വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിലെ ഒളാട്ട് കാളിക്കുട്ടിയും മക്കളും തിങ്കളാഴ്ച അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറും. കുടിലില്‍നിന്ന് വീട്ടിലേക്കുള്ള മാറ്റം സാധ്യമാക്കിയത് അര്‍പ്പണ സേവന സമിതി പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധമാണ്.
 
തിങ്കളാഴ്ച 11.30-ന് മുന്‍ സ്​പീക്കര്‍ വി.എം. സുധീരനില്‍നിന്ന് കാളിക്കുട്ടി വീടിന്റെ താക്കോല്‍ സ്വീകരിക്കുമ്പോള്‍ ദേശമാകെ നന്മയുടെ വിശുദ്ധി പടരും. മുന്‍ എം.എല്‍.എ. ടി.എന്‍. പ്രതാപന്‍ ചടങ്ങില്‍ പങ്കെടുക്കും.

നിരാലംബയായ കാളിക്കുട്ടിയുടേയും മൂന്ന് പെണ്‍മക്കളുടേയും സംരക്ഷണം കൂടി അര്‍പ്പണ ഏറ്റെടുത്തിട്ടുണ്ട്. അര്‍പ്പണ വാങ്ങിയ നാല് സെന്റ് സ്ഥലത്താണ് ഒമ്പത് ലക്ഷം രൂപ ചെലവിട്ട് 800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മിച്ചത്. പന്ത്രണ്ടാം വാര്‍ഡില്‍ ഒളാട്ട് പരേതനായ ശങ്കുരുവിന്റെ ഭാര്യയാണ് കാളിക്കുട്ടി.