ഡൽഹിയിലെ അരങ്ങിൽ അവതരിപ്പിച്ചത് ആലീസിന്റെ അത്ഭുതലോകമായിരുന്നെങ്കിലും തൃശ്ശൂർ രംഗചേതനയിലെ കുട്ടികൾക്ക് അഭിനയത്തിന്റെയും കാഴ്ചയുടെയും കൂട്ടായ്മയുടെയും വിസ്മയമായിരുന്നു ഈ യാത്ര. സാധാരണക്കാരായ കുട്ടികളുൾപ്പെടെയുള്ള ഈ സംഘം പല വഴികളിലൂടെ സഞ്ചരിച്ചും നാടകത്തിലൂടെ വിസ്മയം തീർത്തുമാണ് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമാ വേദിയിൽനിന്ന് മടങ്ങിയത്.
ഡൽഹിയിലേക്ക് യാത്രതുടങ്ങിയ കുട്ടിക്കൂട്ടത്തിന് തീവണ്ടിയിൽ കിട്ടിയത് ഒരുപറ്റം പട്ടാളക്കാരുടെ കൂട്ട്. അവിടെയെത്തിയപ്പോൾ ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും സമപ്രായക്കാരുമായുള്ള ഒത്തുചേരൽ. കുത്തബ്മീനാറും ഇന്ത്യാഗേറ്റുമെല്ലാം താണ്ടി. എല്ലാം അത്ഭുതങ്ങളായിരുന്നു. എന്നാൽ ഡൽഹി എൽ.ടി.ജി. ഹാളിൽ ഇവർ മറ്റുള്ളവർക്കൊരു അത്ഭുതമാകുകയും ചെയ്തു. ആലീസിന്റെ അത്ഭുതം വേദിയിൽ തീർത്താണ് ഇവർ കാണികളെ വിസ്മയിപ്പിച്ചത്.
ഡൽഹിയിൽ നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമ സംഘടിപ്പിച്ച അന്തർദേശീയ നാടകോത്സവത്തിലാണ് ഇവർ ആലീസിന്റെ അത്ഭുതലോകം അവതരിപ്പിച്ചത്. രംഗചേതനയിലെ 19 കുട്ടികളാണ് നാടകയാത്ര നടത്തിയത്. നാടുവിട്ട് വലിയ യാത്രകൾ ഒന്നും നടത്താത്തവർ.
നാടകാവതരണം കഴിഞ്ഞു വന്നതോടെ കുട്ടികൾ മാറിപ്പോയി എന്നാണ് പല രക്ഷാകർത്താക്കൾക്കും പറയാനുള്ളത്. പെരുമാറ്റങ്ങളിലും കാര്യങ്ങൾ ചെയ്യുന്നതിലുമെല്ലാം അന്നുവരെയില്ലാത്ത ഒരു ഗൗരവക്കൂടുതൽ. പിന്നെ നാടകത്തെ കൂടുതൽ നെഞ്ചിലേറ്റുമെന്ന ദൃഢനിശ്ചയവും. 
അവർ 19 പേർ  
നാടകയാത്രാ സംഘത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്. അതിൽ 11 പെൺകുട്ടികളായിരുന്നു. ഏഴുമുതൽ 14വരെ പ്രായക്കാർ. എല്ലാം രംഗചേതനയിലെ പരിശീലനം പൂർത്തിയാക്കിയവർ.  
ഒരുമാസത്തെ പരിശീലനത്തിനുശേഷം ഇതു വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും മറ്റും അയച്ചുകൊടുത്താണ് ഡൽഹിയിലെ നാടകോത്സവത്തിൽ പങ്കെടുക്കാനായത്. 
വണ്ടർ ലാൻഡ്‌
ആലീസ് ഇൻ വണ്ടർ ലാൻഡ്‌ ആണ് ഡൽഹിവേദിയിൽ ആലീസിന്റെ അത്ഭുതലോകമായത്. ഇതിലെ പൂച്ചയും പൂമ്പാറ്റയുമെല്ലാം വേദിയിൽ മലയാളത്തിൽ സംവദിച്ചു. 150 വർഷം പഴക്കമുള്ള കഥ പുതുമയോടെ രംഗത്ത് അവതരിപ്പിക്കാൻ സാധിച്ചെന്ന്‌ ആസ്വദിച്ചവർ പറഞ്ഞു.
വെറും കൗതുകങ്ങൾ മാത്രമായിരുന്നില്ല നാടകത്തിൽ. ‘ഊതിയാൽ പറന്നുപോകാവുന്നതേയുള്ളൂ കൊട്ടാരവും രാജാവും രാജ്ഞിയുമൊക്കെ’. ഈ ഡയലോഗ് ചെറിയ കുട്ടി വേദിയിൽ പറയുമ്പോൾ കാണികൾ കരഘോഷം മുഴക്കുകയായിരുന്നു. പ്രത്യേക കോട്ട് ധരിച്ചെത്തിയ മുയലിനെ പിൻതുടർന്ന് ആലീസ് എന്ന പെൺകുട്ടി അത്ഭുതലോകം കാണുകയായിരുന്നു വേദിയിൽ. ഈ അത്ഭുതങ്ങൾ ചോരാതെ അവതരിപ്പിക്കാനായി എന്നതാണ് സംഘത്തിന്റെ നേട്ടമായത്.
അണിയറയിൽ 
രംഗചേതനയുടെ എല്ലാമായ കെ.വി. ഗണേഷ് ആയിരുന്നു ഈ ഡൽഹി നാടകയാത്രയുടെയും നെടുംതൂൺ. ആലീസിന്റെ അത്ഭുതലോകം നാടക രചനയും സംവിധാനവും അദ്ദേഹത്തിന്റെതായിരുന്നു. ഫോട്ടോഗ്രാഫർ കൂടിയായ ജോസഫ് ലാസറാണ് ടീമിനെ നയിച്ചത്. സംഗീതസംവിധാനം എ. സത്യജിത്ത് ആയിരുന്നു. ജോസ് കോശി വെളിച്ചവും കെ.ബി. ലീല, വി.വി. വിനി എന്നിവർ ചമയവും ഒരുക്കി. കല വി.എസ്. ഗിരീശനും സതീശൻ അടാട്ടും കൈകാര്യം ചെയ്തു.
അരങ്ങിൽ
ആദിത്യമേനോൻ, ലക്ഷ്മി ജെ. മേനോൻ, കാതറിൻ സോളമൻ, ലിഷാന തെരേസ ജോസഫ്, സാറാതെരേസ ജോസഫ്, കെ.പി. ദേവിക, കെ.ജി.അച്ചു, ഗീതാഞ്ജലി, കിരൺതെരേസ ജോസഫ്, സ്വാതിജ പാർവതി, പി. പ്രസീദ, പി. പ്രസൂൻ, പ്രണോയ് റാഫേൽ, പ്രസാദ് സോമൻ, സി.എസ്. ആകാശ്, സഞ്ജീവ് റോഷൻ, കെ.പി. ഗ്രാംഷി, ആർദ്ര സുരേഷ്, ഗായത്രി ജെയ്‌സൺ എന്നിവർ അത്ഭുത ലോകത്തിലെ കഥാപാത്രങ്ങളായി.