കോടന്നൂർ കോൾപ്പാടത്തിന്റെ മരതകഭംഗിയിൽനിന്ന്‌ പടിപ്പുര വഴി കടന്നാൽ ‘മാധവം’ എന്ന മനോഹരമായ നാലുകെട്ട്‌ കാണാം. ചെങ്കല്ലിന്റെ ചാരുതയിൽ മനംമയക്കുന്ന ആ നാലുകെട്ട്‌ കുറച്ചുനാളായി ‘മൂഴിക്കുളം മഠം’ ആണ്‌. കൂടിയാട്ടകലാകാരൻ കലാമണ്ഡലം ശിവൻനമ്പൂതിരി വേഷപ്പകർച്ചയിലൂടെ ‘പരമേശ്വര ചാക്യാർ’ ആയി ജീവിക്കുന്നു. ചാക്യാരുടെ കീഴിൽ കൂടിയാട്ടം പഠിക്കാൻ പഞ്ചാബിൽനിന്നെത്തിയ നർത്തകിയായ ‘വസുധ’യായി വാണി വസിഷ്ഠ്‌ എന്ന ബോളിവുഡ്‌ നടിയും. സംസ്കൃതം സംസാരിക്കുന്ന സിനിമ പുതുമയല്ലെങ്കിലും ഏറെ പുതുമകളുള്ള ചിത്രം ചരിത്രവും ശ്രദ്ധേയവുമാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ‘അനുരക്തി’യുടെ അണിയറപ്രവർത്തകർ. ത്രിമാന വിസ്മയത്തിലൂടെ കൂടിയാട്ടത്തെയും ആകർഷകമാക്കുന്ന സിനിമ ഒന്നര മണിക്കൂർ നീളുന്നതാണ്‌.

കഥയിങ്ങനെ
പഞ്ചാബിൽനിന്നെത്തിയ വസുധയെന്ന നർത്തകി ഗുരുകുലസമ്പ്രദായ പ്രകാരം പരമേശ്വരച്ചാക്യാരുടെ വീട്ടിൽ താമസിച്ച്‌ കൂടിയാട്ടം പഠിക്കുന്നു. ഇതിനിടെ ചാക്യാരുടെ മകനുമായി പ്രണയത്തിലാകുന്നു. ഗുരുവും ശിഷ്യയുമായുള്ള ബന്ധത്തെ ഒരു സന്ദർഭത്തിൽ മകൻ തെറ്റിദ്ധരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ‘അനുരക്തി’യിൽ. ഒരു കൂടിയാട്ടകലാകാരൻ നേരിടേണ്ടിവരുന്ന ആത്മസംഘർഷങ്ങളെ തന്റെ ഭാവവൈഭവംകൊണ്ട്‌ ജീവസ്സുറ്റതാക്കാനുള്ള കലാമണ്ഡലം ശിവൻനമ്പൂതിരിയുടെ പ്രയത്നത്തെ സഹകലാകാരന്മാർ അഭിനന്ദിക്കുന്നു.

ലൈവ്‌ സാൻസ്‌ക്രീറ്റ്‌
ലൈവ്‌ സാൻസ്‌ക്രീറ്റ്‌ എന്ന കൂട്ടായ്മയിലെ ഒമ്പതുപേർ ചേർന്നാണ്‌ തിരക്കഥയെ സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌. മച്ചാട്‌ സ്വദേശിയായ സനൽ ആണ്‌ കഥയും തിരക്കഥയും. സംസ്കൃതം പകർന്നുനൽകാൻ വിവിധ ജില്ലകളിലെ ഒമ്പത്‌ അധ്യാപകർ ചേർന്ന്‌ രൂപംകൊടുത്ത കൂട്ടായ്മയാണ്‌ ‘ലൈവ്‌ സാൻസ്‌ക്രീറ്റ്‌’. അഞ്ച്‌ ഹ്രസ്വചിത്രമടക്കം വിവിധ സൃഷ്ടിക്കൾക്കായി ഈ കൂട്ടായ്മ പ്രവർത്തിച്ചിട്ടുണ്ട്‌. ഡോ. മഹേഷ്‌ ബാബു, ആർ. നന്ദകുമാർ, എം.ബി. ലിബി, സി.ബി. വിനായക്‌, ഡോ. അഭിലാഷ്‌, കെ.എസ്‌. സന്ദീപ്‌, എം.ഡി. ദിലീപ്‌, പി.പി. രാജേഷ്‌, ഇ.എ. സിജോയ്‌ എന്നിവരാണ്‌ കൂട്ടായ്മയിലെ അംഗങ്ങൾ.

