തൃശ്ശൂര്‍: ഉള്‍ക്കണ്ണുകൊണ്ട് വിജയവഴി വെട്ടിത്തെളിച്ച മൂന്നുപേര്‍ ഒത്തുചേര്‍ന്നപ്പോള്‍ അവര്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നത് വെളിച്ചം. അന്ധതയുടെ പരിമിതികള്‍ക്കിടയിലും തന്റേതായ ഇടം കണ്ടെത്തിയ ഗായിക വൈക്കം വിജയലക്ഷ്മിയും അന്ധതയെ തോല്‍പ്പിച്ച് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ രണ്ട് പെണ്‍കുട്ടികളുമാണ് വേദിയില്‍ ഒന്നിച്ചത്.

അന്ധത പഠിപ്പിന് ബാധ്യതയല്ലെന്ന് തെളിയിക്കുകയായിരുന്നു സായുജ്യ സന്തോഷും ഹീര ശിവദാസും. ഉന്നതവിജയം കൈവരിച്ച ഇരുവരെയും അനുമോദിക്കാന്‍ രാജീവ്ഗാന്ധി പഠനകേന്ദ്രം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഒത്തുചേരല്‍.

കൊടകര സഹൃദയ കോളേജില്‍ ബി.എ. മലയാളം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഹീരയ്ക്ക് ഏഴാംവയസ്സില്‍ കണ്ണിലെ !ഞരമ്പുകള്‍ക്ക് തളര്‍ച്ച നേരിട്ടപ്പോള്‍ നഷ്ടമായത് കാഴ്ചയുടെ ലോകം. പുത്തൂരിലെ ഓട്ടോഡ്രൈവറായ വലിയപറമ്പില്‍ ശിവദാസന്‍-സുനജ ദമ്പതിമാരുടെ മകളാണ് ഹീര.

ഏറെ ചികിത്സ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് കുന്നംകുളം അന്ധവിദ്യാലയത്തില്‍നിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍നിന്ന് പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഹീര മുന്നിലെ ഇരുട്ടിനോട് പൊരുതിയത്.

ജന്മനാ കാഴ്ചയില്ലാത്ത സായുജ്യ പത്താംക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിമ്പ്രത്ത് താമസിക്കുന്ന സന്തോഷ്-നിധി ദമ്പതിമാരുടെ മകളായ സായുജ്യ, എം.എ. ഇംഗ്ലീഷ് സാഹിത്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരിക്കുകയാണ്. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്.

വിദ്യാഭ്യാസത്തിന് പുറമേ കലാപരമായും ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹീരയുടെ കവിതാസമാഹാരം 'മിഴിനീര്‍പ്പൂക്കള്‍' രണ്ടുവര്‍ഷം മുമ്പാണ് പ്രകാശനം ചെയ്തത്.

പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തില്‍ എന്നും വിജയം കൈവരിക്കണമെന്ന, ഗായിക വൈക്കം വിജയലക്ഷ്മിയുടെ വാക്കുകള്‍ ഇവര്‍ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. അധ്യാപികമാരാകാനാണ് ഇരുവരുടെയും ആഗ്രഹം.

വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ രാജീവ്ഗാന്ധി പഠനകേന്ദ്രം ചെയര്‍മാന്‍ ജോസ് വള്ളൂര്‍ അധ്യക്ഷനായി. ജെയ്ജു സെബാസ്റ്റ്യന്‍, ആന്റോ അഗസ്റ്റിന്‍, എല്‍ദോ തോമസ്, ടി. ഗോപാലകൃഷ്ണന്‍, പി.കെ. ശ്രീനിവാസന്‍, കെ.എഫ്. ഡൊമനിക്, ബിന്ദു സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.