പൂരപ്പറമ്പ് വാഹനപ്പറമ്പായി മാറിക്കഴിഞ്ഞു. നാലുനാൾ നീളുന്ന വാഹനപ്പൂരത്തിന്
കൊടിയേറ്റമായി. യന്ത്രക്കരുത്തിന്റെ വശ്യതയും വന്യതയും ഇവിടെ കാണാം, അടുത്തറിയാം.


ജി. രാജേഷ്‌ കുമാർ
മേളാരവം അലയടിച്ച മണ്ണിൽ എൻജിനുകളുടെ ഇരമ്പം ഇനി മൂന്നു ദിവസംകൂടിയുണ്ടാകും. ഗവ. എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം കുട്ടികളുടെ അധ്വാനമാണ് തൃശ്ശൂരിന്റെ അഭിമാന അടയാളങ്ങളിലൊന്നായി മാറുന്ന തൃശ്ശൂർ മോട്ടോർ ഷോ. ഇത് പതിനൊന്നാം എഡിഷനാണ്; കേരളത്തിൽ ഇപ്പോൾ നടക്കുന്ന മോട്ടോർഷോകളിൽ തൃശ്ശൂർ ഷോ.

വിസ്മയിപ്പിക്കുന്ന കാറുകൾ

സ്‌ക്രീനിലും പത്രത്താളുകളിലും കണ്ടുമാത്രം പരിചയമുള്ള കാറുകളും ബൈക്കുകളും പ്രദർശനത്തിലെത്തിയിട്ടുണ്ട്. പ്യൂഷേയുടെ കൈമാൻ എസ് എന്ന  ചുവപ്പൻ സുന്ദരിക്കാറിന് 2.9 കോടി രൂപയാണ് വില.
4.2 സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗമെടുക്കാൻ ഇതിനാകും. ഫോർഡിന്റെ മസ്താങ്ങിന്റെ പ്രത്യേകത അതിൽ ഫോർഡിന്റെ എംബ്ലം ഇല്ല എന്നുള്ളതാണ്. കമ്പനി ഫോർഡ് ആണെങ്കിലും മസ്താങ്ങിന് പ്രത്യേകം എംബ്ളമാണ്. 60 ലക്ഷം രൂപ വിലയുള്ള കാറാണിത്.

മുത്തശ്ശിക്കാറുമായി  
ഗോകുൽ

നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥി എം. ഗോകുൽ സ്വന്തം തറവാട്ടിൽ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു പഴയ കാർ ഷോയിലേക്ക് എത്തിച്ചു. 1952 മോഡൽ ഫിയറ്റ് ബഗ്ഗ് എന്ന കാറാണിത്.
കൊടുങ്ങല്ലൂർ പുത്തൻകോവിലകത്ത്‌ പടിഞ്ഞാറേ മഠത്തിൽ തറവാട്ടിലെ അംഗമാണ് ഇപ്പോൾ ബഗ്ഗ്. ഗോകുലിന്റെ മുത്തച്ഛന്റെ അച്ഛൻ ശ്രീനിവാസറാവു വാങ്ങിയ കാറാണിത്. ലിവർകൊണ്ട് കറക്കിയാണ് ഇത് സ്റ്റാർട്ടു ചെയ്യുന്നത്.
 85 കിലോമീറ്റർ വരെ വേഗത്തിൽ ഇതോടിക്കാം. 570 സി.സി.യുടെ എൻജിനാണ് ഇതിന്റെ ഹൃദയം. വിന്റേജ് കാറുകളിൽ(വളരെ പഴയ കാറുകൾ) 1938-ലെ മോറിസ്, 1950-ലെ വോക്‌സൽ വെല്ലോക്‌സ് തുടങ്ങിയവയുമുണ്ട്.

നെഞ്ചിൽ വന്നിടിക്കും
ഈ കാറിലെ പാട്ടുകൾ

റെനോൾട്ട് ഡസ്റ്റർ, മാരുതി സ്വിഫ്റ്റ് എന്നീ രണ്ടു കാറുകളിൽ പാട്ടുവച്ചാൽ മോട്ടോർഷോ നടക്കുന്ന പവിലിയനുള്ളിൽ എല്ലാം കേൾക്കാം. കസ്റ്റം ഓഡിയോ എന്നാണ് ഈ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ പേര്. ഡസ്റ്ററിൽ നാലര ലക്ഷവും സ്വിഫ്റ്റിൽ ആറേമുക്കാൽ ലക്ഷവും രൂപ ചെലവാക്കിയാണ് ഇങ്ങനെ മാറ്റിയത്. മോട്ടോർ ഷോകൾക്കാണ് ഇവ ഉപയോഗിക്കാറുള്ളത്. മൊത്തം 2000 വാട്സ് കിട്ടുന്ന തരത്തിലുള്ള മൂന്ന് ആംപ്ലിഫയറുകൾ ഇതിലുണ്ട്.

