽ സന്തോഷ്, മായിത്തറ പൊന്നപ്പൻ ഭാഗവതർ എന്നിവർ കർണ്ണാടക സംഗീതത്തിന്റെ പാഠങ്ങൾ പകർന്നുനൽകി. സംഗീതസംവിധായകൻ ആലപ്പി വിധു, തിരുവിഴ ഉല്ലാസ് എന്നിവരാണ് ആദ്യമായി സ്റ്റുഡിയോയിൽ എത്തിച്ചത്. കൊച്ചിൻ കലാഭവനിൽ ‘ഒരു ഗുരുവായൂരപ്പ ഭക്തിഗാന’മായിരുന്നു തുടക്കം. പുല്ലാങ്കുഴലിന് പുറമെ സാക്സോഫോൺ, വിൻഡ് മീഡിയം കൺട്രോളർ, ഡുഡുക്, മെലോഡിക എന്നീ ഉപകരണങ്ങളും വായിക്കും. മറ്റെല്ലാം സ്വയം പഠിച്ചതാണ്.ഇപ്പോൾ കലൂർ ‘ഡിഡി പ്ലാറ്റിനം’ എന്ന ഫ്ലാറ്റിലാണ് താമസം. രാജിയാണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർഥിനിയായ അമല, ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അമൃത എന്നിവർ മക്കളാണ്. രണ്ടുപേരും നൃത്തം പഠിക്കുന്നു. സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസിനുകീഴിൽ മകൾ അമല ഗിറ്റാർ പഠിക്കുന്നുണ്ട്.

പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയാണ്‌ ഇപ്പോൾ രാജേഷിന്റെ ഗുരു. മുംബൈ വൃന്ദാവൻ ഗുരുകുലത്തിൽ അദ്ദേഹത്തിനൊപ്പം താമസിച്ചാണ് ക്ലാസ്. കലാകേരളത്തിന്റെ പ്രിയങ്കരനായ കുടമാളൂർ ജനാർദ്ദനൻ അടക്കമുള്ള പ്രഗല്‌ഭരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന രാജേഷ് ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്.
പുല്ലാങ്കുഴൽ നാദത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു.

രാജേഷ് എഫെക്ട്

ആലുവാപുഴയുടെ തീരത്ത് എന്ന പാട്ടിന് മുമ്പായി കേൾക്കുന്ന ട്യൂൺ സിനിമയിലുടനീളം പശ്ചാത്തലസംഗീതമായി കേൾക്കാം. അത് റെക്കോഡിങ്ങ് വേളയിൽ രാജേഷ് വായിച്ച് കേൾപ്പിച്ചതാണ്. പിന്നീട് അത് പാട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. സംഗീതത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് സംവിധായകർക്ക് കൃത്യമായി മുൻധാരണയുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇത്തരം ട്യൂണുകൾ ചെയ്യുന്നത് പാട്ടിൽ ഉപയോഗിക്കാറുണ്ട്. അത് ഏറെ സന്തോഷം പകരുന്ന ഒന്നാണെന്ന് രാജേഷ് പറഞ്ഞു.

രാജേഷ് ഓടക്കുഴലിൽ തീർക്കുന്ന ഇത്തരം എഫക്ടുകൾ മൊബൈൽ റിങ്‌ ടോണുകളായും പ്രസിദ്ധമാണ്. ഗാനങ്ങളായും വിവിധ പക്ഷികളുടെയും പ്രകൃതിയുടെയും ശബ്ദങ്ങളായും ഇവ പ്രചരിച്ചിട്ടുണ്ട്. പ്രകൃതിയോട് വളരെ അടുത്ത് നിൽക്കുന്ന ലളിതവും സുഖകരവുമായ നാദം ഓടക്കുഴലിന്റെ സൗഭാഗ്യമാണ്.

ന്യൂജൻ സിനിമകളിൽ രാജേഷിന്റെ പുല്ലാങ്കുഴൽ നാദം കാലോചിതം കൂടിയാണ്. ചിരിക്കാനും ചിന്തിക്കാനും സങ്കടപ്പെടുത്താനും സന്തോഷിക്കാനും ഭയപ്പെടുത്താനും അമ്പരപ്പിക്കാനും കഴിയുന്ന ഈണങ്ങൾ ആ മുളന്തണ്ടിൽനിന്ന് ഒരു മന്ത്രധ്വനിയായി ഒഴുകുന്നു. അനന്തഭദ്രം സിനിമയിലെ ഉദ്വേഗഭരിതമായ നിമിഷങ്ങളിൽ ഓടക്കുഴൽ നാദത്തിനൊപ്പം ആസ്വാദകർ സഞ്ചരിച്ചത് ഒരു ഉദാഹരണം മാത്രം.

സിനിമകളിൽ ശ്രദ്ധേയമായവ

ജാസിഗിഫ്റ്റ് - റെയിൻ റെയിൻ കം എഗെയിൻ (പൂവിനുള്ളിൽ പൂമഴപോലെ), അശ്വാരൂഢൻ-(അഴകാലില മഞ്ഞച്ചരടുള്ള പൂത്താലി)
ബിജിബാൽ- അറബിക്കഥ (തിരികെ ഞാൻ), പാലേരി മാണിക്യം - (പാലേറും നാടായ), മഹേഷിന്റെ പ്രതികാരം (മലമേലെ തിരി വെച്ച്), ഇടുക്കി ഗോൾഡ് - (മാണിക്യച്ചിറകുള്ള മാറത്ത് കുറിയുള്ള), സാൾട്ട് ആൻഡ്‌ പെപ്പർ - (പ്രേമിക്കുമ്പോൾ),
മുന്തിരിവള്ളികൾ പൂക്കുമ്പോൾ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും പ്രവർത്തിച്ചു.
ഗോപീസുന്ദർ
1983 (ഓലഞ്ഞാലി കുരുവി)
ആനന്ദ് മധുസൂദനൻ
പാ.വ (പൊടിമീശ മുളയ്ക്കണകാലം)
രാജേഷ് മുരുകേശൻ
പ്രേമം- (ആലുവാപുഴയുടെ തീരത്ത്)
ബേണി ഇഗ്നേഷ്യസ്
മായാമോഹിനി (ഉള്ളിൽ കൊതിവിടരും).
കൂടാതെ ദീപക്ദേവ്, രാഹുൽരാജ്, മെജോ ജോസഫ്, വിദ്യാധരൻ, ആലപ്പി രംഗനാഥൻ, ടി.എസ്. രാധാകൃഷ്ണൻ, സെബി നായരമ്പലം, ജെർസൻ ആന്റണി, എം.ജി. അനിൽ എന്നിവരോടൊപ്പം നിരവധി ഗാനങ്ങൾക്ക് പ്രവർത്തിച്ചു.
പശ്ചാത്തല സംഗീതത്തിന് ഗോപീസുന്ദറിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘1983’. ബിജിബാലിന്റെ ‘കളിയച്ഛൻ’ എന്നീ ചിത്രങ്ങളിൽ ഒരാളായി പ്രവർത്തിക്കാനും കഴിഞ്ഞു. ‘അനന്തഭദ്രം’ എന്ന സിനിമയിലെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടതിൽ രാജേഷിന്റെ വൈഭവവുമുണ്ട്.