പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്ത് വീട്ടിക്കാട് ഗ്രാമത്തിൽ ലക്കിടി നായർവീട്ടിൽ ശ്രീകുമാരനുണ്ണിനായരുടെയും വടക്കഞ്ചേരിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ കണ്ണമ്പ്ര നായർവീട്ടിൽ കല്ല്യാണിക്കുട്ടി നേത്യാരിന്റെയും മകളായ നളിനിക്കുഞ്ഞിക്കാവിന്റെ ജീവിതാഭിലാഷം അറിയപ്പെടുന്ന നർത്തകിയും കോറിയോഗ്രാഫറും ആയിത്തീരണമെന്നായിരുന്നു.   ബാല്യത്തിലേ നൃത്തവും അല്പം മുതിർന്നപ്പോൾ കഥകളിയും അഭ്യസിച്ചത് ആ ലക്ഷ്യത്തോടെയായിരുന്നു. വയലിനിലും മൃദംഗത്തിലും പ്രാവീണ്യം നേടിയ രണ്ടനുജന്മാരും വീണാവാദനത്തിൽ തല്പരയായ അമ്മയുമുള്ള വീട് താളലയമുഖരിതമായിരുന്നു. മുംെെബ ഡോക്യുമെന്ററിക്കുവേണ്ടി ലവണാസുരവധം ചിത്രീകരിച്ചപ്പോൾ സീതയുടെ വേഷം കെട്ടി മഹാകവി വള്ളത്തോളിന്റെ മുന്നിൽ ആടുന്നതിനുള്ള ഭാഗ്യം കൗമാരത്തിൽ ലഭിക്കുകയുണ്ടായി. കോളേജിനെ പ്രതിനിധാനംചെയ്ത്‌ നൃത്തമത്സരങ്ങളിൽ സമ്മാനം നേടുകയും കോറിയോഗ്രാഫിയിൽ മികവു പ്രദർശിപ്പിക്കുകയും ചെയ്തു. പക്ഷേ, എന്തു കാര്യം? തൃശ്ശൂർ പട്ടണത്തിൽ വന്ന് സമീപനത്തിൽ മൗലികമായ വ്യത്യസ്തത പുലർത്തുന്ന ഒരു വിദ്യാലയത്തിന്റെ സ്രഷ്ടാവായിത്തീരുക എന്നതായിരുന്നു ജന്മനിയോഗം. ആ ഇച്ഛാഭംഗത്തിന്റെയും നിയോഗസാഫല്യത്തിന്റെയും കഥയാണ് തൃശ്ശൂർ ഹരിശ്രീ സ്‌കൂളിന്റെ സ്ഥാപക പ്രിൻസിപ്പലും ഇപ്പോൾ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ നളിനി ചന്ദ്രൻ എന്ന നളിനിടീച്ചറുടെ ചരിത്രം.
 റെയിൽവേയിൽ ഉന്നതോദ്യോഗസ്ഥനായ അച്ഛനോടൊത്ത് മദിരാശിയിലും മുംെെബയിലും മാറിമാറി താമസിച്ചാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുംബൈയിലെ എൽഫിൻസ്റ്റൺ കോളേജിൽനിന്നാണ് ഇംഗ്ലീഷും ഹിസ്റ്ററിയും മുഖ്യവിഷയങ്ങളായി ബിരുദമെടുത്തത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ അച്ഛനോടൊത്ത് റെയിൽവേ സലൂണിൽ യാത്രചെയ്ത് ഇന്ത്യ മുഴുവൻ കാണുന്നതിന് അവസരം ലഭിച്ചു. ബിർളാഹൗസിൽ ചെന്ന് ഗാന്ധിജിയെ മുഖാമുഖം കണ്ട സംഭവം ഇപ്പോഴും ഓർമ്മയിലുണ്ട്‌. ‘ഏറ്റവും മഹാനായ ഭാരതീയൻ ഇതാ ജീവനോടെ നിന്റെ മുന്നിൽ’ എന്ന് അച്ഛൻ ചെവിയിൽ മന്ത്രിക്കുകയുണ്ടായി. ഡൽഹിയിലായിരുന്നപ്പോൾ വിഭജനകാലത്തെ വർഗ്ഗീയലഹളയിൽനിന്ന് മുസ്‌ലിം മതവിശ്വാസിയായ ഡോബിയെ അടുക്കളയിൽ ഒളിപ്പിച്ച് കലാപകാരികളിൽനിന്ന് രക്ഷിച്ചതാണ് ഓർമ്മയിലുള്ള മറ്റൊരു സംഭവം. ഈ ജീവിതപശ്ചാത്തലത്തിൽനിന്നു ലഭിച്ച വിശാലവീക്ഷണവുമാണ് ബിരുദധാരിയായശേഷം നാട്ടിലെത്തിയപ്പോൾ അയൽപക്കത്തെ കുട്ടികളെയെല്ലാം ജാതിമതഭേദമില്ലാതെ സംഘടിപ്പിച്ച് വീട്ടിലിരുത്തി നൃത്തപരിശീലനം നൽകാൻ പ്രേരിപ്പിച്ചത്‌. എന്നാൽ ആർമിയിൽ ക്യാപ്‌റ്റനും ബാല്യകാല സുഹൃത്തുമായിരുന്ന ചന്ദ്രനെ വിവാഹം കഴിച്ച് നളിനി ചന്ദ്രനായി പൂണെയിലേക്ക് പോകേണ്ടിവന്നതോടെ, നൃത്തലഹരിയിൽ മുഴുകാൻ തുടങ്ങിയ ആ ജീവിതവേളയ്ക്ക് വിരാമമിടേണ്ടിവന്നു. സൈനികോദ്യോഗസ്ഥന്റെ ഭാര്യയായി പല നഗരങ്ങൾ താണ്ടി താമസിക്കേണ്ടിവന്നപ്പോൾ അധ്യാപനത്തിനുള്ള യോഗ്യത സമ്പാദിച്ച്, പോസ്റ്റിങ് ലഭിച്ച സ്ഥലങ്ങളിലെല്ലാം അധ്യാപനവൃത്തിയിലേർപ്പെടാൻ തുടങ്ങി. നർത്തകിയിൽനിന്ന് അധ്യാപികയിലേക്കുള്ള പരിണാമം അങ്ങനെയാണ് സംഭവിച്ചത്. എന്നാൽ സാമ്പ്രദായികമട്ടിലുള്ള അധ്യാപികയായി ഒതുങ്ങിക്കൂടാൻ തയ്യാറായില്ല. കുട്ടികളുടെ സർവതോമുഖമായ വികസനമായിരുന്നു ലക്ഷ്യം. അതിനായി പാഠ്യേതര-പാഠ്യാനുബന്ധ വിഷയങ്ങളിൽ വലിയ താല്പര്യം കാണിച്ചു.
  ചന്ദ്രൻ സൈന്യത്തിൽനിന്ന് പിരിയാൻ തീരുമാനിച്ച് സ്ഥിരതാമസത്തിനായി തൃശ്ശൂർ പട്ടണത്തിൽ കോട്ടപ്പുറത്ത് ചക്കാമുക്കിൽ നെടിയംവീട്ടുകാരുടെ കുടുംബവീടുവാങ്ങിയത് 1978-ലായിരുന്നു. സങ്കല്പത്തിലുള്ള ഒരു മാതൃകാവിദ്യാലയം സാംസ്‌കാരികതലസ്ഥാനത്ത് ആരംഭിക്കുക എന്നതായിരുന്നു നളിനിയുടെ സ്വപ്നം. അതിന്‌ പൂർണ പിന്തുണ നൽകി ഹരിശ്രീ എന്ന പേരു നിർദ്ദേശിച്ചത് ചന്ദ്രനായിരുന്നു. മുംബൈയിൽ പോസ്റ്റിങ് കിട്ടിപ്പോയ അദ്ദേഹത്തിന്റെ ആകസ്‌മികമായ നിര്യാണവാർത്തയാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. 14, 9, 6 വയസ്സുകാരായ മൂന്നു പെൺകുട്ടികളുടെ അമ്മയായ മുപ്പത്തൊമ്പതുകാരി വിധവ എന്ന നിരാലംബാവസ്ഥയായിരുന്നു അപ്പോളുണ്ടായത്. ഭർത്താവിന്റെകൂടി ആഗ്രഹപൂർത്തീകരണം എന്ന നിലയിൽ ആറു കുട്ടികളുമായി ആവർഷം തന്നെ സ്‌കൂൾ ആരംഭിച്ചു. സ്വയം സീനിയർ കേംബ്രിഡ്ജ് ഉത്‌പന്നമായിരുന്നതിനാൽ അതിന്റെ രൂപാന്തരമായ ഐ.സി.എസ്.ഇ./ഐ.എസ്.