മലക്കപ്പാറ: വാല്‍പ്പാറ മേഖലയില്‍ കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. നല്ലമുടി, തായ്മുടി, കല്യാണപ്പന്തല്‍, ഗജമുടി മേഖലകളില്‍ നാശനഷ്ടങ്ങളുണ്ടാക്കി. നാല് കൂട്ടങ്ങളായി വലുതും ചെറുതുമായ മുപ്പതോളം ആനകള്‍ ഈ പ്രദേശങ്ങളിലുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഏതുനിമിഷവും കാട്ടാനകള്‍ എത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. പലയിടത്തും ആളുകള്‍ ഉറങ്ങാതെ കാവലിരിക്കുകയാണ്. ആനകളെ ഓടിച്ച് കാടുകയറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ജനവാസമേഖലയില്‍നിന്ന് പോകുന്നില്ല. കാട്ടാനകള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ തൊഴിലാളികള്‍ പണിക്കിറങ്ങാനും ഭയക്കുകയാണ്.

ബുധനാഴ്ച രാത്രിയില്‍ നല്ലമുടി മൂന്നാംഡിവിഷനിലിറങ്ങിയ ആനകള്‍ സ്ത്രീകള്‍ നടത്തുന്ന റേഷന്‍കടയും എസ്റ്റേറ്റ് സ്റ്റോര്‍ റൂമും തകര്‍ത്തു. തായ്മുടി എസ്റ്റേറ്റില്‍ ചിന്നദുരൈ എന്നയാളുടെ വീടിന്റെ ചുമര്‍ പൊളിച്ചു. ഷോളയാര്‍ ഡാമിന് സമീപമുള്ള കല്യാണപ്പന്തല്‍ ഭാഗത്തിറങ്ങിയ ആനകള്‍ ഗണേശന്‍, ധര്‍മലിംഗം, രാജന്‍ എന്നിവരുടെ വീടുകളുടെ വാതിലും ജനലും തൊട്ടടുത്തുള്ള പലചരക്കുകടയും തകര്‍ത്തു.