എം 80-യുടെ ‘അനിയൻ’ എം-50

മിക്കവരും എം-80 എന്ന സ്‌കൂട്ടർ കേട്ടിട്ടുണ്ടാകും. എന്നാൽ അതിന്റെ ‘അനിയൻ’ എന്നു വിശേഷിപ്പിക്കാവുന്ന എം-50 പഴയ 12 ഇരുചക്രവാഹനങ്ങൾക്കിടയിലുണ്ട്. രാജ്യത്ത് ആകെ 65 ബൈക്കുമാത്രം ഇറങ്ങിയ ടി.വി.എസ്.സുസുക്കി സുപ്ര മറ്റൊരാകർഷണമാണ്. 1964 മോഡൽ പോളണ്ട് ബൈക്ക് എസ്.എച്ച്.എൽ, വിജയ് സൂപ്പർ, പഴയ വെസ്പ തുടങ്ങിയവയും പഴയ ഇരുചക്രപ്പെരുമയുമായി ഉണ്ട്.

************************************

*പ്രവേശനം രാവിലെ 10 മുതൽ രാത്രി എട്ടു വരെ
*ടിക്കറ്റ് നിരക്ക് 50 രൂപ
*ബൈക്ക് സ്റ്റണ്ട് ശനിയാഴ്ച നാലിന്
*സ്വരാജ് റൗണ്ടിൽ ബുള്ളറ്റ് റാലി ശനിയാഴ്ച ഒമ്പതിന്
*കെ.ടി.എം. റാലി ശനിയാഴ്ച മൂന്നിന്
*ഹിമാലയൻ ബുള്ളറ്റ് മീറ്റ് ഞായറാഴ്ച ഒമ്പതിന്
*പഴയ സ്‌കൂട്ടറുകളുടെ റാലി ഞായറാഴ്ച നാലിന്
*വിദ്യാർഥികളുടെ കലാപരിപാടികൾ വെള്ളിയാഴ്ച ആറിന്.
*സമാപനം 15-ന്

************************************

മീ, റേസർ മിറ എർദ

ടി.എസ്‌. ധന്യ

റേസിങ് കാറിൽ ചീറിപ്പാഞ്ഞുപോവുമ്പോൾ മിറ എർദയ്ക്ക് ഒമ്പതുവയസ്സാണ് പ്രായം. ഫോർമുല-4 കാറോട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി. ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ബി.എം.ഡബ്ല്യു. റേസർ... എൽ.ജി.ബി. റൂർക്കി ചാമ്പ്യൻഷിപ്പ്....
നൂറോളം കാറോട്ടമത്സരങ്ങളിൽ പങ്കെടുത്ത് ഇന്ത്യയ്ക്ക് അഭിമാനം സൃഷ്ടിച്ച ആറടിപ്പൊക്കക്കാരി. പതിനഞ്ചാമത്തെ വയസ്സിൽ ഫോർമുല 4 കാറോട്ടമത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയതാണീ മിടുക്കിയായ ‘സ്പീഡ് ലയണസ്’. മൂന്നുവർഷമായി ഫോർമുല 4 ൽ ചീറിപ്പായുന്ന റേസിങ് കാറുകളിലൊന്നിൽ മിറയുണ്ട്. ഗുജറാത്ത് സ്വദേശിനിയായ ഈ പ്ലസ്ടുകാരി കാർ റേസിങ് എന്ന തന്റെ പാഷനെക്കുറിച്ച് സന്തോഷം പങ്കുവെക്കുകയാണ്.

