ചേർപ്പ് മേഖലയിലെ സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കുള്ളിലാക്കാൻ നാലുകെട്ടിന്റെ ആകൃതിയിൽ പണിതീർത്തതാണ്‌ ചേർപ്പ്‌ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം. എന്നാൽ വിവിധ സർക്കാർ ഓഫീസുകളിൽനിന്നുള്ള വസ്തുക്കളും അവശിഷ്ടങ്ങളും അലക്ഷ്യമായി ചിതറിക്കിടക്കാൻ തുടങ്ങിയിട്ട്‌ കാലമേറേയായി.
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 19 സർക്കാർ സ്ഥാപനങ്ങളും ഒരു മിനിഹാളുമുണ്ട്‌. മൂത്രപ്പുരയും കക്കൂസും ശോച്യാവസ്ഥയിലാണ്‌.
വിവിധ സർക്കാർ ഓഫീസുകൾ സഹകരിച്ച്‌ കമ്മിറ്റിയുണ്ടാക്കി ശുചിത്വം നിലനിർത്താനുള്ള നടപടികളുണ്ടായെങ്കിലും അത്‌ ഏറെനാൾ ഉണ്ടായില്ല.
സപ്ലൈകോയിൽനിന്നുള്ള മുളകും മറ്റ്‌ അവശിഷ്ടങ്ങളുമാണ്‌ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കവാടത്തിൽ ജനങ്ങളെ ‘വരവേൽക്കുന്നത്‌’. അകത്തേക്ക്‌ പ്രവേശിച്ചാൽ സപ്ലൈകോയുടെ അവശിഷ്ടങ്ങൾ വരാന്തയിൽ വലിച്ചിട്ടിരിക്കുന്നത്‌ കാണാം. നാലുകെട്ടിന്റെ നടുമുറ്റം പൂപ്പൽ നിറഞ്ഞ്‌ കിടക്കുന്നു. സപ്ലൈകോ, വാട്ടർ അതോറിറ്റി, കൃഷിഭവൻ എന്നീ വകുപ്പുകൾ മത്സരിച്ചാണ്‌ അവരുടെ സാധനങ്ങൾ വരാന്തയിൽ അലക്ഷ്യമായിട്ടിരിക്കുന്നത്‌.
സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പരിസരത്ത്‌ അവശിഷ്ടങ്ങൾ കത്തിക്കുന്നത്‌ പതിവാണ്‌. പേപ്പർ, പ്ളാസ്റ്റിക്‌ മാലിന്യത്തിൽ സപ്ലൈകോയിൽ നിന്നുള്ള മുളകും ധാന്യങ്ങളുമടക്കം കത്തിപ്പുകഞ്ഞ്‌ പരിസരമാകെ പരക്കും. പ്രദേശവാസികൾക്കും അത്‌ വലിയ ക്ലേശം സൃഷ്ടിക്കാറുണ്ട്‌.