സി. പാഠ്യക്രമങ്ങളാണ് ഹരിശ്രീയിൽ സ്വീകരിച്ചത്. അധ്യയനമാധ്യമം ഇംഗ്ലീഷാണെങ്കിലും മാതൃഭാഷയായ മലയാളം കുട്ടികൾ പഠിച്ചിരിക്കണമെന്ന നിർബന്ധബുദ്ധിയോടുകൂടി സംസ്ഥാന പാഠ്യപദ്ധതിയിലെ മലയാളം പാഠാവലികളും അതതു ക്ലാസുകളിൽ പഠിപ്പിക്കാൻ തുടങ്ങി. രംഗനാഥസ്വാമിയാണ് സ്‌കൂളിന്റെ ആശീർവാദകർമ്മം നടത്തിയത്. കുട്ടികളുടെയും ക്ലാസുകളുടെയും എണ്ണം വർദ്ധിച്ചപ്പോൾ പൂങ്കുന്നത്തു വാങ്ങിയ മൂന്നേക്കർ സ്ഥലത്തേക്ക് ഒന്നാംക്ലാസുമുതലുള്ള വിഭാഗങ്ങൾ മാറ്റിസ്ഥാപിച്ചു. സ്‌കൂൾ ഭരണത്തിന് ട്രസ്റ്റും രൂപവത്‌കരിച്ചു. നൃത്ത-നടന-ഗീത- ആലേഖനാദി ലളിതകലകൾക്ക് പ്രാധാന്യം നൽകുന്ന, സർഗ്ഗാത്മക ശേഷികൾ വളർത്തുവാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന സ്ഥാപനമായി ഹരിശ്രീ വളർന്നു; കൂട്ടത്തിൽ നളിനി ചന്ദ്രൻ നളിനി മിസ്സായും നളിനിടീച്ചറായും നളിനിവല്ല്യമ്മയായും വളർന്നു. 
  തിരുവമ്പാടി ദേവസ്വം കുറ്റുമുക്കിൽ സാന്ദീപനി സ്‌കൂൾ ആരംഭിച്ചപ്പോഴും ശോഭാ അക്കാദമി വടക്കഞ്ചേരിയിൽ ബി.പി.എൽ. വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ സ്‌കൂൾ തുടങ്ങിയപ്പോഴും ഉപദേശ നിർദ്ദേശങ്ങൾ നൽകി, പ്രാരംഭ നടപടികൾ പൂർത്തിയാക്കി നല്ല തുടക്കംകുറിക്കുവാൻ നളിനിടീച്ചർ തന്നെ വേണ്ടിവന്നു. വായനയ്ക്ക് സ്വന്തം ജീവിതത്തിൽ വലിയ പ്രാധാന്യം കല്പിക്കുന്ന ടീച്ചർ പബ്ലിക് ലൈബ്രറി എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ അംഗമായിരുന്നു. നൃത്ത-സംഗീതാദികളുടെ പ്രോത്സാഹനാർത്ഥം പ്രവർത്തിക്കുന്ന താളം കൾച്ചറൽ സൊസൈറ്റിയുടെ ഭാരവാഹിത്വവും പേറേണ്ടിവന്നിട്ടുണ്ട്. രാവിലെമുതൽ വൈകിട്ടുവരെ ഹരിശ്രീയുടെ കെ.ജി. വിഭാഗം ഇപ്പോഴും ടീച്ചറുടെ വസതിയിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. നാലുമണിക്കുശേഷമാകട്ടെ, കളികൾക്കും വ്യായാമത്തിനും വിനോദങ്ങൾക്കുമായി സമീപത്തെ യുവതീയുവാക്കൾക്ക് സംഗമിക്കുന്നതിനുള്ള കേന്ദ്രമായി അത് പരിണമിക്കുന്നു.  
 എൺപതു വയസ്സിന്റെ യൗവനവുമായി, വർഷങ്ങളായി സഹായിയായി കൂടെക്കൂട്ടിയിട്ടുള്ള ഭാനുമതിയുടെകൂടെ, പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ ശക്തിപകരുന്ന ഇഷ്ടദൈവം ഹനുമാന്റെ അദൃശ്യസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ആ വീട്ടിൽ സമൂഹത്തിന് പരഭാഗ ശോഭനൽകുന്ന നളിനിചന്ദ്രന്റെ ധന്യജീവിതം തുടരുന്നു.....

നളിനി ചന്ദ്രന്റെ
ഫോൺ: 0487- 2382684