ലക്ഷ്യങ്ങളിലേക്ക് ചീറിപ്പാഞ്ഞ് മിറ

 മിറയുടെ അച്ഛൻ കിറിറ്റിന് ഗുജറാത്തിൽ ഗോകാർട്ടിങ് റേസിങ് ട്രാക്കുണ്ട്. മിന്നിപ്പാഞ്ഞ് പോകുന്ന റേസിങ് കാറുകളുടെ ഇരമ്പൽ കണ്ടും കേട്ടും വളർന്ന മിറ കാറോട്ടത്തിലേക്ക് കാലെടുത്തുവെച്ചതിൽ അടുപ്പമുള്ളവർ അത്ഭുതപ്പെടുന്നില്ല.
 റെക്കോഡുകൾ സൃഷ്ടിച്ച് കാറോട്ടം തുടരുന്ന മിറയിലവർ നല്ലൊരു റേസറെ കാണുന്നുണ്ട്. മിറയാവട്ടെ ആ ധാരണ ഉറപ്പിക്കുകയും ചെയ്തു. വളരേ ചെറുപ്പത്തിൽത്തന്നെ റേസിങ് ട്രാക്കിൽ അച്ഛന്റെയൊപ്പം കുഞ്ഞുമിറ പോയിത്തുടങ്ങിയിരുന്നു. റേസിങ്ങിനോടുള്ള കമ്പം തലപൊക്കിയപ്പോൾ കുഞ്ഞുമിറ കാറുകളുമായി കൂട്ടുകൂടാൻ തുടങ്ങി.
 അച്ഛൻ കിറിറ്റും മിറയുടെ ഇഷ്ടത്തോട് ചേർന്നുനിന്നു. കാർ റേസിങ് പഠിക്കണമെന്ന മിറയുടെ ആഗ്രഹത്തിനു മുമ്പിൽ കുഞ്ഞുമിറയ്ക്ക് അച്ഛൻ കിറിറ്റ് ഗുരുവായി. പ്രാഥമികപാഠങ്ങൾ അങ്ങനെ അച്ഛനിൽനിന്ന് സ്വായത്തമാക്കി. സ്വന്തം ഗോകാർട്ടിങ് റേസിങ് ട്രാക്കിൽ കാറിൽ അങ്ങനെ ചീറിപ്പാഞ്ഞു. പ്രഥമഗുരു അച്ഛനാണെങ്കിലും പ്രൊഫഷണലായി പരിശീലനം നേടിയെടുത്തു.


നേട്ടങ്ങളുടെ
നെറുകയിൽ

അന്തർദേശീയതലത്തിൽ ആദ്യമായി ട്രോഫി നേടുന്നത് 2012-ലെ യമഗ എസ്.എൽ. ഇന്റർനാഷണൽ ഓൾ സ്റ്റാർസ് കാർട്ടിങ്ങിലാണ്. അഞ്ചാം സ്ഥാനം ലഭിച്ചു. 2011-ൽ എം.എം.എസ്. ജെ.കെ. ടയർ റോട്ടക്സ് റൂക്കി കപ്പിൽ മൂന്നാം സ്ഥാനം നേടി. ജെ.കെ. ടയർ നാഷണൽ റോട്ടക്സ് മാക്സ് ചാമ്പ്യൻഷിപ്പ് 2011-ൽ അഞ്ചാംസ്ഥാനക്കാരിയായി. ഈവർഷംതന്നെ ബെസ്റ്റ് ഇംപ്രൂവ്ഡ് ഡ്രൈവർ ഓഫ് ദി ഇയർ ആയി. 2010-ൽ ബെസ്റ്റ് ന്യൂ അപ്കമിങ് ഡ്രൈവർ ഓഫ് ദി ഇയർ പട്ടം. ഈവർഷം മലേഷ്യയിൽനടന്ന പ്ലസ് യമഹ എസ്.എൽ. ഇന്റർനാഷണൽ ചലഞ്ചിൽ പങ്കെടുത്തു.


ഇനിയുമേറെ
നേടാനുണ്ട്

റേസിങ്ങിലിറങ്ങുമ്പോൾ ആ ഒമ്പതുവയസ്സുകാരിയിൽ ലക്ഷ്യങ്ങൾ ഒരുപാടായിരുന്നു. ‘എനിക്കു തെളിയിക്കണമായിരുന്നു എന്റെ വഴിയായിരുന്നു ശരിയെന്ന്. പിന്നിട്ട വഴികളിലും നേട്ടങ്ങളിലും താനെന്നും സംതൃപ്തയാണ്. നേട്ടങ്ങൾ ഇനിയുമേറെ നേടാനുണ്ട്. അതിനുള്ള കഠിനാധ്വാനത്തിലാണ്. ലക്ഷ്യങ്ങൾ നേടിയെടുക്കുകതന്നെ ചെയ്യും-’ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ പ്ലസ്ടുകാരി മിറ പറഞ്ഞു.
  കാർ റേസിങ് തന്റെ പാഷനാണ്. ഇതുവരെ 100 റേസുകളിലാണ് മിറ മിന്നിപ്പാഞ്ഞത്. ഗോ കാർട്ടിങ് റേസിൽ ആദ്യമായെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് മിറ.
 തനിക്കുശേഷം സ്നേഹശർമ എന്ന വനിത രണ്ടുവട്ടം ഗോകാർട്ടിങ്ങിൽ മത്സരിച്ചിരുന്നു. ഇപ്പോഴില്ലെന്ന് മിറ. അടുത്തത് അന്തർദേശീതലത്തിലേക്ക് മത്സരിക്കാനിറങ്ങുകയാണ് മിറ. ഈവർഷം ബി.എം.ഡബ്ല്യു. മത്സരങ്ങളിൽ പങ്കെടുക്കും.

