കുന്നംകുളം: സംസ്ഥാനപാതയിലെ പാറേമ്പാടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയാക്കിയത് പരാതികള്‍ അവഗണിച്ചതിനാലാണെന്ന് നാട്ടുകാര്‍. ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങളുണ്ടായിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും പരാതിയുണ്ട്. റോഡ് തകര്‍ന്ന ഭാഗത്ത് വാഴ നട്ടും റീത്ത് വെച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു.

തൃത്താലയില്‍നിന്നുള്ള ജലവിതരണ പൈപ്പ് പൊട്ടിയപ്പോള്‍ അറ്റകുറ്റപ്പണിക്കായാണ് മേയില്‍ ഇവിടെ റോഡ് പൊളിച്ചത്.

ഏഴടിയോളം നീളത്തില്‍ പൊളിച്ച സ്ഥലത്ത് മണ്ണിട്ട് കരാറുകാര്‍ പോകുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പിന്നീട് കോണ്‍ക്രീറ്റിട്ട് കുഴിയടച്ചത്. ശക്തമായ മഴയില്‍ കോണ്‍ക്രീറ്റിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുപോയി. റോഡിന് നടുവില്‍ കുഴിയുമായി. അക്കിക്കാവില്‍നിന്ന് തകര്‍ച്ചയില്ലാത്ത റോഡിലൂടെയെത്തുമ്പോള്‍ ഈ ഭാഗത്ത് കുഴികളുണ്ടെന്ന് ആരും പ്രതീക്ഷിക്കില്ല. രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ അടുത്തെത്തുമ്പോഴാണ് കുഴി കാണുക. കുഴിയില്‍പ്പെടാതിരിക്കാന്‍ വെട്ടിക്കുന്നതോടെ, എതിരേ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാന്‍ സാധ്യതകളേറെയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ദൂരെനിന്നുള്ള യാത്രക്കാര്‍ക്കാണ് പലപ്പോഴും പരിക്കേല്‍ക്കുന്നത്. കഴിഞ്ഞദിവസം രാത്രി കെ.എസ്.ആര്‍.ടി.സി. ബസ് ലോറിയില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. ബൈക്കില്‍നിന്ന് തെന്നിവീണുണ്ടാകുന്ന അപകടങ്ങളും പതിവാണ്. നാട്ടുകാര്‍ മണ്ണിട്ട് കുഴി മൂടിയിരുന്നെങ്കിലും മഴപെയ്താല്‍ കുഴി വീണ്ടും തുറക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊതുമരാമത്ത് റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ തുടര്‍ന്നതോടെ പോലീസും നഗരസഭാ അധികൃതരും കുഴി അടയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്: മേയ് മുതല്‍ ടാറിന് ക്ഷാമം നേരിട്ടതാണ്. ഇതുവരെയും പരിഹരിക്കാനായിട്ടില്ല. കരാറുകാരുടെ ബില്ലുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. അതിനാല്‍ ചെറിയ പണികള്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല. അനുമതിയുമായെത്തി റോഡ് പൊളിക്കുന്നവര്‍ പുനര്‍നിര്‍മാണം കൃത്യമായി നടത്താറില്ല. അറ്റകുറ്റപ്പണി നടത്താന്‍ മഴയും തടസ്സമായി. പാറേമ്പാടത്ത് റോഡ് പൊളിച്ചത് ജലവിതരണവകുപ്പിന്റെ കരാറുകാരാണ്. നാല് പാളികളായാണ് ഇവിടെ റോഡ് നിര്‍മിച്ചിരുന്നത്. ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതോടെ ഇതെല്ലാം ഇല്ലാതായി. റോഡ് ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ മഴയ്ക്കുമുമ്പ് സമയം ലഭിച്ചിരുന്നില്ല. അപകടമുണ്ടാക്കുന്ന കുഴികള്‍ അടുത്തദിവസം നികത്തും