ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ അടർന്നുവീണ എ.സി. ശരിയാക്കിയില്ല. പത്ത് ദിവസം മുൻപായിരുന്നു ബി തിയേറ്ററിലെ പ്രധാന എ.സി. തകരാറിലായി നിലംപൊത്തിയത്. പൊതുമരാമത്ത് വകുപ്പാണ് എ.സി.യുടെ തകരാർ പരിഹരിക്കേണ്ടത്. 
എ.സി. അടർന്നുവീണ ഉടനെ മെഡിക്കൽ കോളേജ് അധികൃതർ വിവരം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ പത്ത് ദിവസം പിന്നിട്ടിട്ടും എ.സി. ശരിയാക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. ഇത്‌ ശരിയാക്കുന്നതിനാവശ്യമായ ഫണ്ടില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ ഇപ്പോൾ പറയുന്നത്.
എ.സി. തകരാറിലായത് ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. എ.സി. തകർന്നിടത്ത് വെള്ളം പൊട്ടിയൊലിക്കുകയാണ്. തിയേറ്ററിനുള്ളിൽ വെള്ളം ഒഴുകാതിരിക്കാൻ ബക്കറ്റ് ഉപയോഗിച്ച് വെള്ളം ശേഖരിക്കുകയാണ്.