ട്രാക്കുകളിലേക്ക് അമ്മയ്ക്കൊപ്പം
റേസിങ് ട്രാക്കുകളിലേക്ക് മിറയ്ക്കൊപ്പം വരുന്നത് അമ്മ നിമയാണ്. റേസിനിറങ്ങുമ്പോൾ മിറയെ 'ഗോ ഫാസ്റ്റ്' എന്നുപറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് അമ്മയാണ്. തനിക്ക് നന്നായി ഡ്രൈവ് ചെയ്യാനാവുമെന്ന് അമ്മയ്ക്ക് ഉറച്ച വിശ്വാസമുണ്ട്. തനിക്കത് പാലിക്കാനുമാവുന്നുണ്ട്. കുടുംബമായാലും കൂട്ടുകാരായാലും അധ്യാപകരായാലും നല്ല പിന്തുണയാണ്.
 ഗുജറാത്ത് ന്യൂ ഉർമി കൺസപ്റ്റ് സ്കൂളിൽ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർഥിയാണ് മിറയിപ്പോൾ. റേസിങ് ട്രാക്കുകളിൽ വെന്നിക്കൊടി പാറിച്ച മിറ സ്കൂളിലും താരമാണ്. പഠനത്തിനും കാർ റേസിലും തുല്യപ്രാധാന്യമാണ് നൽകുന്നത്. പഠനസമയത്ത് റേസിങ് മാറ്റിനിർത്തും. പഠനത്തിൽ 75 ശതമാനം മാർക്ക് വാങ്ങാറുണ്ടെന്ന് മിറ പറഞ്ഞു. ഇന്റീരിയർ ഡിസൈനറായ മൂത്ത സഹോദരൻ വ്രജേഷിനൊപ്പമാണ് മോട്ടോർ ഷോയിലെത്തിയത്. കാർ റേസിങ്ങിനായി പ്രത്യേകം ഡയറ്റൊന്നും പാലിക്കാറില്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുമെന്നുമാത്രം. മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അപകടങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് മിറ പറഞ്ഞു.


കേരളത്തിലേക്ക്
 മൂന്നാംവരവ്

കാറോട്ടമത്സരങ്ങളിൽവെച്ചാണ് റേസിങ് ചാമ്പ്യൻ ദിൽജിത്തിനെ പരിചയപ്പെടുന്നത്. ഫോർമുല റേസുകളിൽ പങ്കെടുത്തു തുടങ്ങിയ സൗഹൃദം. ദിൽജിത്തുമായുള്ള സൗഹൃദം രണ്ടുതവണ കേരളത്തിലെത്തിച്ചിട്ടുണ്ട് മിറയെ.
  ദിൽജിത്തിന്റെ വീട് സന്ദർശിക്കാനായിരുന്നു ആ സന്ദർശനങ്ങൾ. മൂന്നാമത്തെ സന്ദർശനം തേക്കിൻകാട് മൈതാനത്ത് ഗവ. എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം നടത്തുന്ന മോട്ടോർ ഷോയിലേക്ക്.
 ഫോർമുല കാറുകളിൽ മിന്നിപ്പായുന്ന മിറയിൽ കുട്ടിത്തം നിറഞ്ഞ പുഞ്ചിരി മാഞ്ഞിട്ടില്ല. വർഷങ്ങളുടെ കണക്കുകളെക്കുറിച്ച് ആലോചിച്ചും വിരലിലെണ്ണിയുമെല്ലാം പറഞ്ഞുതരുമ്പോൾ ചിരിയായിരുന്നു ആ മുഖത്ത്. വടക്കുന്നാഥക്ഷേത്രം ആദ്യമായി കണ്ടതിന്റെ അത്ഭുതവും മറച്ചുവെച്ചില്ല.