ത്രിമാന ക്യാമറയുമായി അൻമോൾ
മുംബൈക്കാരനായ എം. അൻമോൾ ആണ്‌ ത്രിമാന ഛായാഗ്രഹണം നിർവഹിക്കുന്നത്‌. ഡൽഹി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം രണ്ട്‌ ഇംഗ്ലീഷ്‌ സിനിമകൾക്ക്‌ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്‌.

അണിയറപ്രവർത്തകർ
പി.കെ. അശോകാണ്‌ സംവിധായകൻ. പി.കെ. അശോക്‌, പി.കെ. വിജിത്ത്‌ എന്നിവർ നിർമാതാക്കൾ. പി. മുരളീധരന്റെ വരികൾ സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തി ജോയ്‌ ചെറുവത്തൂർ സംഗീതം നൽകിയ ഒരു പ്രണയഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. നിർമാതാക്കളിൽ ഒരാളായ പി.കെ. വിജിത്താണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ആദ്യ സംസ്കൃത സിനിമാഗാനം എന്ന സവിശേഷത ഇതിനുണ്ട്‌. ദ്വിമാന ഛായാഗ്രഹണം (ശശി രാമകൃഷ്ണൻ), നിശ്ചല ഛായാഗ്രഹണം (രതീഷ്‌ കർമ), സഹസംവിധാനം (ഹരി തൃത്തല്ലൂർ), ചമയം (പി.വി. ശങ്കർ), വസ്ത്രാലങ്കാരം (സുരേഷ്‌ ഫിറ്റ്‌വെൽ), കല (മഹേഷ്‌ ശ്രീധർ) എന്നിവരും പ്രവർത്തിക്കുന്നു.

തിയേറ്റർ ആർട്ടിസ്റ്റുകൾ
സിനിമ, നാടകം, ഹ്രസ്വചിത്രം എന്നിവയിൽ ശ്രദ്ധേയരായ കലാകാരന്മാരാണ്‌ ഇതിലെ മറ്റ്‌ അഭിനേതാക്കൾ. ചിത്രീകരണം നടക്കുന്ന ‘മാധവം’ നാലുകെട്ടിന്റെ ഉടമയും നാടകപ്രവർത്തകനുമായ സഞ്ജു മാധവ്‌ ‘മൂഴിക്കുളം മഠ’ത്തിന്റെ കാര്യസ്ഥനും ചാക്യാരുടെ ഏറ്റവും വേണ്ടപ്പെട്ട ഒരാളുമായി വേഷമിടുന്നു. സഞ്ജുവിന്റെ മകൻ ആദിത്യയും ഒരു വേഷം ചെയ്യുന്നുണ്ട്‌. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള പദ്‌മിനിയാണ്‌ ചാക്യാരുടെ ഭാര്യ നന്ദിനിയായി അഭിനയിക്കുന്നത്‌. ചാക്യാരുടെ മകനായി അഭിനയിക്കുന്നത്‌ മിനി സ്‌ക്രീനിൽ സുപരിചിതനായ ശ്രീഹരി ആറ്റൂർ ആണ്‌. രാമചന്ദ്രൻ എന്ന കലാകാരനും പ്രധാനവേഷങ്ങളിൽ ഒന്ന്‌ ചെയ്യുന്നു.