തൃശ്ശൂര്‍: അറിവിന്റെ അക്ഷരലോകത്തേയ്ക്ക് ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകളില്‍ 'ഹരിശ്രീ ഗണപതയേ നമ: എന്ന് കുട്ടികള്‍ അരിയിലെഴുതി.
തിരുവുള്ളക്കാവില്‍ഒമ്പതിനായിരത്തിലധികം കുരുന്നുകള്‍
ചേര്‍പ്പ്: തിരുവുള്ളക്കാവ് ധര്‍മശാസ്താക്ഷേത്രത്തില്‍ വിജയദശമി നാളില്‍ മാത്രം ഒമ്പതിനായിരത്തിലധികം കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. പുലര്‍ച്ചെ തന്നെ നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ഒമ്പതു മണിക്ക് ശേഷം വന്‍തിരക്ക് ഉണ്ടായി. ഒന്നരയ്ക്ക് നടയടച്ച ശേഷവും നിരവധി ഭക്തര്‍ കാത്തുനിന്നു. ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴും തിരക്കുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ ഭക്തരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ദേവസ്വം സെക്രട്ടറി എ.എ. കുമാരന്‍ പറഞ്ഞു. വൈകീട്ട് വരെ എഴുത്തിനിരുത്തല്‍ തുടര്‍ന്നു. തിരുവുള്ളക്കാവ് വാര്യത്തെ 46 പേര്‍ ആചാര്യന്മാരായി. അപ്പം, പായസം, തിരുമധുരം, കദളിപ്പഴം, പ്രസാദം എന്നിവ കുട്ടികള്‍ക്ക് നല്‍കി. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ തായമ്പകയും ഉണ്ടായി.
കണ്ണനു മുന്നില്‍ 400 കുരുന്നുകള്‍
ഗുരുവായൂര്‍: വിജയദശമി നാളില്‍ ഗുരുവായൂരപ്പസന്നിധിയില്‍ 400 കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രത്തില്‍ രാവിലെ ശീവേലിക്കും കൂത്തമ്പലത്തില്‍ സരസ്വതീപൂജയ്ക്കും ശേഷമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് വേദിയിലെ വിളക്കിലേക്ക് അഗ്‌നിപകര്‍ന്നതോടെ കുട്ടികളെ എഴുത്തിനിരുത്താന്‍ തുടങ്ങി. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ പ്രതിനിധികള്‍ കുരുന്നുകളുടെ നാവില്‍ തീര്‍ത്ഥം നല്‍കി സ്വര്‍ണംകൊണ്ട് ആദ്യക്ഷരം കുറിച്ചു. ഉണക്കലരിയില്‍ ഹരിശ്രീ എഴുതിപ്പിച്ചു. കുട്ടികള്‍ക്ക് പ്രസാദമായി പട്ടും പഴവും പഞ്ചസാരയും നല്‍കി. ദേവസ്വം ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ശങ്കുണ്ണിരാജ്, മാനേജര്‍മാരായ പ്രകാശ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.